
കേരളത്തില്‍ ഇപ്പോള്‍ മഴക്കാലമെന്നാല്‍ പനിക്കാലമാണ്. വിവിധയിനം പനികളാണ് ഇപ്പോള്‍ നമ്മുക്കു ചുറ്റും. ഇതില്‍ പ്രധാനപ്പെട്ടതും ഇപ്പോള്‍ സര്‍വ്വസാധാരണവുമായ ഒരു പനിയാണ് ഡെങ്കിപ്പനി. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നതിലൂടെ എഴുപ്പം അകറ്റിനിർത്താന്‍ കഴിയുന്ന രോഗം കൂടിയാണ് പനി.
ഈഡിസ് വിഭാഗം കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് കേരളത്തില്‍ വൈറസ് പരത്തുന്നത്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴു ദിവസങ്ങള്‍ക്കു ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. ഈഡിസ് കൊതുകകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകല്‍ നേരത്ത് കൊതുകുകടി ഏല്‍പ്പാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ പത്ത് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദനസ കണ്ണുകള്‍ക്കു പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ തുവന്ന പാടുകളും വരാം.
പനി വന്നാല്‍ ഒരുക്കലും സ്വയം ചികിത്സിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ഉടന്‍ തന്നെ അടുത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കുകയാണ് ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്. ഡെങ്കിപ്പനി വന്നവര്‍ക്ക് പൂര്‍ണ്ണ വിശ്രമം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. പനി കുറയാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നു കഴിക്കാം. തുടര്‍ന്നും ലക്ഷണങ്ങള്‍ കഠിനമായി നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തണം.
വീടും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വീടിന്‍റെയോ ജോലിസ്ഥലങ്ങളുടെയോ പരിസര പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുകു കടക്കാത്ത വിധം കൊതുകുവലയിട്ടും മൂടുകയോ തുണികൊണ്ട് മൂടുകയോ ചെയ്യണം. നമ്മുടെ ചുറ്റുപാടില്‍ കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam