കിലോക്കണക്കിന് കൊക്കെയ്ന്‍ വന്നടിയുന്ന തീരം; സന്ദര്‍ശകരെ വിലക്കി ഉദ്യോഗസ്ഥര്‍

By Web TeamFirst Published Nov 13, 2019, 7:28 PM IST
Highlights

ആദ്യമെല്ലാം ഉദ്യോഗസ്ഥര്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കിപ്പോന്നു. എന്നാല്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നപ്പോള്‍ സംഗതിയുടെ ഗൗരവം അവര്‍ക്ക് വ്യക്തമായി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന തീരദേശങ്ങളുടെ പല ഭാഗങ്ങളിലായാണ് കൊക്കെയ്ന്‍ പൊതികള്‍ വന്നടിയുന്നത്

ഇക്കഴിഞ്ഞ ഒക്ടോബര്‍ പകുതി മുതലാണ് ദുരൂഹമായ ഈ സംഭവത്തിന് തുടക്കമാകുന്നത്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിന്റെ ചില തീരദേശങ്ങളില്‍ പല ദിവസങ്ങളിലായി കിലോക്കണക്കിന് കൊക്കെയ്ന്‍ അടങ്ങിയ പാക്കറ്റുകള്‍ വന്നടിഞ്ഞുകൊണ്ടിരിക്കുന്നു. 

ആദ്യമെല്ലാം ഉദ്യോഗസ്ഥര്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കിപ്പോന്നു. എന്നാല്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നപ്പോള്‍ സംഗതിയുടെ ഗൗരവം അവര്‍ക്ക് വ്യക്തമായി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന തീരദേശങ്ങളുടെ പല ഭാഗങ്ങളിലായാണ് കൊക്കെയ്ന്‍ പൊതികള്‍ വന്നടിയുന്നത്. 

പലപ്പോഴും ബീച്ച് സന്ദര്‍ശിക്കാനെത്തുന്നവരും നാട്ടുകാരും തന്നെയാണ് ഈ വിവരം വിളിച്ചറിയിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ ആരെങ്കിലും തീരത്ത് വന്നടിയുന്ന കൊക്കെയ്ന്‍ കൈക്കലാക്കുകയും അത് വില്‍ക്കുകയോ ഉപയോഗിക്കുകയോ ഒക്കെ ചെയ്‌തേക്കാമല്ലോ. ആരാണ് ഇതെല്ലാം അറിയുന്നത്?

അങ്ങനെ ക്രമസമാധാന നില തകരാതിരിക്കാന്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ് ഇപ്പോള്‍ മിക്കയിടങ്ങളിലും. എങ്ങനെയാണ് കൊക്കെയ്ന്‍ പാക്കറ്റുകള്‍ തീരങ്ങളിലെത്തുന്നത് എന്ന് കണ്ടെത്താന്‍ പ്രത്യേക സംഘവും കസ്റ്റംസുകാരും നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കടലില്‍ പരിശോധന നടത്തുന്ന കൂട്ടത്തില്‍ കസ്റ്റംസുകാര്‍ക്കും കൊക്കെയ്ന്‍ പൊതികള്‍ കിട്ടിയിട്ടുണ്ട്. 

കോടികള്‍ വിലമതിക്കുന്ന, അപകടകാരിയായ ലഹരിയാണ് തീരങ്ങളില്‍ വന്ന് അടിയുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

'ഇങ്ങനെ വന്നുകിടക്കുന്ന പൊതികള്‍ ആരെങ്കില്‍ ഉപയോഗിച്ചാലോ എന്ന പേടിയുണ്ട്. വളരെയധികം അപകടകാരിയായ ലഹരിയാണിത്. മാത്രമല്ല, ഇത് എവിടെനിന്ന് വരുന്നുവെന്നും എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്നും അറിവായിട്ടില്ല. ആ സ്ഥിതിക്ക് ഈ പൊതികള്‍ പൊതുവിടങ്ങളില്‍ വച്ച് അഴിക്കുന്നത് പോലും അപകടമാണ്. ഒരുപോലുള്ള പാക്കറ്റുകളാണ് ഇപ്പോള്‍ ദിവസങ്ങളായി ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ ഓരോ തിരയിലും നിരവധി പൊതികളുണ്ടാകാറുണ്ട്...'- റെന്നെസില്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഫിലിപ്പ് ഓസ്ട്രക് പറയുന്നു. 

തീരദേശപ്രദേശങ്ങളില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനകളും കര്‍ശനമായി നടപ്പിലാക്കി വരുന്നു. വാഹനങ്ങളും ആളുകളുടെ ബാഗുകളുമെല്ലാം പരിശോധിച്ച ശേഷമാണ് വിട്ടയയ്ക്കുന്നത്. 

click me!