
എല്ലാ വര്‍ഷവും ഓണമെത്തുന്നതോടെ വീടുകളില്‍ ഏറ്റവുമധികം തിരക്കും ആശങ്കയും കാണാറ് പൂക്കളമൊരുക്കുന്നതിനുള്ള പൂക്കള്‍ സംഘടിപ്പിക്കുന്നതിനാണ്. പത്ത് ദിവസം തികച്ചും പൂക്കളമിടണമെങ്കില്‍ ദിവസവും വൈകീട്ട് മാര്‍ക്കറ്റിലേക്ക് ഓട്ടം തന്നെ. നഗരങ്ങളാണെങ്കില്‍ പറയാനുമില്ല. കൊല്ലുന്ന വിലയ്‌ക്കേ പൂക്കള്‍ കിട്ടൂവെന്നത് മറ്റൊരു പ്രതിസന്ധി. അതും പേരറിയാത്ത ഏതെല്ലാമോ അണുനാശിനികള്‍ പ്രയോഗിച്ച് ജീവന്‍ നഷ്ടപ്പെട്ടവയായിരിക്കും എല്ലാം.
ടെറസില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ നമ്മള്‍ പഠിച്ചു. നിലവില്‍ നഗരങ്ങളിലെ ഫ്‌ളാറ്റുകളിലും താമസമുള്ള മറ്റ് കെട്ടിടങ്ങളിലുമെല്ലാം 'തട്ടിന്‍പുറത്തെ' പച്ചക്കറി കൃഷി വ്യാപകമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തന്നെ പൂച്ചെടികളും വളര്‍ത്താവുന്നതേയുള്ളൂ. ഓണം പ്രമാണിച്ച് കുറച്ച് ദിവസത്തേക്ക് പച്ചക്കറിയുടെ കൂട്ടത്തില്‍ പൂക്കൃഷി കൂടി.
ഇതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്ക് ടെറസിലൊരുക്കാന്‍ കഴിയുന്ന, ചെടികളുടെ ഒരു ചെറിയ പട്ടിക തയ്യാറാക്കലാണ്. തുടര്‍ന്ന് ഇവയോരോന്നും സംഘടിപ്പിക്കണം. മിക്ക ചെടികളും വളര്‍ന്ന് പൂവിടാന്‍ സമയമെടുക്കുമെന്നതിനാല്‍ പ്രായം കണക്കാക്കി വേണം ഓരോന്നും സംഘടിപ്പിക്കാന്‍. ഏതെല്ലാം ചെടികള്‍, എങ്ങനെയെല്ലാം ക്രമീകരിക്കാമെന്ന് ഒന്ന് നോക്കാം.
തുമ്പയും മുക്കുറ്റിയും
ഓണപ്പൂക്കളമെന്ന് പറയുമ്പോഴേ തുമ്പയും മുക്കുറ്റിയും ഓര്‍മ്മിക്കുന്ന ഒരു തലമുറ ഇപ്പോഴും ഉണ്ട്. അന്യം നിന്നുപോയെന്ന് സങ്കടപ്പെടുമ്പോഴും വഴിയരികില്‍ ചിലപ്പോഴൊക്കെ തുമ്പയും മുക്കുറ്റിയുമെല്ലാം ചെറിയ കൂട്ടമായി നില്‍ക്കുന്നത് കാണാം. ഇനി ഇവയെ വഴിയില്‍ കണ്ടാല്‍ വേരോടെ പറിച്ച് കവറുകളിലോ പാത്രങ്ങളിലോ മണ്ണ് നിറച്ച് മാറ്റി നടാം. ഇത് ടെറസില്‍ വച്ച് പരിപാലിക്കാം.
ചെണ്ടുമല്ലി
ചെണ്ടുമല്ലി, പെട്ടെന്ന് പൂവിടുന്ന തരത്തിലുള്ളവയുടെ തൈകള്‍ വാങ്ങുന്നതായിരിക്കും ഏറ്റവും നല്ലത്. ആവശ്യത്തിന് വെള്ളമൊഴിച്ച് കൊടുക്കണമെന്നല്ലാതെ മറ്റ് കാര്യമായ ശ്രദ്ധയും ചെണ്ടുമല്ലിക്കാവശ്യമില്ല.
ജമന്തി
ജമന്തി ഇളം- കടും നിറങ്ങളിലുള്ളവയുണ്ട്. രണ്ടും ചെടിച്ചട്ടികളില്‍ തന്നെ വയ്ക്കാവുന്നതാണ്. നനവ് ഇല്ലെങ്കില്‍ പെട്ടെന്ന് നശിക്കുന്നത് പോലെ തന്നെ, നനവ് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.അമിതമായ വെയിലും ഇതിനാവശ്യമില്ല.
കോളാമ്പി
കോളാമ്പിപ്പൂക്കളും പല തരത്തിലുണ്ട്. തൈ വാങ്ങി ടെറസില്‍ വയ്ക്കുന്നതായിരിക്കും ഇതിന് ഉചിതം. പൂവിടുന്ന സമയത്തെപ്പറ്റി വില്‍പനക്കാരോട് തന്നെ ചോദിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. കോളാമ്പിക്കും അമിതമായ ശ്രദ്ധയുടെ ആവശ്യമില്ല. കൃത്യമായി വെള്ളമൊഴിക്കാന്‍ മാത്രം കരുതുക.
ചെത്തി
ചെത്തിയാണെങ്കില്‍ അല്‍പം വലിയ ചെടി തന്നെ സംഘടിപ്പിക്കണം. ധാരാളം മണ്ണും വെള്ളവും നല്‍കാനും പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യത്തിന് വെളിച്ചവും ഉറപ്പുവരുത്തണം.
കുറ്റിച്ചെമ്പരത്തി
ചെമ്പരത്തിച്ചെടി സാധാരണഗതിയില്‍ ടെറസില്‍ വളര്‍ത്തുന്ന ചെടികളുടെ കൂട്ടത്തില്‍ പെടില്ല. ഇവ വളരാനെടുക്കുന്ന സമയം, തണ്ടിന്റെ ബലം, ഉയരം ഇതൊക്കെത്തന്നെയാണ് പ്രധാന വെല്ലുവിളികള്‍. എന്നാല്‍ അത്ര തന്നെ ഉയരം വയ്ക്കാത്ത തരത്തിലുള്ള ചെമ്പരത്തിത്തൈകളാണെങ്കില്‍ പൂവിടാന്‍ പാകത്തിലുള്ളത് ഒരെണ്ണം സംഘടിപ്പിച്ചാലും മതിയാകും.
റോസ്
റോസ് ചെടികള്‍ പൊതുവേ ടെറസുകളിലും ഫ്‌ളാറ്റ് ബാല്‍ക്കണികളിലുമെല്ലാം ധാരാളമായി വളര്‍ത്തുന്നവയാണ്. വെള്ളവും മുട്ടത്തോടുമെല്ലാം ഇട്ട്, ആവശ്യത്തിന് വെളിച്ചവും തണലുമൊരുക്കിയാല്‍ റോസ്‌ച്ചെടികളും പൂക്കാന്‍ തയ്യാറാകും.
നാടന്‍ ചെടികള്‍ തന്നെ വേണമെന്നില്ലെങ്കില്‍, ലഭ്യമായ പൂച്ചെടികളുടെ തൈകളെല്ലാം പരീക്ഷിക്കാവുന്നതാണ്. ഓണമെത്തും വരെ രസകരമായ ഒരു ഹോബിയുമാകാം, പൂക്കളമൊരുക്കാന്‍ മറ്റാരെയും ആശ്രയിക്കാതെയുമിരിക്കാം.