കഴുത്തില്‍ മൂര്‍ഖന്‍ ചുറ്റി രണ്ട് മണിക്കൂര്‍; പാമ്പിന്റെ കടിയുമേറ്റ ബാലിക സുഖം പ്രാപിക്കുന്നു

By Web TeamFirst Published Sep 16, 2021, 10:28 PM IST
Highlights

ഒന്ന് അനങ്ങിയിരുന്നെങ്കില്‍ പാമ്പ് നേരത്തേ തന്നെ പൂര്‍വയെ ആക്രമിക്കുമായിരുന്നു. ഒന്നിലധികം തവണ പാമ്പിന്റെ കടിയേറ്റിരുന്നുവെങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടാനുള്ള സാധ്യത പൂര്‍ണമായി അടയുകയും ചെയ്‌തേനെ

കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി രണ്ട് മണിക്കൂറോളം അനങ്ങാനാകാതെ കിടന്ന ആറുവയസുകാരിയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഹാരാഷ്ട്രയില്‍ വര്‍ദ്ധയിലാണ് വിചിത്രമായ സംഭവം നടന്നത്. പാമ്പിന്റെ കടിയുമേറ്റ പെണ്‍കുട്ടിയുടെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഏതാണ്ട് ഒരാഴ്ചയോളം മുമ്പ് നടന്ന സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറംലോകമറിഞ്ഞത്. വീടിനകത്ത്, മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പൂര്‍വയുടെ കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റുകയായിരുന്നു. രംഗം കണ്ട് മുറിയിലെത്തിയ വീട്ടുകാര്‍ കുഞ്ഞിനോട് അനങ്ങരുതെന്ന് ആവശ്യപ്പെട്ടു. 

കുഞ്ഞ് അനങ്ങിയാല്‍ പാമ്പ് പ്രകോപനത്തില്‍ ആക്രമിക്കുമെന്ന ഭയത്താലാണ് വീട്ടുകാര്‍ അങ്ങനെ നിര്‍ദേശിച്ചത്. ഇതനുസരിച്ച പൂര്‍വ ആരും ഭയപ്പെടുന്ന അവസ്ഥയിലും അനങ്ങാതെ കിടന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ പാമ്പുപിടുത്തക്കാരെ അന്വേഷിച്ചുതുടങ്ങി. 

എന്നാല്‍ രണ്ട് മണിക്കൂറായിട്ടും പാമ്പുപിടുത്തക്കാര്‍ എത്തിയില്ല. ഈ സമയമത്രയും പൂര്‍വ ഒരേ അവസ്ഥയില്‍ തന്നെ അനങ്ങാതെ കിടക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം വീട്ടിലെത്തിയ പാമ്പുപിടുത്തക്കാര്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ പൂര്‍വയുടെ കയ്യില്‍ പാമ്പ് കൊത്തി. 

മൂര്‍ഖന്‍ പാമ്പായതിനാല്‍ തന്നെ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുമോയെന്ന് വീട്ടുകാര്‍ ഭയന്നു. ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നാല് ദിവസത്തിന് ശേഷം കുഞ്ഞ് അപകടനില തരണം ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്. 

ഇപ്പോഴിതാ പൂര്‍വ സുഖം പ്രാപിച്ചുവരികയാണെന്ന റിപ്പോര്‍ട്ടാണ് വര്‍ദ്ധയില്‍ നിന്ന് പുറത്തുവരുന്നത്. തന്റെ ആത്മധൈര്യം കൊണ്ടും സംയമനം കൊണ്ടുമാണ് പൂര്‍വ ഈ അസാധാരണമായ അവസ്ഥയെ അതിജീവിച്ചതെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുകയാണ്. ഒന്ന് അനങ്ങിയിരുന്നെങ്കില്‍ പാമ്പ് നേരത്തേ തന്നെ പൂര്‍വയെ ആക്രമിക്കുമായിരുന്നു. ഒന്നിലധികം തവണ പാമ്പിന്റെ കടിയേറ്റിരുന്നുവെങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടാനുള്ള സാധ്യത പൂര്‍ണമായി അടയുകയും ചെയ്‌തേനെ. 

എന്നാല്‍ മുതിര്‍ന്നവര്‍ പോലും തീവ്രമായ ഭയത്തിലകപ്പെട്ടുപോയേക്കാവുന്ന സാഹചര്യത്തില്‍ ഈ കൊച്ചുപെണ്‍കുട്ടി കാണിച്ച ധൈര്യം പറയാതിരിക്കാനാകില്ല. സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ അപൂര്‍വയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

Also Read:- 'രാജവെമ്പാലയുടെ കടിയേറ്റാൽ ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്'; ഡോക്ടറുടെ കുറിപ്പ് വായിക്കാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!