മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 925 രൂപയ്ക്ക് വാങ്ങിയ മോതിരത്തിന്‍റെ ഇന്നത്തെ വില 6.8 കോടി

By Web TeamFirst Published Feb 12, 2019, 1:53 PM IST
Highlights

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്  10 പൗണ്ടിന് ( 925 രൂപ) വാങ്ങിയ മോതിരം വിൽക്കാൻ ചെന്ന യുവതി ഇന്നത്തെ അതിന്‍റെ വില കേട്ട് ഞെട്ടി.

ഭാഗ്യം തേടിയെത്തി എന്നുപറയുന്നത് ഇതാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 10 പൗണ്ടിന് ( 925 രൂപ) വാങ്ങിയ മോതിരം വിൽക്കാൻ ചെന്ന യുവതി ഇന്നത്തെ അതിന്‍റെ വില കേട്ട് ഞെട്ടി. 7,40,000 പൗണ്ടാണ് ഇപ്പോഴത്തെ അതിന്‍റെ വില. അതായത് ഏകദേശം  6.8 കോടി ഇന്ത്യന്‍ രൂപ. ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിക്കാണ് ഈ ഭാഗ്യം ലഭിച്ചത്. 

തിളക്കം കണ്ട് ഇഷ്ടപ്പെട്ടാണ് പഴയസാധനങ്ങൾ വിൽക്കുന്ന ചന്തയിൽ നിന്നും ഡെബ്ര ഗോര്‍ഡ വില പേശി ആ മോതിരം വാങ്ങിയത്. അന്ന് 10 പൗണ്ട് അമ്മയാണ് നൽകിയത് എന്നും ഡെബ്ര പറയുന്നു. അന്ന് ഇത് വാങ്ങുമ്പോള്‍ ഇത്രയും വലിയ ഭാഗ്യം അതില്‍ ഒളിച്ചിരിക്കുന്നുവെന്ന് ഡെബ്ര അറിഞ്ഞില്ല.  

 സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ആഭരണങ്ങൾ വിൽക്കാൻ താന്‍ തീരുമാനിക്കുകയായിരുന്നു. ജ്വല്ലറയില്‍ എത്തി പരിശോധിച്ചപ്പോഴാണ്  25.27 കാരറ്റ് വജ്ര മോതിരമാണ് താന്‍ വില്‍ക്കാന്‍ കൊണ്ടുവന്നതെന്ന് യുവതി തിരിച്ചറിയുന്നത്. ഇതിന്‍റെ വില കൂടി കേട്ടപ്പോള്‍ ഡെബ്ര ശരിക്കും അമ്പരന്നു. കഴിഞ്ഞ 15 വർഷങ്ങളായി മോതിരം ഉപയോഗിച്ചിരുന്നില്ല. മറ്റ് ആഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിരിക്കുകയായിരുന്നു.


വിൽക്കുമ്പോള്‍ കുറച്ച് പൗണ്ട് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുപോലെ ഒരു ഭാഗ്യം  തന്നെ തേടിയെത്തുമെന്ന് ഡെബ്ര സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ലേലത്തിലൂടെയാണ് ഡെബ്രക്ക് ഈ തുക കിട്ടിയത്. 

click me!