വരന് കണ്ണടയില്ലാതെ പത്രം വായിക്കാനായില്ല; വിവാഹദിവസം ബന്ധം വേണ്ടെന്ന് വച്ച് വധു

By Web TeamFirst Published Jun 26, 2021, 6:03 PM IST
Highlights

വിവാഹദിവസം മുഴുവന്‍ സമയവും വരൻ കണ്ണട ധരിച്ച് നടക്കുന്നത് കണ്ടപ്പോള്‍ വധുവിന് സംശയം തോന്നുകയും അവര്‍ വീട്ടുകാരോട് ഇക്കാര്യം അവതരിപ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് വീട്ടുകാര്‍ കൂടി ചേര്‍ന്ന് വരന്റെ കാഴ്ചശക്തി പരിശോധിച്ചു. കണ്ണട വയ്ക്കാതെ പത്രം വായിക്കാന്‍ കഴിയുമോ എന്നായിരുന്നു ഇവര്‍ പരിശോധിച്ചത്
 

ഇന്ത്യന്‍ വിവാഹങ്ങളില്‍ ഭൂരിപക്ഷവും കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ചുറപ്പിച്ച ശേഷം നടക്കുന്നതാണെന്ന് നമുക്കറിയാം. വ്യക്തികളുടെ സ്വതന്ത്രാഭിപ്രായങ്ങള്‍, പ്രത്യേകിച്ച് സ്ത്രീയുടേത് മൂല്യത്തോടെ കണക്കാക്കപ്പെടുന്ന സാഹചര്യം പലയിടങ്ങളിലും ഇല്ല എന്നത് യാഥാര്‍ത്ഥ്യവുമാണ്. 

ഇങ്ങനെയൊരു പശ്ചാത്തലമുണ്ടായിരിക്കുന്നത് കൊണ്ട് തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹബന്ധത്തില്‍ നിന്ന് വരനോ വധുവോ സ്വന്തം ഇഷ്ടപ്രകാരം പിന്മാറുന്നതും നമ്മുടെ നാട്ടില്‍ അപൂര്‍വ്വമാണ്. എങ്കിലും ഇത്തരം സംഭവങ്ങള്‍ ഇവിടെ സംഭവിക്കാറുമുണ്ട്. തക്കതായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വ്യക്തികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറാറുള്ളത്. 

എന്നാല്‍ ചിലപ്പോഴെങ്കിലും കേള്‍ക്കുമ്പോള്‍ കൗതുകമോ, പുതുമയോ തോന്നിക്കുന്ന കാരണങ്ങളുടെ പേരിലും വിവാഹങ്ങള്‍ നിന്നുപോകാറുണ്ട്. അത്തരമൊരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഔരയ്യ എന്ന സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. 

വരന് കണ്ണട വയ്ക്കാതെ പത്രം വായിക്കാനാകില്ലെന്ന് തെളിഞ്ഞതോടെയാണ് വിവാഹദിവസം ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ വധു തീരുമാനിച്ചത്. വിവാഹമുറപ്പിച്ച ഘട്ടങ്ങളിലൊന്നും വധുവിനോ വീട്ടുകാര്‍ക്കോ വരന്റെ കാഴ്ചയ്ക്ക് പ്രശ്‌നമുള്ളതായി അറിവുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹദിവസം മുഴുവന്‍ സമയവും കണ്ണട ധരിച്ച് നടക്കുന്നത് കണ്ടപ്പോള്‍ വധുവിന് സംശയം തോന്നുകയും അവര്‍ വീട്ടുകാരോട് ഇക്കാര്യം അവതരിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ കൂടി ചേര്‍ന്ന് വരന്റെ കാഴ്ചശക്തി പരിശോധിച്ചു. കണ്ണട വയ്ക്കാതെ പത്രം വായിക്കാന്‍ കഴിയുമോ എന്നായിരുന്നു ഇവര്‍ പരിശോധിച്ചത്. ഇതിന് കഴിയാതിരുന്നതിനെ തുടര്‍ന്ന് ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. നേരത്തേ ഇക്കാര്യം അറിയിച്ചില്ലെന്നും ഇത് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് വധുവും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. 

എന്ന് മാത്രമല്ല, വരനും വീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനമായി നല്‍കിയ പണവും മോട്ടോര്‍ സൈക്കിളും തിരികെ നല്‍കാനും പെണ്‍വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നും വധുവിന്റെ അച്ഛന്‍ അറിയിക്കുകയും ചെയ്തു.

Also Read:- വിവാഹ വിരുന്നില്‍ മട്ടന്‍കറിയില്ല; വിവാഹത്തില്‍ നിന്നും പിന്‍മാറി വരന്‍

click me!