മഞ്ഞുപുതച്ച കുന്നിന്മുകളിൽ ഐസൊലേഷനിൽ കഴിയാൻ അരസെന്റിൽ ഒരു കോട്ടേജ്

Published : Jul 10, 2020, 12:53 PM IST
മഞ്ഞുപുതച്ച കുന്നിന്മുകളിൽ ഐസൊലേഷനിൽ കഴിയാൻ അരസെന്റിൽ ഒരു കോട്ടേജ്

Synopsis

270 സ്‌ക്വയർ ഫീറ്റിൽ സെറ്റ് ചെയ്തെടുക്കാവുന്ന ഈ റെഡിമേഡ് ക്യാബിൻ ലോകത്തെവിടെയും കൊണ്ട് സ്ഥാപിക്കാൻ പറ്റിയ തരത്തിലാണ് നിർമാതാക്കൾ ഡിസൈൻ ചെയ്തിട്ടുള്ളത്. 

ഈ ലോകത്തിന്റെ ബഹളത്തിൽ നിന്നൊക്കെ ഒന്ന് മാറി എവിടെങ്കിലും പോയി ഒറ്റയ്ക്ക് താമസിക്കാൻ തോന്നിയിട്ടുണ്ടോ? ഇഷ്ടമുള്ള പുസ്തകമൊക്കെ വായിച്ച്, ഫോൺ വിളികളുടെ ശല്യമില്ലാതെ,കണ്മുന്നിൽ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച്? കൊറോണ ലോകത്തെവിടെയും ഭീതിപരതിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതത്ര മോശം ഓപ്‌ഷനല്ല കേട്ടോ. അങ്ങനെയുള്ള സ്വപ്‌നങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നവർക്കുള്ളതാണ് മാസ്സിമോ നൊച്ചിയും പൗളോ ഡാനെസിയും ചേർന്ന് രൂപകൽപന ചെയ്തിരിക്കുന്ന ഈ കുഞ്ഞു കാബിൻ. ഇതിനെ അവർ വിളിക്കുന്ന പേര് 'മൗണ്ടൻ റെഫ്യൂജ്' എന്നാണ്. എന്നുവെച്ചാൽ, മലമുകളിലെ അഭയകേന്ദ്രം എന്നർത്ഥം. 25 ചതുരശ്ര മീറ്ററിൽ, അഥവാ 270 സ്‌ക്വയർ ഫീറ്റിൽ സെറ്റ് ചെയ്തെടുക്കാവുന്ന ഈ റെഡിമേഡ് ക്യാബിൻ ലോകത്തെവിടെയും കൊണ്ട് സ്ഥാപിക്കാൻ പറ്റിയ തരത്തിലാണ് നിർമാതാക്കൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ആൽപ്സ് മലനിരകളിലെ പരമ്പരാഗത കാബിനുകളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഈ ഡിസൈൻ പിറന്നുവീണിട്ടുള്ളത്. 

 

 

ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങളിലേക്ക് ഒതുങ്ങിക്കൂടാൻ താത്പര്യമുളളവരെ ഉദ്ദേശിച്ചുള്ളതാണ് ഈ വീട്. ഈ വീടിന് ഒരു കോൺക്രീറ്റ് അടിത്തറ ആവശ്യമില്ല. എവിടെക്കൊണ്ടു പോയാലും, വെറും നിലത്ത് വെച്ചുതന്നെ ഇതിൽ താമസിക്കാം. മലമുകളിലോ, കടൽത്തീരത്തോ, കാടിന്റെ നടുവിലോ എവിടെ വേണമെങ്കിലും ഇതിനെ കൊണ്ട് പ്രതിഷ്ഠിച്ചു താമസിച്ചു തുടങ്ങാം. ഉയർന്ന നിലവാരമുള്ള പ്ലൈവുഡ് കൊണ്ടാണ് ഇന്റീരിയർ നിർമിതി. വീടിന്റെ മുൻവശം മുഴുവൻ കവർ ചെയ്യുന്ന ഗ്ലാസ് ചുവർ പുറത്തെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ഇതിലെ താമസക്കാരെ സഹായിക്കുന്നു. അകത്തെ ഇന്റീരിയർ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത് കുറഞ്ഞ സ്‌പേസിനെ പരമാവധി പ്രയോജനപ്പെടുത്താൻ പറ്റുന്ന രീതിയിലാണ്. ഒരു സ്‌ക്വയർ ഫീറ്റ് പോലും പാഴാക്കാതെയുള്ളതാണ് ഇത്തിരി രൂപകൽപന എന്നർത്ഥം. ഒരേയൊരു മുറിയുള്ളതിനോട് അറ്റാച്ച് ചെതുകൊണ്ട് ഒരു ടോയ്‌ലെറ്റ്/കുളിമുറി സെറ്റപ്പും ഈ വീട്ടിലുണ്ട്. ചെരിഞ്ഞ മേൽക്കൂരയുടെ ഡിസൈൻ സോളാർ പാനലുകൾ ഘടിപ്പിക്കാൻ കണക്കാക്കിയുള്ളതാണ്. ആ റൂഫിൽ വീഴുന്ന മഴവെള്ളം ഉള്ളിലെ കുളിമുറിയിലെ ആവശ്യത്തിന് എടുക്കാനും ഡിസൈനിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. 

 

ഏകദേശം €40,000 ആണ് ഈ വീടിന്റെ ഡിസൈനർമാർ ഇതിനു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. കൂടുതൽ കസ്റ്റമൈസേഷൻ കൊണ്ടുവരുന്നതിനനുസരിച്ച് വില മേലേക്ക് പോകാം. ഈ ഡിസൈനർമാരുടെ സ്ഥാപനം ഇപ്പോഴും ഒരു സ്റ്റാർട്ട് അപ്പ് മോഡിലാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ മനോഹരമായ ഡിസൈൻ ഏതെങ്കിലും പ്രീഫാബ് വീടുനിർമ്മാതാക്കളോട് സഹകരിച്ച് ലോകമെമ്പാടുമുള്ള ആവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള പുറപ്പാടിലാണ് ഡിസൈനർമാരായ  മാസ്സിമോ നൊച്ചിയും പൗളോ ഡാനെസിയും. കൂടുതൽ വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ