
ശരിക്കും വിസ്‌മയിപ്പിക്കുന്ന വാര്‍ത്തയാണ് വൈദ്യശാസ്‌ത്ര ലോകത്തുനിന്ന് വരുന്നത്. സാധാരണഗതിയില്‍ അച്‌നും അമ്മയ്‌ക്കുമാണ് കുഞ്ഞ് ജനിക്കുന്നത്. അതായത് പുരുഷ ബീജവും സ്‌ത്രീയുടെ അണ്ഡവും സംയോജിച്ചാണ് ഗര്‍ഭം ഉണ്ടാകുന്നതും, ശിശു ജനിക്കുന്നതും. എന്നാല്‍ ഈ സങ്കല്‍പ്പം തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ് മെക്‌സിക്കോയില്‍നിന്നുള്ള ഒരു കൂട്ടം ഡോക്‌ടര്‍മാര്‍. ഒരു അച്ഛനും രണ്ടു അമ്മമാര്‍ക്കുമായാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. ജോര്‍ദാന്‍ ദമ്പതിമാര്‍ക്കാണ് ഈ അത്ഭുതശിശുവിനെ ലഭിച്ചിരിക്കുന്നത്. മൂന്നുപേരുടെ ഡിഎന്‍എയുമായി പിറക്കുന്ന ലോകത്തെ ആദ്യ കുഞ്ഞാണിത്. അച്ഛന്റെയും അമ്മയുടെയും പാതിവീതം ഡി എന്‍ എയും, മറ്റൊരു സ്‌ത്രീയുടെ ചെറു കഷ്ണം ഡിഎന്‍എയുമായാണ് അത്ഭുതശിശുവിന്റെ പിറവി. മൈറ്റോകണ്‍ഡ്രിയ ദാനം എന്ന സങ്കേതികവിദ്യയാണ് ഇവിടെ പ്രയോഗിച്ചത്. നാഡീ വ്യൂഹത്തെ ബാധിക്കുന്ന ഏറെ ഗുരുതരമായ ലീ സിന്‍ഡ്രം എന്ന പാരമ്പര്യരോഗം കുഞ്ഞിന് വരാതിരിക്കാനാണ് ഈ രീതിയിലുള്ള ഗര്‍ഭധാരണരീതി ഡോക്‌ടര്‍മാര്‍ അവലംബിച്ചത്. ഈ രോഗം ബാധിച്ച് ദമ്പതികള്‍ക്ക് മുമ്പ് ജനിച്ച രണ്ടു കുട്ടികളും മരിച്ചതിനെത്തുടര്‍ന്നാണ് ഏറെ സങ്കീര്‍ണമായ മൈറ്റോകണ്‍ഡ്രിയ ദാനത്തില്‍ അധിഷ്‌ഠിതമായ ഗര്‍ഭധാരണരീതി പരീക്ഷിച്ചത്. അമ്മയില്‍നിന്നാണ് ഈ രോഗത്തിന് കാരണമായ ജീനുകള്‍ കുഞ്ഞില്‍ എത്താനുള്ള സാധ്യത. അമ്മയുടെ കോശത്തിലെ മൈറ്റോകോണ്‍ഡ്രിയയിലാണ് രോഗകാരിയായ ജീനുകള്‍ ഉള്ളത്. ജനിതകരോഗങ്ങള്‍ പാരമ്പര്യമായി കൈമാറുന്നത് തടയുന്നതില്‍ സുപ്രധാനമായ ചുവടുവെയ്‌പ്പാണ് പുതിയ ചികില്‍സാരീതി വൈദ്യശാസ്‌ത്രലോകത്തിന് സമ്മാനിച്ചിരിക്കുന്നതെന്ന് ചികില്‍സയ്‌ക്ക് നേതൃത്വം നല്‍കിയ ഡോക്‌ടര്‍മാര്‍ അവകാശപ്പെടുന്നു. ഇത്തരത്തില്‍ മൈറ്റോകോണ്‍ഡ്രിയ ദാനം അമേരിക്കയില്‍ നിരോധിച്ച ചികില്‍സാരീതി ആയതിനാലാണ് ജോര്‍ദാന്‍ ദമ്പതികള്‍ മെക്‌സിക്കോയിലേക്ക് പോയത്. ന്യൂയോര്‍ക്കിലെ ന്യൂ ഹോപ് ഫെര്‍ട്ടിലിറ്റി സെന്റര്‍ മേധാവി ജോണ്‍ യാങാണ് മെക്‌സിക്കോയിലെ ആശുപത്രിയില്‍ ഈ ചികില്‍സയ്‌ക്ക് നേതൃത്വം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam