
താന്‍ വിഷാദരോഗത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് മടിയില്ലാതെ തുറന്നു പറയുകയാണ് മലയാളികളുടെ പ്രിയഗായിക സിത്താര കൃഷ്ണകുമര്‍. ‘മാസ്റ്റേഴ്‌സ് ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന സമയം. ചിന്തിക്കാന്‍ ഏറെ സമയവുമുണ്ട്. കൂട്ടുകാരെല്ലാം അവരുടേതായ മേഖലയില്‍ കഴിവു തെളിയിക്കുന്നു. അവര്‍ പണമുണ്ടാക്കുന്നു. എനിക്കാണെങ്കില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. സംഗീതമല്ലാതെ മറ്റൊരു ജോലിയെക്കുറിച്ചും എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല.
കൂട്ടുകാരൊക്കെ ജോലിചെയ്യുന്നതും പണം സമ്പാദിക്കുന്നതുമൊക്കെ കാണുമ്പോള്‍ നമ്മളെ സമൂഹം കഴിവുകെട്ടവളായി കാണുമോ എന്ന ചിന്തയൊക്കെ എന്‍റെയുളളില്‍ ഉണ്ടായി'. വിഷാദ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് തുറന്നുപറഞ്ഞ് ഗായികയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍. മനോരമ ന്യൂസിന്‍റെ ഒരു പരിപാടിയിലാണ് ഗായിക തന്‍റെ അനുഭവം പങ്കുവെച്ചത്.
എനിക്ക് എന്തോ മാറ്റമുണ്ടാകുന്നതായി എനിക്ക് അറിയാമായിരുന്നു. എനിക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ലായിരുന്നു. ചിന്ത കൂടിയപ്പോള്‍ ഭക്ഷണമൊക്കെ വേണ്ടാതെയായി. ശരീരഭാരം കുറഞ്ഞുവന്നു. എപ്പോഴും നഖം കടിക്കുന്ന ശീലമുണ്ടായി. എന്റെ സ്വഭാവത്തിലെ മാറ്റം കുടുംബം തിരിച്ചറിഞ്ഞിരുന്നു. എന്റെ ഭര്‍ത്താവ് ഡോക്ടറാണ്. പക്ഷേ അദ്ദേഹം നേരിട്ട് എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചില്ല.
ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാനെന്ന പോലെ അദ്ദേഹത്തിന്റെ പ്രൊഫസറുടെ അടുത്ത് കൊണ്ടുപോയി. അദ്ദേഹമാണ് പറഞ്ഞുതന്നത് എനിക്ക് വരുന്ന മാറ്റം ഡിപ്രഷനിലേക്കുള്ള ആദ്യ പടിയാണെന്ന്. പ്രൊഫസര്‍ പറയുന്നത് കേട്ടപ്പോഴാണ് എനിക്കും അതിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്. തുടര്‍ന്ന് ഞാന്‍ അതിനെ മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam