ഉടമയുടെ ജീവനെടുത്ത പക്ഷി; ലോകത്തിലെ ഏറ്റവും അപകടകാരികളില്‍ ഒരാള്‍!

By Web TeamFirst Published Apr 15, 2019, 1:14 PM IST
Highlights

ഏതാണ്ട് ഒരു മനുഷ്യനോളം പൊക്കവും, തൂക്കവുമെല്ലാമുള്ള കാസോവാരികള്‍ ധാരാളമാണ്. അഞ്ചടി പൊക്കം, നാല്‍പത് കിലോയിലധികം തൂക്കം അങ്ങനെയങ്ങനെ... അതായത് വളരെ എളുപ്പത്തില്‍ ഒരു മനുഷ്യനെ കീഴടക്കാന്‍ ഇവയ്ക്കാകുമെന്ന് സാരം

'വളര്‍ത്തുപക്ഷിയുടെ ആക്രമണത്തില്‍ എഴുപത്തിയഞ്ചുകാരന്‍ മരിച്ചു'. ഞെട്ടലോടെയാണ് നമ്മള്‍ ആ വാര്‍ത്ത കേട്ടത്. ഒരുപക്ഷേ, നമ്മളിന്ന് വരെ കേട്ടിട്ട് പോലുമില്ലാത്ത 'കാസോവാരി'യെന്ന പക്ഷിയാണ് നമ്മളെ ഞെട്ടിച്ച ആ വളര്‍ത്തുപക്ഷി. 

എന്താണ് ഇതിന്റെ പ്രത്യേകത? എന്തുകൊണ്ടാണ് ഇത് ഭക്ഷണവും, വെള്ളവും, സുരക്ഷിതമായ താമസസ്ഥലവുമെല്ലാം നല്‍കി, വളര്‍ത്തുന്ന യജമാനനെ തന്നെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്?

ആരാണ് കാസോവാരി?

കാസോവാരിയെക്കുറിച്ച് ആദ്യമറിയേണ്ടത്, അതൊരു വളര്‍ത്തുപക്ഷിയല്ലെന്ന വസ്തുതയാണ്. ന്യൂ ഗിനിയയിലും ഓസ്‌ട്രേലിയയുമെല്ലാം മഴക്കാടുകളുടെ ഉള്‍പ്രദേശങ്ങളില്‍ ജീവിക്കുന്ന വന്യമൃഗങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്ന പക്ഷിയാണ് കാസോവാരി. ലോകത്തിലെ ഏറ്റവും ഉയരമേറിയ മൂന്നാമത്തെ പക്ഷി, തൂക്കത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനക്കാര്‍!

എമുവിന്റെയും, ഒട്ടകപ്പക്ഷിയുടെയുമെല്ലാം വര്‍ഗത്തില്‍പെട്ട കാസോവാരി പക്ഷേ, അവരില്‍ നിന്നെല്ലാം അടിമുടി വ്യത്യസ്തരാണ്. കാടുകള്‍ക്കകത്ത് നിന്ന് അങ്ങനെയൊന്നും ഇവര്‍ പുറത്തുവരാറില്ല. ലഭ്യമായ പഴങ്ങള്‍ ഭക്ഷിച്ചുകൊണ്ട് കാടിനകത്ത് കഴിയാനാണ് ഇവര്‍ക്കിഷ്ടം. 

ഏതാണ്ട് ഒരു മനുഷ്യനോളം പൊക്കവും, തൂക്കവുമെല്ലാമുള്ള കാസോവാരികള്‍ ധാരാളമാണ്. അഞ്ചടി പൊക്കം, നാല്‍പത് കിലോയിലധികം തൂക്കം അങ്ങനെയങ്ങനെ... അതായത് വളരെ എളുപ്പത്തില്‍ ഒരു മനുഷ്യനെ കീഴടക്കാന്‍ ഇവയ്ക്കാകുമെന്ന് സാരം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടാനും, അഞ്ചടി പൊക്കം വരെ ചാടാനുമെല്ലാം ഇവയ്ക്ക് നിസാരമായി കഴിയും.

കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇവരുടെ സഞ്ചാരമുള്ള വഴികളിലെല്ലാം ജാഗ്രത പാലിക്കണമെന്നും, അപകടഭീഷണിയുണ്ടെന്നും കാണിക്കുന്ന ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചിട്ടുണ്ടാകും. 

ഇവയെ എന്തിന് വളര്‍ത്തുന്നു?

അത്രയും അപകടകാരിയായ ഒരാളെ എന്തിനാണ് മനുഷ്യര്‍ വളര്‍ത്തുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ മാത്രമാണ് കാസോവാരിയെ വളര്‍ത്താറുള്ളൂ. ഇതിന് അധികൃതരുടെ പ്രത്യേക അനുമതിയും, കര്‍ശനമായ മാനദണ്ഡങ്ങളും നിര്‍ബന്ധം. കാസോവാരിയുടെ ചെറുകുഞ്ഞുങ്ങളെ കാട്ടില്‍ നിന്ന് അടിച്ചുമാറ്റി, ഇറച്ചിക്കായി എടുക്കുന്നവരും ഉണ്ട്. എന്നാല്‍ ഇവരാരും തന്നെ ഇതിനെ വളര്‍ത്താന്‍ മെനക്കെടാറില്ല. അത്രയും പേടിപ്പെടുത്തുന്ന ചരിത്രമാണ് ഇതിനുള്ളത്.

200ലധികം പേരാണ് കാസോവാരിയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഇവയെ പോറ്റിവളര്‍ത്തിയവരാണ്. മനുഷ്യരെ ആക്രമിക്കാന്‍ ഇതിനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് ഇതുവരെ കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. സസ്യബുക്കായതിനാല്‍ ഇറച്ചിക്ക് വേണ്ടിയല്ല ആക്രമണമെന്ന കാര്യം വ്യക്തം.

മനുഷ്യരെ മാത്രമല്ല, വളര്‍ത്തുപട്ടികളെയും കുതിരകളെയുമെല്ലാം ആക്രമിച്ച് കൊന്ന കഥകളെത്രയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പൊതുവേ, എത്ര കാര്യമായി വളര്‍ത്തിയാലും മനുഷ്യരുമായി നിത്യമായി ഇണക്കത്തിലാകാന്‍ ഇവയ്ക്കാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം!

ആക്രമണത്തിന്റെ സ്വഭാവം...

ഉയരത്തില്‍ ചാടി, കാലിലെ നഖം കൊണ്ട് അടിവയറിലേക്ക് ലാക്കാക്കിയാണ് കാസോവാരിയുടെ സാധാരണഗതിയിലുള്ള ആക്രമണം. കാലിലെ മൂന്നുവിരലുകളില്‍ നടുവിലത്തെ വിരലിലുള്ള നീണ്ട നഖമാണ് പ്രധാന ആയുധം. ഏതാണ്ട് അഞ്ച് ഇഞ്ചോളം വരും ഇതിന്റെ ശരാശരി നീളം. അറ്റം വെട്ടിക്കൂര്‍പ്പിച്ചത് പോലെയുള്ള ഈ നഖം ഒരു തവണ കൊണ്ടാല്‍ തന്നെ അടിവയറ് ചിതറും. 

കാസോവാരിയെ ചെറുക്കാന്‍ മരം കൊണ്ടോ, മെറ്റല്‍ കൊണ്ടോ നിര്‍മ്മിച്ച ഷീല്‍ഡുകളാണ് പരിശീലകരും വളര്‍ത്തുന്നവരുമെല്ലാം ഉപയോഗിക്കാറ്. ഈ ഒരൊറ്റ രീതിയിലൂടെ മാത്രമേ ഇവയുടെ ആക്രമണത്തെ ചെറുത്തുനില്‍ക്കാനാവൂയെന്നും വിദഗ്ധര്‍ പറയുന്നു. അപ്പോഴും, കാസോവാരിയുടെ ചാട്ടത്തിന്റെ വേഗതയും, ഉയരവും ഊഹിച്ചെടുക്കാന്‍ കഴിയണം. അല്ലെങ്കില്‍ ഉള്ള പ്രതിരോധവും അസ്ഥാനത്താകും.

ഇത്രയും അരക്ഷിതാവസ്ഥകള്‍ ഉള്ളതിനാല്‍ അധികമാരും കാസോവാരിയെ വളര്‍ത്താന്‍ മെനക്കെടാറില്ലെന്നതാണ് സത്യം. ഫ്‌ളോറിഡയിലെ എഴുപത്തിയഞ്ചുകാരന്റെ മരണം കൂടിയാകുമ്പോള്‍ കാസോവാരിയെ വളര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇനിയും കര്‍ക്കശമാക്കാനാണ് സാധ്യത.

click me!