Heart Attack : 2021ല്‍ ഹൃദയാഘാതം കവര്‍ന്നെടുത്ത പ്രമുഖര്‍...

By Web TeamFirst Published Dec 25, 2021, 11:40 PM IST
Highlights

പ്രമുഖരടക്കം നിരവധി പേര്‍ക്ക് ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടപ്പെട്ട ഒരു വര്‍ഷം കൂടിയായിരുന്നു ഇത്. ചെറുപ്പക്കാരിലെ ഹൃദയാഘാതവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം കൂടിയാണ് 2021. ഈ വര്‍ഷാന്ത്യത്തില്‍ 2021ല്‍ ഹൃദയാഘാതം കവര്‍ന്ന ചില പ്രമുഖരെ ഓര്‍മ്മിക്കാം...

കൊവിഡ് 19 ( Covid 19 ) കഴിഞ്ഞാല്‍ പോയ രണ്ട് വര്‍ഷങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ആരോഗ്യപ്രശ്നമായിരുന്നു ഹൃദയാഘാതം( Heart Attack ). 2021 ആണെങ്കില്‍ വര്‍ഷം തുടങ്ങിയത് തന്നെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ഹൃദയാഘാത വാര്‍ത്തയോടെയാണ്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം തുടര്‍ചികിത്സകളുമായി മുന്നോട്ടുപോയി.

സമാനമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സംഭവമായിരുന്നു കളിക്കളത്തില്‍ വച്ച് ഡെന്മാര്‍ക്ക് ഫുട്ബോള്‍ താരം ക്രിസ്റ്റിയന്‍ എറിക്സണിന് ഹൃദയാഘാതം സംഭവിച്ചതും. അദ്ദേഹവും ഭാഗ്യവശാല്‍ ജീവിതത്തിലേക്ക് തിരികെയെത്തി.

എന്നാല്‍ പ്രമുഖരടക്കം നിരവധി പേര്‍ക്ക് ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടപ്പെട്ട ഒരു വര്‍ഷം കൂടിയായിരുന്നു ഇത്. ചെറുപ്പക്കാരിലെ ഹൃദയാഘാതവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം കൂടിയാണ് 2021. ഈ വര്‍ഷാന്ത്യത്തില്‍ 2021ല്‍ ഹൃദയാഘാതം കവര്‍ന്ന ചില പ്രമുഖരെ ഓര്‍മ്മിക്കാം...

ജനുവരി- 3

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവി അനില്‍ പനച്ചൂരാന്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലും കരുനാഗപ്പള്ളിയിലുമുള്ള സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരത്തുള്ള ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും രാത്രിയോടെ അന്ത്യം സംഭവിച്ചു.

ജനുവരി 31

പ്രശസ്ത ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ത്ഥിയുമായിരുന്ന സോമദാസ് ചാത്തന്നൂര്‍ ( 42 ) ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. ഏഷ്യാനെറ്റിന്റെ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സോമദാസ്.

ഫെബ്രുവരി- 9

ബോളിവുഡ് നടനും നിര്‍മ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 58 വയസായിരുന്നു. നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന രാജ് കപൂറിന്റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.

മാര്‍ച്ച്- 22

തമിഴ് സിനിമാനടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഏപ്രില്‍- 14

കേരള ലോ-അക്കാദമി ഡയറക്ടര്‍ ഡോ എന്‍ നാരായണന്‍ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 93 വയസായിരുന്നു. കേരളത്തിലെ നിയമപഠന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഡോ നാരായണന്‍ നായര്‍ ദേശീയ നിയമ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏപ്രില്‍- 17

പ്രമുഖ, തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമാസ്വാദകരെ ഏറെ ഞെട്ടിച്ച വിയോഗമായിരുന്നു വിവേകിന്റേത്.


 

ഏപ്രില്‍- 29

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍- 30

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് ഹൃദയാഘാതം മൂലം അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുമാറുകയായിരുന്നു.

ഏപ്രില്‍- 30

തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 84 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മെയ്- 10

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാള സിനിമാപ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു ഡെന്നിസ് ജോസഫിന്റേത്.

മെയ്- 22

ഹിന്ദി സിനിമാലോകത്തെ വിഖ്യാത സംഗീത സംവിധായകന്‍ റാം ലക്ഷ്മണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാഗ്പൂരിലെ വീട്ടില്‍ വച്ചാിരുന്നു അന്ത്യം. 78 വയസായിരുന്നു. നാല് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍ ഹിന്ദി, മറാത്തി, ബോജ്പുരി ഭാഷകളിലായി 150ല്‍ അധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മെയ്- 26

സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളുരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 104 വയസ്സായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ദുരൈസ്വാമി.

ജൂണ്‍- 22

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.  

ജൂണ്‍- 30

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൗശല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ബോളിവുഡ് നടിയും, മോഡലും, അവതാരകയുമായ മന്ദിര ബേദി ഭാര്യയാണ്. തൊണ്ണൂറുകളുടെ മധ്യം മുതല്‍ 2000 അവസാനം വരെ ബോളിവുഡില്‍ സജീവമായിരുന്നു രാജ് കൗശല്‍.

ജൂലൈ- 16

പ്രശസ്ത നടി സുരേഖ സിക്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 75 വയസായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഹിന്ദി നാടകങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ സുരേഖ സിക്രി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ്.

ആഗസ്റ്റ്- 21

പ്രശസ്ത തെന്നിന്ത്യന്‍ നടി ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 55 വയസായിരുന്നു. ചെന്നൈയില്‍ വെച്ചാണ് മരണമുണ്ടായത്. തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു ചിത്ര. മലയാളി സിനിമാപ്രേക്ഷകരെ സംബന്ധിച്ച് ഞെട്ടിക്കുന്നൊരു വാര്‍ത്തയായിരുന്നു ചിത്രയുടെ വിയോഗം.

സെപ്തംബര്‍- 2

ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിജയി സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാല്‍പത് വയസായിരുന്നു. നടനും മോഡലും ടെലിവിഷന്‍ അവതാരകനുമായിരുന്ന സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത വിയോഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചു.

സെപ്തംബര്‍- 13

നടന്‍ റിസബാവ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വൃക്കരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റിസബാവ. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. റിസബാവയുടെ അപ്രതീക്ഷിത വിയോഗവും മലയാള സിനിമാപ്രേക്ഷകരെ ഞെട്ടിച്ചു.

ഒക്ടോബര്‍- 6

മുതിര്‍ന്ന സിനിമാ- ടെലിവിഷന്‍ താരം അര്‍വിന്ദ് ത്രിവേദി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളുടെ അവശതകള്‍ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന 'രാമായണ്‍' സീരിയലില്‍ രാവണന്റെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് അര്‍വിന്ദ് ത്രിവേദി ഏറെ ജനകീയനായത്.

ഒക്ടോബര്‍- 29

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. നാല്‍പ്പത്തിയാറുകാരനായ പുനീതിന് വര്‍ക്കൗട്ടിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ചെറുപ്പക്കാര്‍ക്കിടയിലെ വര്‍ധിക്കുന്ന ഹൃദയാഘാതം എന്ന വിഷയം ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചയില്‍ സജീവമായതും പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നായിരുന്നു.

നവംബര്‍- 17

തമിഴ് നടനും സംവിധായകനുമായ ആര്‍ എന്‍ ആര്‍ മനോഹര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 61 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണസമയത്ത് കൊവിഡ് ബാധിതനുമായിരുന്നു അദ്ദേഹം.

ഡിസംബര്‍- 24

സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 68 വയസായിരുന്നു.

click me!