പുരുഷബീജം ഉപയോഗിച്ച് ഒരുദിവസംകൊണ്ട് ഗര്‍ഭാശയ ക്യാൻസര്‍ ചികിൽസിക്കാം!

By Web DeskFirst Published Dec 25, 2017, 7:33 PM IST
Highlights

ഗര്‍ഭാശയക്യാൻസര്‍ ചികിൽസയുമായി ബന്ധപ്പെട്ട് വൈദ്യശാസ്‌ത്രരംഗത്തെ പുതിയ പരീക്ഷണം ഏറെ ചര്‍ച്ചയാകുകയാണ്. പുരുഷബീജം ഉപയോഗിച്ച് ഒരു ദിവസംകൊണ്ട് ഗര്‍ഭാശയക്യാൻസറിനെ മൂടോടെ പിഴുതെറിയാമെന്നാണ് ജര്‍മ്മനിയിൽനിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. പുരുഷബീജത്തിന്റെ തെന്നിമാറി വേഗം സഞ്ചരിക്കുന്നതിനുള്ള കഴിവ് അടിസ്ഥാനമാക്കിയാണ് കീമോതെറാപ്പിക്കുള്ള മരുന്ന്, ഇതിലൂടെ കടത്തിവിടുന്നത്. ലീബ്നിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോളിഡ് സ്റ്റേറ്റ് ആൻഡ് മെറ്റീരിയൽസ് റിസര്‍ച്ചിലെ ഗവേഷകരാണ് ഏറെ പ്രതീക്ഷ പകരുന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്.

സാധാരണഗതിയിൽ കീമോതെറാപ്പിക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഡോക്സോറുബിസിൻ എന്ന ക്യാൻസര്‍ മരുന്ന്, പുരുഷബീജകവചത്തിനുള്ളിലാക്കി, കാന്തികശക്തിയുള്ള വളരെ ചെറിയ ഉപകരണത്തിലൂടെ ഗര്‍ഭാശയത്തിലേക്ക് കടത്തിവിടുന്നു. ഇത് വളരെ ഫലപ്രദമായി ക്യാൻസര്‍ കോശങ്ങളെയെല്ലാം വളരെ വേഗം നശിപ്പിക്കുന്നു. ഒരുദിവസംകൊണ്ടുതന്നെ ക്യാൻസര്‍ പൂര്‍ണമായും ഭേദമാക്കാനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

കൃതൃമമായി സൃഷ‍്‍ടിച്ച കാന്‍സര്‍ ബാധിച്ച ഗര്‍ഭാശയത്തിലേക്ക് ഒരു കാളയുടെ ബീജത്തിലൂടെ മരുന്ന് കടത്തിവിടുകയായിരുന്നു. ബീജത്തിനകത്തേക്ക് മരുന്ന് കടത്തിവിട്ട്, ബീജം കാന്തിക കവചത്തിന് അകത്താക്കി ഒരു കാന്തിക മണ്ഡലം ഉപയോഗിച്ചാണ് ബീജത്തെ ലബോറട്ടറിൽ കൃത്രിമമായി വികസിപ്പിച്ച കാൻസർ കോശത്തിലേക്ക് കടത്തി വിട്ടത്. കോശത്തിനകത്തേക്ക് അതിവേഗം പ്രവേശിച്ച ബീജം അതിനകത്തെ മരുന്ന് പുറത്തുവിടുകയും മരുന്ന് കാൻസർ കോശത്തെ നശിപ്പിക്കുകയും ചെയ്തു.

പിന്നീട് മനുഷ്യനിൽ നടത്തിയ പ്രാഥമിക പരീക്ഷണവും വിജയമായിരുന്നു. ഇനി കൂടുതൽ പേരിൽ പരീക്ഷണം നടത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഗര്‍ഭാശയ ക്യാൻസര്‍ ക്രമാതീതമായി കൂടിവരുന്ന ഇക്കാലത്ത് പുതിയ കണ്ടുപിടിത്തം ഫലപ്രാപ്‌തിയിലെത്തിയാൽ ആയിരണക്കിന് ആളുകള്‍ക്ക് ആശ്വാസമായി മാറുമെന്നാണ് കരുതുന്നത്.

click me!