വിവാഹ മോതിരം നാലാം വിരലില്‍ അണിയാന്‍ കാരണമുണ്ട്!

By Web DeskFirst Published Sep 2, 2016, 4:14 AM IST
Highlights

നമ്മളൊക്കെ മോതിരവിരല്‍ എന്നു വിളിക്കുന്ന നാലാമത്തെ വിരലിലാണ് സാധാരണയായി വിവാഹമോതിരം ധരിക്കാറുള്ളത്. ഇടതുകൈയിലെ നാലാം വിരലിലാണ് വിവാഹമോതിരം ധരിക്കാറുള്ളത്. സ്‌നേഹത്തിന്റെയും പരസ്‌പര സഹവര്‍ത്തിത്വത്തിന്റെയും അടയാളമായാണ് വിവാഹമോതിരം ധരിക്കാറുള്ളത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ വിരലില്‍ വിവാഹമോതിരം ധരിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം പ്രാചീന മുതല്‍ക്കേ വിവിധ സംസ്‌ക്കാരങ്ങളില്‍നിന്ന് ലഭ്യമാണ്. അവ ഏതൊക്കെയാണെന്നും എങ്ങനെയാണെന്നും നോക്കാം...

1, ചൈനീസ് സിദ്ധാന്തം

ചൈനക്കാരുടെ വിശ്വാസപ്രകാരം നമ്മുടെ കൈയിലെ ഓരോ വിരലും ജീവിതത്തിന്റെ ഓരോ ഭാഗത്തെ സൂചിപ്പിക്കുന്നതാണ്. പെരുവിരല്‍ കുടുംബത്തെയും ചൂണ്ടുവിരല്‍ സഹോദരങ്ങളെയും മധ്യവിരല്‍ നിങ്ങളെത്തന്നെയും മോതിരവിരല്‍ ജീവിതപങ്കാളിയെയും ചെറുവിരല്‍ കുട്ടികളെയും സൂചിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ചൈനാക്കാര്‍ വിവാഹമോതിരം മോതിരവിരലില്‍ ധരിക്കുന്നതത്രെ.

2, ഗ്രീക്ക് - റോമന്‍ സിദ്ധാന്തം

വിവാഹമോതിരം ഇടതുകൈയിലെ നാലാംവിരലില്‍ ധരിക്കുന്നതിനെക്കുറിച്ച് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ഇടയില്‍ വളരെ രസകരമായ ഒരു കഥയുണ്ട്. ഇടതുകൈയിലെ നാലാം വിരലില്‍നിന്ന് തുടങ്ങുന്ന വേന അമോറിസ് എന്നുവിളിക്കപ്പെടുന്ന ഒരു ഞരമ്പ് നമ്മുടെ ശരീരത്തില്‍ ഉണ്ടത്രെ. ഇത് ഹൃദയവുമായി ബന്ധിപ്പിക്കുന്നതാണെന്നുമാണ് ഗ്രീക്ക്-റോമന്‍ ജനത പുരാതന കാലം മുതല്‍ക്കേ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ സ്‌നേഹത്തിന്റെ അടയാളമായി ഇടതുകൈയിലെ നാലാംവിരലിനെ ഇവര്‍ കാണുന്നു. വിവാഹമോതിരം ഈ വിരലില്‍ അണിയുന്നതിനുള്ള കാരണവും ഇത് തന്നെയാണ്.

3, അമേരിക്കന്‍ സിദ്ധാന്തം

വിവാഹമോതിരം ഇടതുകൈയിലെ നാലാംവിരലില്‍ അണിയുന്നതിന് അമേരിക്കക്കാര്‍ക്ക് അവരുടേതായ ഒരു കാരണമുണ്ട്. സാധാരണയായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും, ഏറെ പരിക്ക് പറ്റാന്‍ സാധ്യതയുള്ളതും മധ്യവിരലിനാണ്. ഈ വിരലില്‍ വിവാഹമോതിരം ധരിച്ചാല്‍ അത് വളരെ വേഗം കേടാകാന്‍ ഇത് കാരണമാകും. ഇടതുകൈയിലെ നാലാം വിരലാണ്, നമ്മുടെ ശരീരത്തില്‍ ഏറ്റവും ഉപയോഗം കുറവുള്ളതും പരിക്ക് പറ്റാന്‍ സാധ്യത കുറവുള്ളതുമായ രണ്ടാമത്തെ വിരല്‍. വിലപിടിപ്പുള്ള വിവാഹമോതിരം സുരക്ഷിതമായി ധരിക്കാന്‍ ഏറ്റവും അനുയോജ്യം ഈ വിരലാണെന്നും അമേരിക്കക്കാര്‍ കണക്കാക്കകുന്നു.

വിവാഹമോതിരം ഇടതുകൈയിലെ മോതിരവിരലില്‍ ധരിക്കുന്നത് സംബന്ധിച്ച് പ്രാചീനകാലം മുതല്‍ക്കേ നിലനിന്നു മൂന്നു സാംസ്‌ക്കാരങ്ങളുടെ വിശ്വാസപ്രമാണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇതൊക്കെ അതത് സംസ്‌ക്കാരങ്ങളുടെ പാരമ്പര്യത്തനിമയായി അവര്‍ സംരക്ഷിക്കുകയും ഈ രാജ്യങ്ങളുടെ അധീശത്വത്തിലായ മറ്റു രാജ്യങ്ങളിലേക്ക് ഈ വിശ്വാസം കൈമാറപ്പെട്ടുവെന്നുമാണ് അനുമാനിക്കുന്നത്.

click me!