ജോലിക്കിടെ സിഗററ്റ് വലിക്കാൻ ഒരുപാട് ബ്രേക്ക് എടുത്തു; തൊഴിലാളിക്ക് വൻ പിഴ ചുമത്തി കമ്പനി

By Web TeamFirst Published Apr 1, 2023, 10:40 PM IST
Highlights

അധികസമയം ബ്രേക്ക് എടുത്ത തൊഴിലാളിക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് ഒരു ജാപ്പനീസ് കമ്പനി. സിഗററ്റ് വലിക്കുന്നതിനായി ഒരു തൊഴിലാളി അയാളുടെ ജോലി ചെയ്ത വര്‍ഷങ്ങളില്‍ എത്ര ഇടവേളയെടുത്തുവെന്ന് തിട്ടപ്പെടുത്തി അയാളില്‍ നിന്ന് ലക്ഷങ്ങള്‍ പിഴയായി ചുമത്തി വാങ്ങിയെടുത്തിരിക്കുകയാണ് ഈ കമ്പനി. 

മണിക്കൂറുകളോളം ജോലിസ്ഥലത്ത് ചിലവിടുമ്പോള്‍ ചായ കുടിക്കാനോ, സിഗററ്റ് വലിക്കാനോ, ഭക്ഷണം കഴിക്കാനോ എല്ലാം തൊഴിലാളികള്‍ ചെറിയ ഇടവേളകള്‍ എടുക്കാറുണ്ട്. ഈ സമയം കൂടി കണക്കിലെടുത്ത് തന്നെയാണ് തൊഴിലാളികളുടെ ജോലിസമയവും കമ്പനികള്‍ നിശ്ചയിക്കാറ്.

മിക്ക കമ്പനികളും പക്ഷേ തൊഴിലാളികള്‍ ബ്രേക്ക് എടുക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അവര്‍ നിര്‍ദേശിക്കുന്നതിലും അധികസമയം ഇടവേളയായി എടുത്താല്‍ താക്കീത് നല്‍കുകയോ നടപടിയെടുക്കുകയോ എല്ലാം ചെയ്യുന്നതിനാണ് ഈ ജാഗ്രത.

ഇത്തരത്തില്‍ അധികസമയം ബ്രേക്ക് എടുത്ത തൊഴിലാളിക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് ഒരു ജാപ്പനീസ് കമ്പനി. സിഗററ്റ് വലിക്കുന്നതിനായി ഒരു തൊഴിലാളി അയാളുടെ ജോലി ചെയ്ത വര്‍ഷങ്ങളില്‍ എത്ര ഇടവേളയെടുത്തുവെന്ന് തിട്ടപ്പെടുത്തി അയാളില്‍ നിന്ന് ലക്ഷങ്ങള്‍ പിഴയായി ചുമത്തി വാങ്ങിയെടുത്തിരിക്കുകയാണ് ഈ കമ്പനി. 

14 വര്‍ഷത്തിനിടെ 4,500 തവണയാണത്രേ പുവലിക്കുന്നതിനായി മാത്രം ഇദ്ദേഹം ബ്രേക്ക് എടുത്തത്. ഇതനുസരിച്ച് 9 ലക്ഷത്തിലധികം രൂപ ഇദ്ദേഹത്തില്‍ പിഴയായി വാങ്ങിച്ചിരിക്കുകയാണ് കമ്പനി. ഇതിന് പുറമെ ഇദ്ദേഹത്തിന്‍റെ ശമ്പളത്തിലും കുറവ് വരുത്തി.

പല തവണ ഇദ്ദേഹത്തെ ഇതേ വിഷയത്തിന്‍റെ പേരില്‍ താക്കീത് ചെയ്തിട്ടുള്ളതാണെന്നും, പലപ്പോഴും ഇദ്ദേഹം ടുബാക്കോ ജോലിസ്ഥലത്ത് സൂക്ഷിച്ചത് പിടിച്ചിട്ടുണ്ടെന്നും മറ്റുള്ള തൊഴിലാളികള്‍ക്ക് പോലും ഇദ്ദേഹത്തിന്‍റെ ഈ ശീലം ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്നും അതിനാലാണ് മാതൃകാപരമായ ശിക്ഷാനടപടിയിലേക്ക് നീങ്ങിയിരിക്കുന്നതെന്നുമാണ് കമ്പനി അറിയിക്കുന്നത്. 

സംഭവം വാര്‍ത്തയായതോടെ ഇതില്‍  വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നുവരുന്നത്. ഒരു വിഭാഗം പേര്‍ ജോലിസ്ഥലത്ത് തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനോ വലിക്കുന്നതിനോ ബാത്ത്‍റൂമില്‍ പോകുന്നതിനോ എല്ലാം പരിധി നിശ്ചയിക്കുന്നത് മോശമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം പരിധികളില്ലാതെ ബ്രേക്ക് എടുത്താല്‍ അത് ഉത്പാദനക്ഷമതയെ ബാധിക്കുമെന്നതിനാല്‍ അത് അനുവദിച്ച് കൊടുക്കരുതെന്നാണ് മറുവിഭാഗം വാദിക്കുന്നത്. എന്തായാലും വിചിത്രമായ സംഭവം വലിയ രീതിയില്‍ ശ്രദ്ധ നേടി എന്ന് തന്നെ പറയാം. 

Also Read:- വഴക്കിനിടെ സ്ത്രീയുടെ മുഖത്ത് പിസ കൊണ്ട് അടിച്ചു; യുവാവിനെ പിടികൂടി പൊലീസ്

 

click me!