
വിവാഹചടങ്ങിൽ ഒരാളെ മാത്രമേ ഭാര്യയായി സ്വീകരിക്കാവൂ എന്നതാണ് ഇന്തോനേഷ്യന്‍ നിയമം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരാകാം. ഇതൊക്കെയാണെങ്കിലും നാടിനെ നടുക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കല്ല്യാണക്കുറി. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു യുവതികളെ വിവാഹം ചെയ്യാൻ ഒരാൾ തയാറെടുക്കുന്നതിന്റെ വാർത്തകൾ വൈറലാകുന്നു.
വിവാഹത്തിനു മുന്നോടിയായി അദ്ദേഹം തയാറാക്കിയ കല്യാണക്കുറിയും ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുന്നുമുണ്ട്. കാരണം രണ്ടു വധുക്കൾക്കൊപ്പം വരൻ നിൽക്കുന്ന കല്യാണക്കുറിയിലെ ചിത്രമാണ് കൗതുകമാകുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ ഒരാൾ തന്നെ രണ്ടു പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
പൻസർ എന്നാണ് വരന്റെ പേര്. സൗത്ത് സുമാത്രയിലെ തെലുക് കിജിംഗ് ഗ്രാമത്തിൽ വെച്ചാണ് ഈ വിവാഹം നടക്കുന്നത്. നവംബർ അഞ്ചിനും എട്ടിനുമായാണ് വിവാഹം. അതിനു ശേഷം ഒമ്പതിന് പ്രദേശവാസികളെ എല്ലാവരെയും വിളിച്ചു ചേർത്ത് വലിയ ആഘോഷവുമുണ്ട്.
വധുക്കളിൽ ഒരാളായ സിൻഡ്ര ഇൻദാ തൊട്ടടുത്ത ഗ്രാമവാസിയാണ്. രണ്ടാമത്തെയാളാകട്ടെ മറ്റൊരു സമുദായക്കാരിയും. വിവാഹത്തിന് രണ്ടു പെണ്‍കുട്ടികളുടെയും വീട്ടുകാർക്ക് സമ്മതമാണ്.
ഇന്തോനേഷ്യയിൽ ബഹുഭാര്യത്വത്തെ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നത് ഇത് ആദ്യമല്ല. ഇതിനു മുന്‍പ് മൂന്നു യുവാക്കൾ അടുത്തടുത്ത ദിവസങ്ങളിലായി ഒന്നിലധികം പെണ്‍കുട്ടികളെ വിവാഹം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഗ്രാമമുഖ്യൻ പറയുന്നത്. ഇതിനു മുന്‍പ് ബഹുഭാര്യത്വം പിന്തുടരുന്നവർക്കായി സ്മാർട്ട് ഫോണിൽ ഒരു ആപ്ലിക്കേഷൻ രംഗത്തെത്തിയതിന്റെ വാർത്തകൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam