കൊവിഡ് യുദ്ധത്തിലെ സൂപ്പര്‍ ഹീറോസിന് ഇനി 'സൂപ്പര്‍ ഡ്രസ്സ്'; സുരക്ഷാ കവചമൊരുക്കാന്‍ സര്‍ക്കാര്‍

By Web TeamFirst Published Mar 29, 2020, 9:14 PM IST
Highlights

കൊറോണ വൈറസ് രോഗികളെ നേരിട്ട് പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ ഹീറോ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍. സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കൊവിഡ്19 വൈറസിനെതിരെ മുന്നണിയിൽ നിന്നു യുദ്ധം ചെയ്യുന്നതു ലക്ഷക്കണക്കിനു ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘമാണ്. കൊവിഡ് ഭീതിയില്‍ ലോകമേമ്പാടുമുള്ള ആളുകള്‍ വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ്  ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് അവര്‍ രോഗികളെ ദിവസവും പരിചരിക്കുന്നത്. കൊറോണ വൈറസ് രോഗികളെ നേരിട്ട് പരിചരിക്കുന്ന ഇവര്‍ക്ക് വേണ്ടി  സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലാണ് കേരളാ സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി  ഒരു സൂപ്പര്‍ ഹീറോ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍. 

 സാംപിള്‍ തയ്യാറായി എന്നും അവസാനവട്ട നിര്‍മ്മാണത്തിനായി സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  കേരളാ സര്‍ക്കാര്‍, കേരളാ സ്റ്റാര്‍ടപ്പ് മിഷന്‍ ,  ആരോഗ്യ മന്ത്രാലയം , മെക്കര്‍ വിലേജ് , പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ്  സുരക്ഷ കവചങ്ങള്‍ ഒരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ഡിസൈന്‍ ചെയ്തത് എന്നും ജിഷാദ് പറഞ്ഞു. 

 

സ്പെയ്സ് എക്സ് സ്യൂട്ടില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വുവണ്‍ ഫാബ്രിക്കിലാണ് സാംപിള്‍ ചെയ്തിരിക്കുന്നത്. പുറത്തിറക്കുന്നത് polypropylene SMS spunbound ഫാബ്രിക്കിലായിരിക്കും എന്നും ജിഷാദ് പറയുന്നു.   മൂന്ന് പാളികളുള്ള ഇത് വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതാണെന്നും ജിഷാദ് അവകാശപ്പെടുന്നു.  മാസ്ക്, ഗ്ലൌസ് ചേര്‍ന്ന സിംഗില്‍ വസ്ത്രമാണിത്. വാട്ടര്‍ പ്രൊട്ടക്ടഡുമാണ്. കൊവിഡിനോടുള്ള ആളുകളുടെ ഭയമാണ് ഇങ്ങനെയൊരു വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നും ജിഷാദ് പറയുന്നു. 'കൊവിഡ് പോരാട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും  സൂപ്പര്‍ ഹീറോസാണ്. അതുകൊണ്ടുതന്നെയാണ് സൂപ്പര്‍ ഹീറോസിന് ഒരു സൂപ്പര്‍ ഡ്രസ്സ് തന്നെ ചെയ്തത്'- ജിഷാദ് പറഞ്ഞു. 

 

 

കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ , ആബുലന്‍സ് ഡ്രൈവര്‍മാര്‍, മൃതദേഹം എടുക്കുന്നവര്‍ തുടങ്ങിവയ്ക്ക് ഈ  വസ്ത്രം ധരിക്കാവുന്നതാണ്. സ്റ്റാര്‍ടപ്പ് വിലേജിന്‍റെ സ്ഥാപകന്‍ സഞ്ജയ്, സിഇഒ സജി ,  ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ ഡോ രാകേഷ്, ഡോ ഷിബു എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

 


 

click me!