കൊവിഡ് കാലത്ത് പട്ടിണിയിലായവരെ സഹായിക്കാന്‍ ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കൂട്ടായ്മ

By Web TeamFirst Published Jun 2, 2021, 11:10 PM IST
Highlights

കാര്യമായ സാമ്പത്തിക അടിത്തറയില്ലാത്ത കൂട്ടായ്മയ്ക്ക് എത്ര നാളത്തേക്കാണ് ഈ സേവനപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവുക എന്ന് പറയാനാകില്ല. പൊതുജനത്തിന്റെ കൂടി സഹായം തേടുകയാണ് ഇവരിപ്പോള്‍

കൊവിഡ് 19 മഹാമാരിക്കാലത്ത് പട്ടിണിയിലായ തെരുവിന്റെ മക്കള്‍ക്കും രോഗികള്‍ക്കും ഭക്ഷണമെത്തിച്ച്  ആസിഡ് ആക്രമണത്തിനിരയായവരുടെ കൂട്ടായ്മ. 'Chhanv' എന്ന സന്നദ്ധ സംഘടനയും 'Sherose hangout' എന്ന കഫേയും സംയുക്തമായാണ് ആഗ്ര കേന്ദ്രീകരിച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

ഈ രണ്ട് കൂട്ടായ്മയും ആസിഡ് ആക്രമണത്തിന് ഇരയായവര്‍ തന്നെയാണ് ഏകോപിപ്പിക്കുന്നത്. കഫേയില്‍ തയ്യാറാക്കുന്ന ഭക്ഷണം തെരുവില്‍ കഴിയുന്ന വീടില്ലാത്തവര്‍ക്കും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരായ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം സൗജന്യമായി നല്‍കിവരികയാണ്. 

'മെയ് 17 മുതലാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തനം തുടങ്ങിയത്. ആഗ്ര ജില്ലാ ആശുപത്രിയിലെത്തുന്ന നിര്‍ധനരായ കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. പിന്നീട് തെരുവിലും ചേരികളിലും കഴിയുന്ന ദരിദ്രരായ ആളുകളെ സഹായിക്കുന്നതിനും ഞങ്ങള്‍ക്ക് സാധിച്ചു. ചോറ്, റൊട്ടി, സബ്ജി, തൈര്, സലാഡ്, പരിപ്പ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണപ്പൊതികളാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. ദിവസവും നൂറിലധികം പേര്‍ക്ക് ഞങ്ങളുടെ സഹായമെത്തുന്നുണ്ട്. കൊവിഡിന് ശേഷവും ഈ സേവനപ്രവര്‍ത്തനം തുടരണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം...'- കഫേ സ്ഥാപകരില്‍ ഒരാളായ ആഷിഷ് ശുക്ല പറയുന്നു. 

ഇവരുടെ കഫേയില്‍ തന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ജീവനക്കാരെല്ലാം തന്നെ സന്തോഷത്തോടെയാണ് സേവനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സഹകരിക്കുന്നത്. 

'ഈ പ്രവര്‍ത്തനം എന്നെ വലിയ രീതിയില്‍ സന്തോഷിപ്പിക്കുന്നുണ്ട്. എന്നെ മാത്രമല്ല, എന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവരുടെയും അഭിപ്രായം ഇതുതന്നെയാണ്. ഭക്ഷണത്തിന് വേണ്ടി ദുരിതപ്പെടുന്നവരുടെ മുന്നിലേക്ക് നമ്മള്‍ ഈ പൊതി നീട്ടുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന ചിരിയുണ്ടല്ലോ, അതുതന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും...'- കഫേ ജീവനക്കാരിയായ രൂപ പറയുന്നു. രൂപയും ആസിഡ് ആക്രമണത്തെ അതിജീവിച്ച വ്യക്തിയാണ്. 

കാര്യമായ സാമ്പത്തിക അടിത്തറയില്ലാത്ത കൂട്ടായ്മയ്ക്ക് എത്ര നാളത്തേക്കാണ് ഈ സേവനപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവുക എന്ന് പറയാനാകില്ല. പൊതുജനത്തിന്റെ കൂടി സഹായം തേടുകയാണ് ഇവരിപ്പോള്‍. നന്മയുള്ള മനസുകള്‍ കൈ തരുമെന്നും, തുടര്‍ന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാമെന്നും തന്നെയാണ് ഇവര്‍ അടിയുറച്ച് വിശ്വസിക്കുന്നത്. 

Also Read:- 'ആ അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചവരെ ശവംതീനികൾ എന്ന് വിളിക്കണം'; കുറിപ്പ് വൈറല്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!