പ്രമേഹരോഗികള്‍ക്ക് കുടിക്കാന്‍ ഒരു കിടിലന്‍ ചായ!

By Web TeamFirst Published Jan 22, 2019, 5:23 PM IST
Highlights

വെറുതെ ഒരു സന്തോഷത്തിന് കുടിക്കാന്‍ മാത്രമല്ല, ഈ ചായ. പ്രമേഹരോഗികള്‍ക്ക് അവരുടെ രോഗത്തെ ചെറുക്കാന്‍ കൂടി സഹായിക്കുന്ന ഒരു ഔഷധച്ചായ തന്നെയാണ് ഇത്

പ്രമേഹരോഗികള്‍ നിത്യജീവിതത്തില്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമായിരിക്കും ചായ കുടിക്കുന്നതിലുള്ള നിയന്ത്രണം. ചിലര്‍ക്കാണെങ്കില്‍ ചായ ഒട്ടും കഴിക്കാന്‍ പാടില്ലാത്ത അവസ്ഥ പോലുമായിരിക്കും. ഇത്തരക്കാര്‍ക്കെല്ലാം കഴിക്കാവുന്ന ഒരു ചായയെ പറ്റിയാണ് ഇനി പറയുന്നത്. 

വെറുതെ ഒരു സന്തോഷത്തിന് കുടിക്കാന്‍ മാത്രമല്ല, ഈ ചായ. പ്രമേഹരോഗികള്‍ക്ക് അവരുടെ രോഗത്തെ ചെറുക്കാന്‍ കൂടി സഹായിക്കുന്ന ഒരു ഔഷധച്ചായ തന്നെയാണ് ഇത്. തുളസിയിലച്ചായയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര് കേള്‍ക്കും പോലെ, തുളസിയിട്ട് തിളപ്പിക്കുന്ന ചായയെ ആണ് തുളസിയിലച്ചായ എന്ന് പറയുന്നത്. 

തുളസിയിലച്ചായയുടെ ഗുണങ്ങള്‍...

മുമ്പെല്ലാം എല്ലാ വീടുകളിലും നിര്‍ബന്ധമായും ഒരു തുളസിച്ചെടിയെങ്കിലും നട്ടുവളര്‍ത്തുമായിരുന്നു. അത്രമാത്രം പ്രാധാന്യമുള്ള, ഔഷധഗുണമുള്ള ഒന്നാണ് തുളസി. പല രോഗങ്ങള്‍ക്കും, പ്രത്യേകിച്ച് തണുപ്പുകാലങ്ങളില്‍ രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ തുളസിക്കാവും. 

ആയുര്‍വേദത്തിലാണെങ്കില്‍ വളരെ പ്രധാനപ്പെട്ട ഒരു മരുന്നായിട്ടാണ് തുളസിയിലയെ കണക്കാക്കുന്നത്. ചുമ, കഫക്കെട്ട്, ജലദോഷം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാന്‍ തുളസിയില ഉപയോഗിക്കാറുണ്ട്. 

പ്രമേഹരോഗികള്‍ക്ക് ഇതെങ്ങനെ ഗുണകരമാകുന്നു?

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കണം. അതാണ് ഏറ്റവും ശ്രമകരമായ ജോലി. ഇതിന് തുളസിയില സഹായിക്കുമെന്നാണ് 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഫാര്‍മക്കോളജി ആന്റ് തെറാപ്യൂട്ടിക്‌സ്' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം വ്യക്തമാക്കുന്നത്. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും തുളസിയില സഹായിക്കുമത്രേ. ഇതോടൊപ്പം പ്രമേഹരോഗികളിലെ അമിതവണ്ണം കുറയ്ക്കാനും തുളസിയില ഉത്തമമാണെന്ന് ഈ പഠനം അവകാശപ്പെടുന്നു. 

ഇനി ഒരു തുളസിയിലച്ചായയിടാം...

തുളസിയിലച്ചായ തയ്യാറാക്കല്‍ വളരെ എളുപ്പമുള്ള ജോലിയാണ്. വെള്ളം തിളപ്പിക്കാന്‍ വയ്ക്കുമ്പോള്‍ തന്നെ നാലോ അഞ്ചോ തുളസിയില ഇതിലേക്കിടുക. വെള്ളം നന്നായി തിളച്ചുകഴിയുമ്പോള്‍ വാങ്ങിവച്ച് രണ്ട് മിനുറ്റ് നേരം അങ്ങനെ തന്നെ വയ്ക്കുക. ശേഷം അരിച്ചെടുത്ത് അല്‍പം തേനും ചേര്‍ത്ത് കഴിക്കാം. ഇതിലേക്ക് ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരും ചേര്‍ക്കും. തീരെ കടുപ്പം തോന്നുന്നില്ലല്ലോയെന്ന് നിരാശപ്പെടുന്നവര്‍ക്ക് ഒരു നുള്ള് തേയിലയും വേണമെങ്കില്‍ ചേര്‍ക്കാം. 

click me!