ഹൃദയത്തെ പൊന്നുപോലെ കാക്കാം; കഴിക്കാം ഈ മൂന്ന് ഭക്ഷണം...

By Web TeamFirst Published Dec 18, 2018, 7:20 PM IST
Highlights

ഹൃദയത്തിന്റെ ആരോഗ്യത്തിന് മീന്‍ കഴിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞ് നമ്മള്‍ കേട്ടിട്ടില്ലേ? എന്നാല്‍ എല്ലാ തരം മീനുകളും ഈ പട്ടികയില്‍ പെടില്ല. ഹൃദയത്തിന് വേണ്ടി പ്രത്യേകം കഴിക്കേണ്ട മീനുകളുണ്ട്

ഹൃദ്രോഗങ്ങള്‍ ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ എപ്പോഴും ആശങ്കയാണ്. വീണ്ടും അസുഖം വരാന്‍ സാധ്യതയുണ്ടോയെന്ന് ആലോചിച്ച് സമ്മര്‍ദ്ദത്തിലാകും. ഹൃദയം പോലുള്ള ഏറ്റവും സുപ്രധാനമായ ഒരവയവത്തെ അസുഖം വന്ന ശേഷം സൂക്ഷിച്ച് കൊണ്ടുനടക്കാമെന്ന് കരുതരുത്. അസുഖങ്ങള്‍ ബാധിക്കും മുമ്പ് തന്നെ ഒരു കരുതലെടുക്കുന്നതാണ് എപ്പോഴും നല്ലത്. 

ഹൃദയാരോഗ്യത്തെ കാക്കാന്‍ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഹൃദയത്തിന് വേണ്ടി മാത്രം കഴിക്കേണ്ട ചില ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നെണ്ണം ഏതെല്ലാമെന്ന് നോക്കാം...

ഒന്ന്...

ഹൃദയത്തെ കേടുകൂടാതെ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒന്നാണ് ബ്രൊക്കോളി. അവശ്യം വേണ്ട പോഷകങ്ങളെല്ലാം ബ്രൊക്കോളിയിലടങ്ങിയിരിക്കുന്നു. ഹൃദയത്തിന് അത്യാവശ്യമായ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം ഫൈബറുമെല്ലാം ബ്രൊക്കോളിയെ സമ്പുഷ്ടമാക്കുന്നു. കറികളില്‍ ചേര്‍ത്തോ സലാഡിലുള്‍പ്പെടുത്തിയോ ഒക്കെ ബ്രൊക്കോളി കഴിക്കാവുന്നതാണ്. 

രണ്ട്...

ഹൃദയത്തിന്റെ ആരോഗ്യത്തിന് മീന്‍ കഴിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞ് നമ്മള്‍ കേട്ടിട്ടില്ലേ? എന്നാല്‍ എല്ലാ തരം മീനുകളും ഈ പട്ടികയില്‍ പെടില്ല. ഹൃദയത്തിന് വേണ്ടി പ്രത്യേകം കഴിക്കേണ്ട മീനുകളുണ്ട്. അതിലൊന്നാണ് 'സാല്‍മണ്‍ ഫിഷ്' (കോര). ഹൃദയത്തിന് ഏറ്റവുമധികം ആവശ്യമായ ഒമേഗ- 3 ഫാറ്റി ആസിഡാണ് ഈ മീനില്‍ ഏറെയും അടങ്ങിയിരിക്കുന്നത്. പിന്നെ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഹൃദയ പേശികള്‍ക്ക് ബലം പകരുമെന്നതാണ് ഇത് കഴിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ പ്രചോദനം.

മൂന്ന്...

വിവിധയിനം ബെറികളും (സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയവ) ഹൃദയാരോഗ്യത്തിന് നല്ലതുതന്നെ. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് ഹൃദയാരോഗ്യത്തിന് തുണയാവുക. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്നത് തടയാന്‍ ഇവ കഴിക്കുന്നതിലൂടെ സാധ്യമാകും. മാത്രമല്ല നല്ലയിനം കൊഴുപ്പിന്റെ (എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍) അളവ് വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. 

click me!