ജീവനക്കാരോട് എത്ര മാന്യമായി പെരുമാറുന്നുവോ, അത്രയും 'ഡിസ്‌കൗണ്ട്'!

By Web TeamFirst Published May 21, 2021, 9:36 PM IST
Highlights

ഒരു കഫേയുടെ പരസ്യബോര്‍ഡാണ് ചിത്രത്തിലുള്ളത്. കഫേയില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് എത്രമാത്രം മാന്യമായി കസ്റ്റമര്‍ കാപ്പി ചോദിക്കുന്നുവോ അതിന് അനുസരിച്ച് കസ്റ്റമര്‍ക്ക് കാപ്പിയില്‍ 'ഡിസ്‌കൗണ്ട്' ലഭിക്കുമെന്നാണ് പരസ്യബോര്‍ഡ്

ചെറിയ കടകളിലും റെസ്‌റ്റോറന്റുകളിലുമെല്ലാം ജോലി ചെയ്യുന്ന ജീവനക്കാരോട് മോശമായി പെരുമാറുന്ന ധാരാളം പേരുണ്ട്. തങ്ങളെക്കാള്‍ താഴ്ന്ന നിലവാരമുള്ള ജോലി ചെയ്യുന്നവര്‍, ചെറിയ വരുമാനമുള്ളവര്‍ തുടങ്ങി വംശീയത വരെ ഇതില്‍ ഘടകമാകാറുണ്ട്. 

അതേസമയം ചെറിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോട് അവരര്‍ഹിക്കുന്ന കരുതലും മര്യാദയും പ്രകടമായിത്തന്നെ കാണിക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള നല്ല പെരുമാറ്റം അതത് വ്യക്തികളുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുകയേ ഉള്ളൂ. ഒരുവേള സെലിബ്രിറ്റികളെ പോലും നമ്മള്‍ വിലയിരുത്തുന്നത് സാധാരണക്കാരോട് അവരെങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചാവാറില്ലേ? 

എന്തായാലും ചെറിയ ജോലികള്‍ ചെയ്യുന്നവരും സമൂഹത്തില്‍ മാന്യമായ സ്ഥാനമര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ഇതേ കാഴ്ചപ്പാട് ഉയര്‍ത്തിക്കാണിക്കുന്നൊരു പരസ്യബോര്‍ഡിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലും റെഡ്ഡിറ്റിലുമെല്ലാം പ്രചരിച്ചിരുന്നു. 

ഒരു കഫേയുടെ പരസ്യബോര്‍ഡാണ് ചിത്രത്തിലുള്ളത്. കഫേയില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് എത്രമാത്രം മാന്യമായി കസ്റ്റമര്‍ കാപ്പി ചോദിക്കുന്നുവോ അതിന് അനുസരിച്ച് കസ്റ്റമര്‍ക്ക് കാപ്പിയില്‍ 'ഡിസ്‌കൗണ്ട്' ലഭിക്കുമെന്നാണ് പരസ്യബോര്‍ഡ്. 'സ്‌മോള്‍ കോഫി' എന്ന് മാത്രം ചോദിച്ചാല്‍ അഞ്ച് ഡോളറാണ് വില ഈടാക്കുക. 'സ്‌മോള്‍ കോഫി, പ്ലീസ്' എന്ന് ചോദിച്ചാല്‍ വില മൂന്ന് ഡോളറായി താഴും. അല്‍പം കൂടി മര്യാദയോടെ 'ഹലോ, വണ്‍ സ്‌മോള്‍ കോഫീ പ്ലീസ്' എന്നാണ് ചോദിക്കുന്നതെങ്കില്‍ 1.75 ഡോളര്‍ മാത്രം നല്‍കിയാല്‍ മതി

ഏത് രാജ്യത്തെ കഫേ ആണിതെന്ന് വ്യക്തമല്ല. ഫേസ്ബുക്കില്‍ ആരോ പങ്കുവച്ച പരസ്യബോര്‍ഡിന്റെ ചിത്രത്തിന് താഴെ, തന്റെ കീഴില്‍ വരുന്ന ആരോടും താന്‍ 'പ്ലീസ്' എന്ന് പറയില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തതോടെയാണ് യഥാര്‍ത്ഥത്തില്‍ ചിത്രം വൈറലായത്. ഇപ്പോള്‍ ഈ കമന്റും ഇതിന് ലഭിച്ചിരിക്കുന്ന മറുപടിയും സഹിതമാണ് ചിത്രം പ്രചരിക്കുന്നത്.

 

 

Also Read:- ഈസ്റ്റർ രാത്രിയിൽ ചില്ലുതകർത്ത് റെസ്റ്റോറന്റിൽ കയറിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!