താജ് മഹല്‍ സന്ദര്‍ശനത്തിനിടെ ട്രംപിനെ കുരങ്ങുകള്‍ തുരത്തുമോ?

By Web TeamFirst Published Feb 19, 2020, 10:47 PM IST
Highlights

താജ് മഹല്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരും കച്ചവടക്കാരുമെല്ലാം ഒരുപോലെ ദുരിതത്തിലാണ് ഈ കുരങ്ങ് ശല്യം കാരണം. സംഗതി അമേരിക്കന്‍ പ്രസിഡന്റാണ്, വലിയ തോതില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതൊന്നും കുരങ്ങുകളെ സംബന്ധിച്ച് വിഷയമല്ലല്ലോ, അതിനാല്‍ത്തന്നെ അവ ട്രംപിന്റെ സന്ദര്‍ശനവേളയിലും രാജ്യത്തിന്റെ പേര് കെടുത്താന്‍ കച്ച കെട്ടിയിറങ്ങുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം, പല രീതികളില്‍ വാര്‍ത്താകോളങ്ങളില്‍ നിറയുമ്പോള്‍ ഏറെ വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ടാണ് ആഗ്രയില്‍ നിന്നെത്തുന്നത്. 24, 25 തീയ്യതികളിലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ട്രംപും ഭാര്യ മെലാനിയയും താജ് മഹല്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചന പരന്നതോടെയാണ് ആഗ്രയില്‍ നിന്ന് ഈ രസകരമായ വാര്‍ത്തയെത്തുന്നത്. 

ദിവസവും ശരാശരി 25,000 സന്ദര്‍ശകരെത്തുന്ന, ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ചരിത്ര സ്മാരകമാണ് താജ് മഹല്‍. എന്നാല്‍ അടുത്ത കാലങ്ങളിലായി താജ് മഹലിന്റെ പരിസരങ്ങളില്‍ കുരങ്ങുകളുടെ ശല്യം നിയന്ത്രണാതീതമായി മാറിയ കാഴ്ചയാണ് കാണാനാകുന്നത്. 

താജ് മഹല്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരും കച്ചവടക്കാരുമെല്ലാം ഒരുപോലെ ദുരിതത്തിലാണ് ഈ കുരങ്ങ് ശല്യം കാരണം. സംഗതി അമേരിക്കന്‍ പ്രസിഡന്റാണ്, വലിയ തോതില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതൊന്നും കുരങ്ങുകളെ സംബന്ധിച്ച് വിഷയമല്ലല്ലോ, അതിനാല്‍ത്തന്നെ അവ ട്രംപിന്റെ സന്ദര്‍ശനവേളയിലും രാജ്യത്തിന്റെ പേര് കെടുത്താന്‍ കച്ച കെട്ടിയിറങ്ങുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. 

'ഞങ്ങള്‍ നിത്യേന ഈ ദുരിതം അനുഭവിക്കുന്നവരാണ്. ധാരാളം ടൂറിസ്റ്റുകള്‍ ഈ ഒരൊറ്റ കാരണം കൊണ്ട് ഇവിടം വെറുത്ത് മടങ്ങുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനസമയത്തും ഈ കുരങ്ങുകള്‍ യഥേഷ്ടം വിലസുകയാണെങ്കില്‍ അത് ഒരു ദുരന്തമായിരിക്കും എന്നേ പറയാനുള്ളൂ...'- 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ടിന് വേണ്ടി ഒരു നാട്ടുകാരന്‍ പറഞ്ഞതാണിത്. 

കുരങ്ങുകളെ തുരത്തിയോടിക്കാന്‍ തെറ്റാലിയുമായി ഗാര്‍ഡുകളുണ്ട് ഇവിടെ. എന്നാല്‍ ഈ തെറ്റാലി (കവണ) കൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങുകള്‍ ഒന്നിച്ച് കൂട്ടമായി വന്നാലാണത്രേ അപകടം. ഗാര്‍ഡുകള്‍ പോലും പേടിച്ച് പിന്മാറാണത്രേ ഇത്തരം അവസരങ്ങളില്‍. വെറുതെ ശല്യപ്പെടുത്തുക മാത്രമല്ല, ചിലപ്പോഴെങ്കിലും ഇവര്‍ അക്രമാസക്തരാവുകയും ചെയ്യാറുണ്ട്. 2018ല്‍ താജ് മഹല്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് ഫ്രഞ്ച് ടൂറിസ്റ്റുകള്‍ സെല്‍ഫിയെടുക്കുന്നതിനിടെ കുരങ്ങുകളുടെ ആക്രമണത്തിന് വിധേയരായത് അന്ന് വലിയ തോതില്‍ വാര്‍ത്തയാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഏതായാലും ട്രംപിന്റെ സന്ദര്‍ശനം ഉറപ്പായിട്ടില്ലെങ്കില്‍ കൂടി, വേണ്ട മുന്‍കരുതലുകളെടുക്കാന്‍ വനം കുപ്പ് ഒരുങ്ങിയിട്ടുണ്ടെന്നാണ് അറിവ്.

click me!