കുട്ടികള്‍ ഇനി ഫോണ്‍ ഉപയോഗിക്കേണ്ട, ചെയ്താല്‍ പിഴ; വിചിത്രമായ തീരുമാനവുമായി ഒരു ഗ്രാമം

By Web TeamFirst Published Nov 17, 2022, 3:47 PM IST
Highlights

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ തന്നെ സംഗ്ലി ഗ്രാമത്തില്‍ വൈകീട്ട് പരിമിതമായ സമയത്തേക്ക് മുഴുവൻ ഗ്രാമവാസികളെയും ഫോണ്‍ ഉപയോഗത്തില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള തീരുമാനം ഗ്രാമസഭ പുറപ്പെടുവിച്ചിരുന്നു.

കുട്ടികള്‍ അധികസമയം മൊബൈല്‍ ഫോണില്‍ ചെവിടുന്നത് അവരുടെ പഠനത്തെയോ മറ്റ് കാര്യങ്ങളെയോ എല്ലാം പ്രതികൂലമായി ബാധിക്കാം. എന്നാല്‍ അവരോട് ഫോണ്‍ ഉപയോഗം തീര്‍ത്തും വേണ്ട എന്ന് ഇന്ന് പറയാനും സാധിക്കില്ല. അത്രമാത്രം ഡിജിറ്റലൈസ്ഡ് ആയൊരു സമൂഹത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്.

ഓണ്‍ലൈൻ പഠനത്തിന് അടക്കം കുട്ടികള്‍ മൊബൈല്‍ ഫോണുകളെ വ്യാപകമായ രീതിയില്‍ ആശ്രയിക്കുന്നുമുണ്ട് ഇന്ന്. ഇതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുകയേ വേണ്ട എന്നവരോട് നിര്‍ദേശിക്കുക സാധ്യമല്ലല്ലോ. 

എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശം- അല്ല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണൊരു ഗ്രാമം. മഹാരാഷ്ട്രയിലെ യവത്മാലില്‍ ബന്‍സി ഗ്രാമത്തിലാണ് ഗ്രാമസഭ വിചിത്രമായ തീരുമാനമെടുത്തിരിക്കുന്നത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ട എന്നാണിവരുടെ തീരുമാനം.

അഥവാ ഉപയോഗിച്ചാല്‍ 200 രൂപ പിഴ നല്‍കണം. തീരുമാനം ഗ്രാമത്തിലെ ഏവരും സ്വാഗതം ചെയ്തിട്ടുണ്ടെന്നാണ് ഗ്രാമസഭ പ്രതിനിധികള്‍ അറിയിക്കുന്നത്. കുട്ടികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തോ എന്ന ചോദ്യത്തിന്, അതെയെന്ന് തന്നെയാണ് ഇവര്‍ ഉത്തരം നല്‍കുന്നത് 

കൊവിഡ് കാലത്ത് കുട്ടികള്‍ അമിതമായി ഫോണ്‍ ഉപയോഗം തുടങ്ങിയതെന്നും അങ്ങനെ കുട്ടികള്‍ ഫോണുകള്‍ക്ക് അടിപ്പെടുന്ന സാഹചര്യം വന്നുവെന്നും ഇതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്നുമാണ് ഇവര്‍ അറിയിക്കുന്നത്. ഈ തീരുമാനത്തിലൂടെ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അതുവഴി കുടുംബങ്ങളുടെ തന്നെ നിലനില്‍പിന് ഗുണകരമായ അന്തരീക്ഷമുണ്ടാകുമെന്നുമാണ് ഇവര്‍ അറിയിക്കുന്നത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ തന്നെ സംഗ്ലി ഗ്രാമത്തില്‍ വൈകീട്ട് പരിമിതമായ സമയത്തേക്ക് മുഴുവൻ ഗ്രാമവാസികളെയും ഫോണ്‍ ഉപയോഗത്തില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള തീരുമാനം ഗ്രാമസഭ പുറപ്പെടുവിച്ചിരുന്നു. വൈകീട്ട് ഏഴ് മണിക്ക് സൈറണ്‍ പുറപ്പെടുവിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് അനുസരിക്കാത്തവര്‍ക്ക് പിഴ അടക്കമുള്ള ശിക്ഷ നല്‍കുമെന്നും ഗ്രാമസഭ അറിയിച്ചിരുന്നു. 

Also Read:- ഡേറ്റിംഗ് ആപ്പിലൂടെയുള്ള അടുപ്പവും പ്രണയങ്ങളും അരുംകൊലപാതകങ്ങളിലേക്കെത്തുമ്പോള്‍...

click me!