
പ്രമേഹരോഗികളെ സംബന്ധിച്ച് കഴിക്കുന്ന എല്ലാ ഭക്ഷണത്തെ ചൊല്ലിയും ആശങ്കയാണ്. കഴിക്കുന്ന ഓരോന്നും എത്ര കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്, ഇവയെല്ലാം എത്ര കഴിക്കാം, ഏതെല്ലാം ഒഴിവാക്കണം... എന്നിങ്ങനെ പോകും ആശങ്കകള്‍. മധുരം കഴിക്കുന്ന കാര്യമാണെങ്കില്‍ പറയാനുമില്ല, വീട്ടുകാരും പ്രിയപ്പെട്ടവരും ചേര്‍ന്ന് നിയന്ത്രണത്തോട് നിയന്ത്രണമാകും.
പഴങ്ങള്‍ കഴിക്കുന്നതില്‍ നിന്നും പ്രമേഹരോഗികളെ ഇത്തരത്തില്‍ വിലക്കുന്നത് കാണാം. എന്നാല്‍ പ്രകൃതിദത്തമായ മധുരം അത്ര തന്നെ അപകടകാരിയല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇക്കൂട്ടത്തില്‍ തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ വിട്ടുപോകാനും സാധ്യതയുണ്ട്. എന്നാല്‍ അങ്ങനെ വിട്ടുകളയാന്‍ പാടില്ലാത്ത ഒരു 'ഫ്രൂട്ട്' ആണ് മാതളം.
പ്രമേഹരോഗികള്‍ നിര്‍ബന്ധമായും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ സ്‌പൈസുകളെ (സുഗന്ധദ്രവ്യങ്ങള്‍) കുറിച്ച് പ്രതിപാദിക്കുന്ന, 'ഹീലിംഗ് സ്‌പൈസസ്' എന്ന പുസ്തകത്തില്‍ പ്രമേഹരോഗികള്‍ മാതളം കഴിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാനും ഒരുപക്ഷേ വലിയ രീതിയില്‍ ഭേദപ്പെടുത്താനും മാതളം സഹായിക്കുമെന്നാണ് പുസ്തകം അവകാശപ്പെടുന്നത്.
ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മാതളം. ഗ്രീന്‍ ടീയെക്കാള്‍ മൂന്ന് മടങ്ങോളം ആന്റി ഓക്‌സിഡന്റുകളാണ് മാതളത്തിലുള്ളത്. ഇത് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. മാത്രമല്ല, മാതളത്തിന്റെ വിത്തുകള്‍ (കുരു) ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുമത്രേ.
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്ന ഭയവും മാതളത്തെ കുറിച്ച് വേണ്ട. പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളെ നേരിടാനും മാതളത്തിന് ശേഷിയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മധുരം കൂടുമെന്ന പേടിയില്‍ പ്രമേഹരോഗികള്‍ ഒഴിവാക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മാതളം പെടാതിരിക്കാന്‍ ഇനി പ്രത്യേകം ശ്രദ്ധിക്കുമല്ലോ, അല്ലേ?