ഇന്ത്യയില്‍ യാത്രയ്ക്കിടെ വിമാനത്തിനകത്ത് വാച്ച് നഷ്ടപ്പെട്ടു; വിദേശവ്യവസായിയുടെ അനുഭവം ശ്രദ്ധേയം

By Web TeamFirst Published Nov 29, 2022, 5:13 PM IST
Highlights

ആൻഡേഴ്സ് ആൻഡേഴ്സണ്‍ എന്നാണിദ്ദേഹത്തിന്‍റെ പേര്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ചിലയിടങ്ങളില്‍ യാത്ര ചെയ്യവേ ബംഗലൂരുവില്‍ വച്ച് വിമാനത്തിനുള്ളിലാണ് ഇദ്ദേഹത്തിന്‍റെ വാച്ച് നഷ്ടപ്പെട്ടത്

നമുക്ക് ഏറ്റവും പ്രിയപ്പെട്ട നമ്മുടെ സാധനങ്ങള്‍ കളഞ്ഞുപോകുന്നത് തീര്‍ച്ചയായും വലിയ രീതിയിലുള്ള വിഷമവും മാനസികപ്രയാസവും തീര്‍ക്കുന്നത് തന്നെയാണ്. ഫോണ്‍,  ലാപ്ടോപ്, വാച്ച് തുടങ്ങി ഇത്തരത്തില്‍ നഷ്ടപ്പെട്ടാല്‍ നമുക്ക് നല്ലതോതില്‍ പ്രയാസം തോന്നുന്ന പ്രിയപ്പെട്ട സാധനങ്ങള്‍ പലതാണ്. 

പ്രത്യേകിച്ച് യാത്രകളിലാണ് ഇത്തരത്തില്‍ സാധനങ്ങള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കൂടുതലുമുള്ളത്. പൊതുഗതാഗത സര്‍വീസുകളിലോ, ഓട്ടോ- ടാക്സികളിലോ എന്തിലുമാകട്ടെ നഷ്ടമായ സാധനങ്ങള്‍ തിരികെ കിട്ടാനും എപ്പോഴും പ്രയാസമാണ്. അതും വിറ്റാല്‍ വില കിട്ടുന്നവയാണെങ്കില്‍ തിരികെ കിട്ടാനുള്ള സാധ്യത അത്രയും കുറയും. 

ഒരു സാധനത്തിനും നാം പുറത്തുനിന്ന് നോക്കുമ്പോഴുള്ള വില ആയിരിക്കില്ല അതിന്‍റെ ഉടമസ്ഥര്‍ക്ക് അതിനോട് ഉണ്ടായിരിക്കുക. ചിലതെല്ലാം വിലമതിക്കാനാവാത്ത സാന്നിധ്യമായിരിക്കും നമ്മുടെ ജീവിതത്തില്‍. അത്തരത്തില്‍ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന വാച്ച് വിമാനത്തിനകത്ത് വച്ച് നഷ്ടമായിപ്പോയതിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും ഒരു വ്യവസായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണിപ്പോള്‍.

സ്കാൻഡനേവിയൻ മേഖലകളിലെവിടെയോ പ്രവര്‍ത്തിക്കുന്നരൊളാണ് ഇദ്ദേഹം. ആൻഡേഴ്സ് ആൻഡേഴ്സണ്‍ എന്നാണിദ്ദേഹത്തിന്‍റെ പേര്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ചിലയിടങ്ങളില്‍ യാത്ര ചെയ്യവേ ബംഗലൂരുവില്‍ വച്ച് വിമാനത്തിനുള്ളിലാണ് ഇദ്ദേഹത്തിന്‍റെ വാച്ച് നഷ്ടപ്പെട്ടത്. 

സംഭവം മനസിലാക്കിയ ഉടൻ തന്നെ ആൻഡേഴ്സണ്‍ വിമാനത്താവളത്തിന്‍റെ അധികാരപ്പെട്ടവര്‍ക്ക് ഇ-മെയില്‍ അയച്ചു. സംഭവിച്ചത് വിശദമാക്കിക്കൊണ്ട് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്‍റെ മെയില്‍. ഇതയക്കുമ്പോഴും നഷ്ടമായ വാച്ച് തിരികെ കിട്ടുമെന്ന് ഇദ്ദേഹം പ്രതീക്ഷിച്ചില്ല. ഓരോ ദിവസവും എത്ര യാത്രക്കാര്‍ വന്നുപോകുന്ന സ്ഥലമാണ്. എത്ര പരാതികളുയര്‍ന്നുവരുന്നതാണ്. ഇതിനിടെ തന്‍റെ പ്രശ്നം സമയബന്ധിതമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാതിരിക്കുന്നത് സ്വാഭാവികമാണല്ലോ. 

എങ്കിലും ആൻഡേഴ്സണിന്‍റെ മെയിലിന് അര മണിക്കൂറിനകം തന്നെ വിമാനത്താവള അധികൃതര്‍ മറുപടി അയച്ചു. അപ്പോഴും തനിക്ക് വാച്ച് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇവരില്‍ നിന്ന് അടുത്ത മെയിലും വന്നു. 

വാച്ച് കണ്ടുകിട്ടിയിരിക്കുന്നു. അത് എയര്‍പോര്‍ട്ടില്‍ കൈമാറാൻ സാധിക്കുന്ന രീതിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു മെയിലിന്‍റെ ഉള്ളടക്കം. തന്‍റെ വാച്ചിന് വേണ്ടി ഇത്രയും കാര്യങ്ങള്‍ ചെയ്യാനും തന്‍റെ പ്രശ്നത്തില്‍ തന്നോടൊപ്പം നില്‍ക്കാനും സന്മനസ് കാണിച്ച വിമാനത്താവള അധികൃതര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ആൻഡേഴ്സണ്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യമായ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ അതേ പ്രാധാന്യത്തിലെടുക്കുകയും അത് പരിഹരിക്കാൻ മുൻകയ്യെടുക്കുകയും ചെയ്യുന്നത് ഏറെ പ്രതീക്ഷാവഹമായ ചുറ്റുപാട് തന്നെയെന്ന് കുറിപ്പ് പങ്കുവയ്ക്കുന്നവരെല്ലാം അഭിപ്രായമായി പറയുന്നു. 

Also Read:- റോഡില്‍ നിന്ന് 45 ലക്ഷം രൂപ അടങ്ങിയ ബാഗ് കിട്ടി; തിരികെ നല്‍കി ട്രാഫിക് പൊലീസുകാരൻ

tags
click me!