
ചിലര്‍ക്ക് രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ കാണുന്നതും, ഞെട്ടി ഉറക്കം നഷ്ടപ്പെടുന്നതുമെല്ലാം പതിവ് പ്രശ്‌നമാണ്. അത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയിതാ. ദുസ്വപ്‌നങ്ങള്‍ കാണുന്നത് ഒരു സ്വിച്ച് ഓഫ് ചെയ്യും പോലെ ഇല്ലാതാക്കാനാകുമത്രേ. അതിനുള്ള തന്ത്രങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ടോക്കിയോയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍.
ആഴത്തിലുള്ള ഉറക്കത്തില്‍ മാത്രമാണ് സ്വപ്‌നം കാണാനാവുക. അതേസമയം ആഴത്തില്‍ ഉറങ്ങിയതുകൊണ്ടു മാത്രം സ്വപ്‌നങ്ങള്‍ കാണാനുമാകില്ല. സ്വപ്‌നം കാണാനും ഓര്‍മ്മകള്‍ സൂക്ഷിക്കാനുമെല്ലാം സഹായിക്കുന്നത് ജീനുകളാണത്രേ. ഇതില്‍ നിന്ന് സ്വപ്‌നം കാണാന്‍ സഹായിക്കുന്ന ജീനുകളെ പ്രത്യേകം എടുത്ത് നീക്കം ചെയ്താല്‍ ദുസ്വപ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാമെന്നാണ് ഗവേഷകരുടെ സംഘം അവകാശപ്പെടുന്നത്.
ചുണ്ടെലികളില്‍ ഇത് വിജയകരമായി പരീക്ഷിച്ചുവെന്നും മനുഷ്യനിലും ഈ പരീക്ഷണം വിജയിക്കുമെന്നുമാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ ദുസ്വപ്‌നങ്ങള്‍ കളയുന്നതോടെ നല്ല സ്വപ്‌നങ്ങളും കാണാന്‍ പറ്റാതാകുമോ, എന്ന് തുടങ്ങി പല സംശയങ്ങളും ഇപ്പോഴും ബാക്കിയാണ്.
സെല്‍ റിപ്പോര്‍ട്ട്‌സ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഈ പരീക്ഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വന്നത്. 'ഡെയ്‌ലി മെയിലാ'ണ് ഈ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.