
ശസ്ത്രക്രിയക്ക് ശേഷം മുറിവുകൾ ഒട്ടിച്ചുചേർക്കുന്ന പശ വികസിപ്പിച്ചെടുത്തു. നിലവിൽ തുന്നിക്കെട്ടുന്നതും സ്റ്റേപ്പിൾ ചെയ്യുകയും ചെയ്യുന്ന രീതിക്ക് പകരമാണ് ആസ്ട്രേലിയൻ ശാസ്ത്രജ്ഞർ പശ വികസിപ്പിച്ചത്. മിനിറ്റുകൾക്കകം മുറിവ് കൂടിച്ചേരുന്ന രീതിയിലാണ് പശയുടെ പ്രവർത്തനം. സിഡ്നി സർവകലാശാലയിലെയും അമേരിക്കയിലെയും ബയോമെഡിക്കൽ രംഗത്തെ വിദഗ്ദരാണ് മെട്രോ എന്ന പേരിൽ സർജിക്കൽ പശ വികസിപ്പിച്ചത്.
മെട്രോയുടെ ഉയർന്ന ഇലാസ്തിക സ്വഭാവം മുറിവ് ഉണക്കുന്നതിനും ആവശ്യാനുസരണം വീണ്ടും തുറക്കുന്നതിനും സഹായകമാണെന്നാണ് വിദഗ്ദ സംഘം പറയുന്നത്. ശരീരത്തിലെ ആന്തരിക മുറിവുകളിലും ഇതുപയോഗിക്കാനാകും. അൾട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെയാണ് പശ ശരീരത്തിൽ ഉപയോഗിക്കുക. പശ ഉപയോഗിച്ച് 60 സെക്കന്‍റ് കൊണ്ട് മുറിവ് കൂടിച്ചേരും. മുറിവ് ഉണങ്ങാൻ സഹായിക്കുന്ന എൻസൈമുകളിൽ ഭ്രംശം വരുത്തിയാണ് പശ പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുന്നത്.
ദ്രവ/ ജെൽ രൂപത്തിലുള്ള പശ പെട്ടെന്ന് കൂടിച്ചേരാൻ സഹായിക്കും. ഹൃദയപേശികളിലും ശ്വാസകോശത്തിലും ശസ്ത്രക്രിയക്ക് വേണ്ടിയുണ്ടാക്കുന്ന മുറിവുകൾ തുന്നലോ സ്റ്റേപ്പിളോ കൂടാതെ കൂടിച്ചേരാനും ഇവ സഹായിക്കുന്നു. ഗവേഷണ ഫലം സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിഡ്നി സർവകലാശാല, ബോസ്റ്റൺ നോർത്ത് ഇൗസ്റ്റേൺ സർവകലാശാല എന്നിവിടങ്ങളിലെ ബയോമെഡിക്കൽ വിദഗ്ദരാണ് ഹാർവാർഡ് സർവകലാശാലയുടെ സഹായത്തോടെ ഇൗ നേട്ടത്തിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam