ബീഹാറിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണം: രോഗത്തിന് കാരണം ലിച്ചി പഴമോ?

Published : Jun 15, 2019, 09:00 PM IST
ബീഹാറിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണം: രോഗത്തിന് കാരണം ലിച്ചി പഴമോ?

Synopsis

കടുത്ത പനിയാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയൽ, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും

പട്‍ന: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് പത്ത് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ കൂട്ടമരണം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കിടെ മുസാഫർപുർ ജില്ലയിൽ മാത്രം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 73 ആയി. ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മുസഫർപൂർ സന്ദർശിക്കും. അതേസമയം രോഗത്തിന് പിന്നിൽ പ്രദേശത്ത് വൻതോതിൽ കൃഷി ചെയ്യുന്ന ലിച്ചി എന്ന് വിളിക്കപ്പെടുന്ന പഴത്തിന്റെ ഉപയോഗമാണോയെന്ന് സംശയം ഉയർന്നിരിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മുസാഫർപുറിൽ ഈ രോഗബാധ സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. മെയ് - ജൂൺ മാസങ്ങളിൽ ലിച്ചി പഴത്തിന്റെ വിളവെടുപ്പ് സമയമാണ്. ഈ സമയം ഇവിടെ വേനൽക്കാലവുമാണ്. അന്നജത്തിന്റെ കുറവുള്ള ഘട്ടങ്ങളിൽ പോഷകാഹാരത്തിന്റെ കുറവുള്ള കുട്ടികൾ ഈ പഴം കഴിക്കുമ്പോൾ അതിലെ മെഥലിൻ സൈക്ലോപ്രൊപിൽ ഗ്ലൈസിൻ എന്ന വിഷാംശം തലച്ചോറുകളുടെ പ്രവർത്തനം താറുമാറാക്കുന്നുവെന്നാണ് സംശയം. 

എല്ലാ മരണങ്ങളും മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജ്‍രിവാൾ മൈത്രിസദൻ ആശുപത്രിയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലഡ് ഷുഗർ അളവ് ക്രമാതീതമായി താഴ്ന്നതാണ് മരണ കാരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ജനുവരി മുതൽ മുസഫർപൂരിൽ മാത്രം മസ്തിഷ്ക ജ്വരം ബാധിച്ച് 134 കുഞ്ഞുങ്ങളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 119 കുഞ്ഞുങ്ങൾ കടുത്ത പനിയും മസ്തിഷ്ക ജ്വരവും ബാധിച്ച് ചികിത്സ തേടിയെത്തി. രണ്ട് ദിവസം മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 48 ആയിരുന്നു. ഇതാണ് ഇപ്പോൾ 73 ൽ എത്തിയിരിക്കുന്നത്. 

രോഗബാധിതരായ ഭൂരിഭാഗം കുട്ടികളിലും ഗ്ലൂക്കോസ് പൊടുന്നനെ ക്രമാതീതമായി താഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മസ്തിഷ്കജ്വരം ബാധിച്ച് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒമ്പത് കുട്ടികളുടെ നില ഗുരുതരമാണ്. കെജ്‍രിവാൾ മൈത്രിസദനിലെ അഞ്ച് കുട്ടികളും ഗുരുതരാവസ്ഥയിൽ തുടരുന്നു.  വ്യാഴാഴ്ച, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്‍ധ സംഘം രണ്ട് ആശുപത്രികളും സന്ദർശിച്ചിരുന്നു. കുട്ടികൾക്കായി പ്രത്യേക വാർഡ് വേണമെന്നും കുട്ടികളുടെ സാംപിളുകൾ പരിശോധിക്കാൻ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്‍ധ സംഘം നിർദേശിച്ചു.

നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എൻസിഫിലൈറ്റിസ് സിൻഡ്രോം ബാധിച്ചത്. പത്ത് വയസുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയൽ, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടർന്നു പിടിക്കാൻ സാധ്യത. എന്നാലിത്തവണ വേനൽക്കാലത്താണ് ബിഹാറിൽ രോഗം പടർന്നിരിക്കുന്നത്. 

ജാപ്പനീസ് എൻസിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ൽ തമിഴ്‍നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോൾ ബിഹാറിലും പടർന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാർ, ജാർഖണ്ഡ്, കർണാടക, മണിപ്പൂർ, മേഘാലയ, ത്രിപുര, തമിഴ്‍നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ