
ഫാഷൻ ലോകത്ത് ചരിത്രപരമായ നേട്ടം കുറിച്ച് ഹൈദരാബാദ് സ്വദേശിയായ ഭവിതാ മണ്ഡാവ. ന്യൂയോർക്കിൽ നടന്ന പ്രശസ്തമായ ‘ഷാനൽ മെറ്റിയേഴ്‌സ് ഡി ആർട്ട്’ 2026 ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ എന്ന ബഹുമതിയാണ് 25 വയസ്സുകാരിയായ ഭവിത സ്വന്തമാക്കിയത്. ആഢംബര ഫാഷൻ രംഗത്തെ ഇന്ത്യൻ പ്രാതിനിധ്യത്തിന് ഈ നേട്ടം പുതിയ ദിശാബോധം നൽകുന്നു.
ആർക്കിടെക്ചർ, ഡിജിറ്റൽ ഡിസൈൻ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരാളായിരുന്നു ഭവിതാ മണ്ഡാവ. ഹൈദരാബാദിലെ ജെ.എൻ.ടി.യുവിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം പൂർത്തിയാക്കിയ ശേഷം, ഇന്ററാക്ടീവ് ഡിസൈൻ ആൻഡ് മീഡിയയിൽ മാസ്റ്റേഴ്സ് പഠനത്തിനായിട്ടാണ് ഭവിത അമേരിക്കയിലേക്ക് പോയത്. മോഡലിംഗ് എന്നത് അവരുടെ ചിന്തകളിൽ പോലുമില്ലായിരുന്നു. എന്നാൽ, ന്യൂയോർക്കിലെ ഒരു സബ്‌വേ സ്റ്റേഷനിൽ വെച്ച് യാദൃച്ഛികമായി നടന്ന ഒരൊറ്റ കൂടിക്കാഴ്ച ഭവിതയുടെ ജീവിതം മാറ്റിമറിച്ചു.
അക്കാദമിക് രംഗത്ത് മാത്രം ശ്രദ്ധിച്ചിരുന്ന ഭവിതയെ കണ്ടെത്തിയത് പ്രശസ്ത ഫ്രഞ്ച്-ബെൽജിയൻ ഡിസൈനറും ഫാഷൻ ലോകത്തെ പ്രശസ്ത വ്യക്തിയുമായ മാത്യൂ ബ്ലേസിയാണ്. ജീൻസും ടീഷർട്ടുമണിഞ്ഞ് നിന്ന ഭവിതയുടെ സ്വാഭാവികമായ വ്യക്തിത്വത്തിൽ ആകൃഷ്ടനായ ബ്ലേസി അവരെ നേരിട്ട് സമീപിച്ചു. തുടർന്ന്, ദിവസങ്ങൾക്കുള്ളിൽ കാസ്റ്റിംഗുകളും ഫിറ്റിംഗുകളും അടങ്ങുന്ന അന്താരാഷ്ട്ര ഫാഷൻ ലോകത്തേക്ക് ഭവിത എത്തി. ബ്ലേസിയുടെ ബൊട്ടേഗ വെനീറ്റ (Bottega Veneta) ഷോയിലൂടെ എക്സ്ക്ലൂസീവ് മോഡലായി അരങ്ങേറ്റം കുറിച്ച ഭവിത പിന്നീട് ന്യൂയോർക്ക്, പാരീസ്, മിലാൻ, ലണ്ടൻ എന്നിവിടങ്ങളിലെ പ്രമുഖ ഫാഷൻ വീക്കുകളിൽ റാമ്പ് വാക്ക് ചെയ്തു. ഡിയോർ (Dior) ഉൾപ്പെടെയുള്ള ഫാഷൻ പ്രമുഖരുടെ ശ്രദ്ധയും ഇവർ നേടി.
ന്യൂയോർക്കിലെ ബോവറി സ്റ്റേഷനിൽ നാടകീയമായ പശ്ചാത്തലത്തിൽ ഒരുക്കിയ 'ഷാനൽ മെറ്റിയേഴ്‌സ് ഡി ആർട്ട് 2026' ഷോയുടെ ഓപ്പണിംഗ് വാക്ക് നയിക്കുക വഴി ഭവിത ചരിത്രത്തിൽ ഇടം നേടി. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ മോഡൽ ഷാനെലിന്റെ ഇത്രയും പ്രധാനപ്പെട്ട ഷോയിൽ ഓപ്പണിംഗ് വാക്ക് ചെയ്യുന്നത്. ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഭവിതയുടെ മാതാപിതാക്കൾ ഓഡിയൻസിൽ ഉണ്ടായിരുന്നു എന്നത് ഈ നേട്ടത്തെ കൂടുതൽ വൈകാരികമാക്കി. അഭിമാനത്താൽ കരഞ്ഞുകൊണ്ട് മകളുടെ പേര് വിളിച്ച് കയ്യടിക്കുന്ന അമ്മയുടെയും സന്തോഷം അടക്കാനാവാതെ കണ്ണീരൊപ്പുന്ന അച്ഛന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
"ഇതിന്റെ പ്രാധാന്യം വാക്കുകളിൽ വിവരിക്കാൻ എനിക്കാവില്ല," എന്ന് ഈ വികാരനിർഭരമായ നിമിഷത്തെക്കുറിച്ച് ഭവിത സോഷ്യൽ മീഡിയയിൽ കുറിച്ചു. ബോളിവുഡ് നടി അതിഥി റാവു ഹൈദരി ഉൾപ്പെടെ നിരവധി പ്രമുഖർ ഭവിതയ്ക്ക് അഭിനന്ദനവുമായി എത്തി. ഈ സംഭവം ഭവിതയുടെ കഥയ്ക്ക് ഒരു കാവ്യാത്മക ഭംഗി നൽകുന്നതായി ഫാഷൻ നിരൂപകൻ വിരേൻ എച്ച് ഷാ അഭിപ്രായപ്പെട്ടു. സബ്‌വേയിൽ വെച്ച് കണ്ടെത്തിയ മോഡൽ, ഒരു ട്രെയിൻ സ്റ്റേഷൻ വേദിയാക്കിയ റാമ്പിൽ ഷാനെലിന്റെ മുഖമായി അവതരിച്ചത് യാദൃച്ഛികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ആഢംബര ഫാഷൻ രംഗത്ത് ഇന്ത്യയ്ക്ക് ഇത് അഭിമാനകരമായ നേട്ടമാണ്.