ഹൃദ്രോഗമുള്ളവരുടെ സെക്‌സ്; സംശയങ്ങളും കരുതേണ്ട കാര്യങ്ങളും

By Web TeamFirst Published Aug 6, 2018, 2:44 PM IST
Highlights

മിക്ക പ്രശ്നങ്ങളും മാനസികമായ പേടികളില്‍ നിന്നാണ് ഉണ്ടാകുന്നത്. പങ്കാളിയുമായുള്ള തുറന്ന ബന്ധം ഒരു പരിധി വരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കും

ഒരു ഹൃദയസ്തംഭനമോ, ശസ്ത്രക്രിയയോ കഴിഞ്ഞവരെ സംബന്ധിച്ച് സെക്‌സ് തുടരാമോ, അങ്ങനെയെങ്കില്‍ തന്നെ അത് എത്തരത്തിലായാരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടത് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയര്‍ന്ന് വരിക. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു എന്നത് സെക്‌സിന് ഒരു തടസ്സമല്ല, എന്നാല്‍ ചില കാര്യങ്ങളില്‍ തീര്‍ച്ചയായും ഒരു കരുതല്‍ ആവശ്യമാണ്. 

നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍...

ശാരീരികമായ പ്രശ്‌നങ്ങളെക്കാള്‍ മാനസികമായ വിഷമതകളാണ് ഇവരില്‍ കൂടുതലും കാണാന്‍ സാധ്യത. സ്ഥിരമായി മരുന്ന് കഴിക്കുന്നതും, ശീലങ്ങളിലുള്ള വ്യത്യാസങ്ങളുമെല്ലാം സെക്‌സിനോട് വിമുഖത തോന്നിച്ചേക്കാം. മാത്രമല്ല, അസുഖം ബാധിച്ചയാളാണെന്ന തോന്നല്‍ ആത്മവിശ്വാസത്തെയും, സ്വയമുള്ള മതിപ്പിനെയുമെല്ലാം മോശമായി ബാധിക്കുന്നു. ഇത് പങ്കാളിയില്‍ നിന്ന് ശാരീരികമായി അകലുന്നതിലേക്ക് വഴിവയ്ക്കുന്നു. 

ഉത്കണ്ഠയും നിരാശയുമാണ് ഇവരില്‍ കാണാന്‍ സാധ്യതയുള്ള മറ്റ് മാനസിക പ്രശ്‌നങ്ങള്‍. സെക്‌സിലേര്‍പ്പെടുമ്പോള്‍ ഹൃദയസ്തംഭനം വന്നേക്കുമെന്ന ഭയമാണ് ഉത്കണ്ഠയുടെ ഭാഗമായി പ്രധാനമായും ഇവരുടെയുള്ളിലുണ്ടാകുന്നത്. ഈ ഭയം ക്രമേണ നിരാശയിലേക്കുമെത്തിക്കുന്നു. 

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം സെക്‌സിനോടുള്ള താല്‍പര്യം കുറയുന്നതായും കാണാം. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലും കണ്ടുവരുന്നത്. ഇതും പല തരത്തിലുള്ള പേടികളില്‍ നിന്നാണ് പ്രധാനമായും ഉണ്ടാകുന്നത്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

മാനസികമായ വിഷമതകളില്‍ നിന്നുണ്ടാകുന്ന തടസ്സങ്ങള്‍ നേരിടാന്‍ കൗണ്‍സിലിംഗിന് പങ്കെടുക്കാവുന്നതാണ്. കൗണ്‍സിലിംഗിന് പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും പങ്കാളിയെക്കൂടി പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം. 

പങ്കാളിയുമായുള്ള തുറന്ന സംസാരവും ഇടപെടലുകളുമാണ് മറ്റൊരു ഫലപ്രദമായ മാര്‍ഗം. ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നതെന്ന് തുറന്ന് സംസാരിക്കുന്നതിലൂടെ ഒരുപക്ഷേ, പരിഹാരം കാണാന്‍ കഴിഞ്ഞേക്കും. 

കിടപ്പുമുറിയില്‍ അമിതമായ ചൂടോ തണുപ്പോ ഉണ്ടാകുന്നതും പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സുഖകരമായ ഒരു കാലാവസ്ഥയൊരുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. അതുപോലെ നന്നായി ഭക്ഷണം കഴിച്ച ശേഷം കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തേക്ക് സെക്‌സിനെപ്പറ്റി ചിന്തിക്കരുത്. ഈ സമയം ദഹനത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. 

എന്നാല്‍ ശാരീരികമായ വിഷമതകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. ശ്വാസതടസ്സം, വേദന- എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. വൈകാതെ തന്നെ ഡോക്ടറെ കണ്ട് ഇതിന്റെ കാരണം കണ്ടെത്താവുന്നതാണ്.
 

click me!