വിവാഹജീവിതവും വ്യായാമവും തമ്മില്‍ ബന്ധമുണ്ടോ?

By Web TeamFirst Published Dec 8, 2018, 6:08 PM IST
Highlights

വ്യായാമം ഏത് പ്രായത്തിലുള്ളവർക്കും അവരുടെ ആരോഗ്യം അനുസരിച്ച് ചെയ്യാവുന്നതേയുള്ളൂ. എന്നാൽ ഇതിന് പിന്നിലും ചില സാമൂഹിക- വൈകാരിക ഘടകങ്ങളുണ്ടെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്

വ്യായാമം മനുഷ്യന് എപ്പോഴും ഗുണകരമാണ്. പ്രത്യേകിച്ച് പുതിയകാലത്തെ അനാരോഗ്യകരമായ ജീവിതശൈലിയില്‍ വ്യായാമം ഒരു അവിഭാജ്യഘടകമാണെന്ന് തന്നെ പറയാം. ഏത് പ്രായത്തിലുള്ളവര്‍ക്കും അവരവരുടെ ആരോഗ്യമനുസരിച്ച് വ്യായാമം ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ വ്യായാമം ചെയ്യുന്ന കാര്യത്തിലും ചില സാമൂഹിക- വൈകാരിക ഘടകങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. 

വിവാഹമോചനം നേടുമ്പോഴോ പുതിയൊരു ബന്ധം തുടങ്ങുമ്പോഴോ ഒക്കെ വ്യായാമം ചെയ്യുന്നതിന്റെ അളവില്‍ മാറ്റം വരുമെന്നാണ് പഠനം അവകാശപ്പെടുന്നത്. ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് രസകരമായ പഠനം നടത്തിയത്. 34നും 49നും ഇടയില്‍ പ്രായമുള്ള 1050 പേരെയാണ് ഇവര്‍ പഠനത്തിനായി നിരീക്ഷിച്ചത്. 

ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, വിവാഹമോചനം നേടുന്നവരില്‍ പുരുഷന്മാരാണത്രേ വ്യായാമം കുറയ്ക്കുന്നത്. പുതിയ ബന്ധം തുടങ്ങുന്ന സ്ത്രീകളും സമാനമായി വ്യായാമം കുറയ്ക്കുന്നു. ഇക്കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും രണ്ട് രീതിയില്‍ തന്നെയാണ് പ്രതികരിക്കുന്നതെന്നും എന്നാല്‍ ഇതിന് പിന്നിലുള്ള കാരണങ്ങളെന്തെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയും ശാരീരിക പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധവും പഠനം വിലയിരുത്തി. സാമ്പത്തികമായും സാമൂഹികമായും നല്ല നിലയിലുള്ള സ്ത്രീകളും പുരുഷന്മാരും വ്യായാമം ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണെന്ന് ഇവര്‍ കണ്ടെത്തി. 

ശരീരത്തിന്റെ 'ഫിറ്റ്‌നെസി'നെ കുറിച്ച് ഉയര്‍ന്ന ക്ലാസിലുള്ളവരില്‍ കൂടുതല്‍ അവബോധമുള്ളതിനാലാണത്രേ ഇത്. അതേസമയം സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്ക് വ്യായാമം ചെയ്യാനുള്ള താല്‍പര്യം താരതമ്യേന കുറവാണെന്നും ഇവര്‍ കണ്ടെത്തുന്നു.
 

click me!