Latest Videos

'എന്താണ് പപ്പാ മനുഷ്യരൊക്കെ ഇങ്ങനെ..?'; ഈ പൊലീസുകാരനൊരു സല്യൂട്ട്...

By Web TeamFirst Published Nov 11, 2023, 10:18 AM IST
Highlights

''പാർസലെടുക്കാൻ വൈറ്റിലയിലോ ഇടപ്പള്ളിയിലോ പനമ്പിള്ളിയിലോ  കാത്തുനിൽക്കുന്നുവെന്നോ അല്ലെങ്കിൽ പേരറിയാത്ത ഏതോ വഴികളിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നു എന്നോ മറുപടി കിട്ടും. നഗരത്തിന്റെ നരകസ്ഥലികൾ അറിയുന്നൊരാളുടെ ഉള്ള് നീറും...''

സുനില്‍ ജലീല്‍ ഇടപ്പള്ളിക്കാരനാണ്. സിവില്‍ പൊലീസുദ്യോഗസ്ഥൻ. ഫേസ്ബുക്കില്‍ ശ്രദ്ധേയമായ ചില കുറിപ്പുകളിലൂടെയൊക്കെ പലര്‍ക്കും സുപരിചിതനാണ് സുനില്‍ ജലീല്‍. പൊതുവെ പൊലീസുകാരെ ആര്‍ക്കും ഇഷ്ടമാകില്ല- എന്നാലും എല്ലാ പരിമിതിയിലും നിന്നുകൊണ്ട് ഓരോ മനുഷ്യനും ആകുന്നത് ചെയ്യാനാണ് ദിവസവും ശ്രമിക്കുന്നതെന്ന് സുനില്‍ ജലീല്‍ പറയുമ്പോള്‍ അത് അദ്ദേഹത്തിലെ പൊലീസുകാരനെയല്ല- മനുഷ്യനെയാണ് വെളിപ്പെടുത്തുന്നത്. 

ഇപ്പോള്‍ സുനില്‍ ജലീല്‍ തന്‍റെ മകനെ കുറിച്ചെഴുതിയിരിക്കുന്നൊരു കുറിപ്പ് ഫേസ്ബുക്കില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഭാര്യ സിബിലി, മകൻ അച്ചു എന്ന് വിളിക്കുന്ന ആസാദ്, കിച്ചു എന്ന് വിളിക്കുന്ന അസ്‍ഹര്‍ എന്നിവരടങ്ങുന്നതാണ് സുനില്‍ ജലീലിന്‍റെ കുടുംബം. 

ഇരുപതുകാരനായ അച്ചു അവന്‍റെ ആവശ്യങ്ങള്‍ക്കുള്ള ചെറിയ വരുമാനത്തിനായി ഡെലിവെറി ബോയ് ആയി ജോലി ചെയ്യാൻ തുടങ്ങിയതും അതെത്തുടര്‍ന്നുള്ള അവന്‍റെ അനുഭവങ്ങളും ആണ് സുനില്‍ പങ്കുവച്ചിരിക്കുന്നത്. 

ഇതില്‍ എന്താണിത്ര പറയാനുള്ളതെന്ന് ചിലരെങ്കിലും ചിന്തിക്കും. പലപ്പോഴും മറ്റൊരാള്‍ പറയുന്നതോ എഴുതുന്നതോ എല്ലാം നമ്മുടെയെല്ലാമുള്ളിലുള്ളത് തന്നെയാകും. പക്ഷേ അത് ആരും പറയുന്നില്ല. പങ്കുവയ്ക്കുന്നില്ല. ഇത് ഒരോര്‍മ്മപ്പെടുത്തലാണ്. 

'ആളുകള്‍ക്ക് ഇപ്പോഴും മനസില്‍ ദയവും മറ്റുള്ളവരെ പരിഗണിക്കണമെന്ന ചിന്തയും കിടപ്പുണ്ട്. അത് പൊട്ടാതെ കിടക്കുന്ന നാരുകള്‍ പോലെയാണ്. നമ്മള്‍ ചെറുതായി ഒന്ന് തട്ടിക്കൊടുത്ത് കഴിഞ്ഞാല്‍ അത് പൊട്ടിക്കോളും. ചിലതൊക്കെ എഴുതുമ്പോള്‍ അത് വലിയ സന്തോഷം നല്‍കും. ഞാൻ മുമ്പും എഴുതിയിട്ടുണ്ട്- ഈ വാതിലടക്കുന്നതിന് പിന്നിലുള്ള മനശാസ്ത്രം. ഒരാള്‍ പുറത്തുനില്‍ക്കുമ്പോള്‍ നമ്മള്‍ അകത്തുനിന്ന് ശക്തിയായി വലിച്ചടച്ചുകഴിഞ്ഞാല്‍ അത് പുറത്തുനില്‍ക്കുന്നയാള്‍ക്ക് ഇൻസള്‍ട്ടായി തോന്നും. ഞാനങ്ങനെ ചെയ്യാറില്ല. ഭാര്യയും ചെയ്യാറില്ല. ഞങ്ങള്‍ മക്കളെയും അങ്ങനെയാണ് പരിശീലിപ്പിച്ചത്...

ഇതെക്കുറിച്ച് എഴുതിയപ്പോള്‍ കൂടെ വര്‍ക് ചെയ്യുന്ന ഒരാള്‍ പുള്ളിയുടെ മക്കളെയും ഇത് പരിശീലിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഞങ്ങള് പൊലീസുകാരെ പലപ്പോഴും ആളുകള്‍ പ്രതിസ്ഥാനത്ത് കാണുന്നവരാണ്. പരുക്കനായി പെരുമാറുന്നവരാണല്ലോ. പക്ഷേ ഞാൻ പരമാവധി സന്തോഷത്തോടെയും ചിരിയോടെയും പെരുമാറാനും അവരുടെ കാര്യങ്ങള്‍ കേള്‍ക്കാൻ സമയം കണ്ടെത്താനും ശ്രമിക്കാറുണ്ട്....

എന്‍റടുത്ത് പരാതിയുമായി വരുന്നവരെ ഞാൻ നിരാശപ്പെടുത്തി അയക്കാറില്ല. ഒരു ആശ്വാസവാക്കെങ്കിലും കൊടുക്കാതെ വിടാറില്ല. മനുഷ്യര്‍ക്ക് ഇപ്പോഴും അകത്ത് നന്മകളൊക്കെയുണ്ട്. പക്ഷേ അതെങ്ങനെ പ്രകടിപ്പിക്കണം എന്നറിയാത്തവരുണ്ടായിരിക്കാം....'- സുനില്‍ ജലീല്‍ പറയുന്നു. 

സുനില്‍ ജലീല്‍ മകനെ കുറിച്ചെഴുതിയ ശ്രദ്ധേയമായ ആ കുറിപ്പ് കൂടി വായിക്കൂ...

അങ്ങനെയിരിക്കെയാണ് അച്ചു ഡെലിവറി ബോയ് ആയത്. അത്യാവശ്യങ്ങൾക്ക് എന്നെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ചെറിയ വരുമാനം ഉണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു അത്. കോളേജ് വിട്ട് വന്ന് വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ട് - ഒരു മണി വരെയുള്ള ഓട്ടം. 

പ്രിയപ്പെട്ടവർക്ക് ഭവിക്കുമ്പോഴാണ് ഏത് ദുരന്തവും നമുക്ക് അതിന്റെയാഴത്തിൽ മനസ്സിലാവുക. റോഡിലെങ്ങും ഡെലിവറി തൊഴിലാളികളുടെ മരണപ്പാച്ചിൽ കണ്ടിട്ടുള്ളതിനാൽ അച്ചുവിനോട് ആകെ ഞാൻ ആവശ്യപ്പെട്ടത് അപകടകരമായി വണ്ടിയോടിക്കരുതെന്ന് മാത്രമാണ്.

ആദ്യത്തെ ദിവസം രാത്രി ഒന്നര വരെ ഓടി അഞ്ഞൂറ് രൂപയോളം കിട്ടി. പെട്രോൾ ചെലവ് കഴിച്ച് മുന്നൂറ് രൂപ മിച്ചം. പിറ്റേന്ന് മുന്നൂറ് കിട്ടിയെന്ന് അവൻ പറഞ്ഞു. പിന്നീട് പലപ്പോഴും പെട്രോൾ അടിക്കുന്നതിന് അനുസരിച്ചുള്ള പൈസ പോലും കിട്ടാതായി. പന്ത്രണ്ട് മണിയൊക്കെ കഴിയുമ്പോൾ ഞാൻ അവനെ വിളിക്കും. പാർസലെടുക്കാൻ വൈറ്റിലയിലോ ഇടപ്പള്ളിയിലോ പനമ്പിള്ളിയിലോ  കാത്തുനിൽക്കുന്നുവെന്നോ അല്ലെങ്കിൽ പേരറിയാത്ത ഏതോ വഴികളിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നു എന്നോ മറുപടി കിട്ടും. നഗരത്തിന്റെ നരകസ്ഥലികൾ അറിയുന്നൊരാളുടെ ഉള്ള് നീറും.

ഇടയ്ക്ക് അവൻ അനുഭവങ്ങൾ പറയും. ഒരുവിധം സ്ഥാപനങ്ങളിലൊന്നും മുൻവാതിലിലൂടെ അവരെ കയറ്റില്ലത്രേ. പിന്നിലെ ചെളിവഴികളും വാതിലുകളും താണ്ടി എലികളെപ്പോലെ വേണം അവർ ചെല്ലാൻ... നമ്മുടെ തൊഴിൽ സംസ്കൃതിയുടെ അയിത്തം പേറുന്ന ഡെലിവറിത്തൊഴിലാളികൾ.

തീർന്നില്ല.

തട്ടിപ്പറിച്ചെന്നോണം സാധനങ്ങൾ വാങ്ങി വലിച്ചടയ്ക്കപ്പെടുന്ന വാതിലുകളുള്ള വീടുകൾ... വഴി തെറ്റിപ്പോയിട്ട് ചോദിച്ച് വിളിച്ചാൽ നിനക്ക് വേണമെങ്കിൽ മാപ്പ് നോക്കി  വന്നാൽ മതിയെന്ന് അലറുന്നവർ... അടച്ചിട്ട ഗേറ്റിന് മുന്നിൽ വന്ന് എത്ര ബെല്ലടിച്ചാലും ഫോൺ ചെയ്താലും ഗൗനിക്കാത്തവർ... മഴയിലിരുളിൽ വിറച്ചെത്തുന്ന ഒരു മനുഷ്യജന്മത്തിന് നേരെ ഒരു പുഞ്ചിരിയുടെ വെളിച്ചം പോലും നീട്ടാത്തവർ.

"എന്താണ് പപ്പാ മനുഷ്യരൊക്കെ ഇങ്ങനെ?"

നീയിതുവരെ എന്റെ തണലിലിരുന്ന് കണ്ടതൊന്നുമല്ല ലോകമെന്ന് ഞാൻ പറഞ്ഞില്ല. അതിന്റെ മുഖങ്ങൾ അവൻ കണ്ടുതന്നെ അറിയട്ടെ. അവന് കിട്ടിയ പൈസ വെച്ച് എന്തോ ഓൺലൈനിൽ ഓർഡർ ചെയ്തത് വരുമ്പോൾ ഞാൻ ടി വി കണ്ട് ഇരിപ്പുണ്ടവിടെ. കോളിംഗ് ബെൽ കേട്ടപ്പോൾ അച്ചു പോയി വാതിൽ തുറന്നു. സാധനം വാങ്ങി പൈസ കൊടുത്തു. 

 "ഇതാ സാർ...  ബാക്കി..."

"സീനില്ല. കയ്യിൽ വെച്ചോ."

ശേഷം എന്നത്തെയും പോലെ ഏറ്റവും മെല്ലെ, ഒരു ശബ്ദം പോലുമില്ലാതെ വാതിലടച്ച് എന്റെ മോൻ വരുന്നുണ്ട്. എനിക്ക് ഉള്ള് നിറഞ്ഞു.

 

Also Read:- 'ക്ലാസ്‍മുറി ശുചിയാക്കുന്നത് പെണ്‍കുട്ടികള്‍ മാത്രമോ?'; അന്വേഷിക്കുമെന്ന് മന്ത്രിയുടെ കമന്‍റ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!