തീയണയാതെ ശ്മശാനങ്ങള്‍; രാജ്യത്ത് ഭീതി പരത്തി കൊവിഡ് രണ്ടാം തരംഗം

Web Desk   | others
Published : Apr 17, 2021, 06:42 PM IST
തീയണയാതെ ശ്മശാനങ്ങള്‍; രാജ്യത്ത് ഭീതി പരത്തി കൊവിഡ് രണ്ടാം തരംഗം

Synopsis

മദ്ധ്യപ്രദേശിലാണ് പ്രധാനമായും ഔദ്യോഗികമായ കൊവിഡ് മരണനിരക്കും ശ്മശാനങ്ങളിലെ കണക്കും തമ്മില്‍ പൊരുത്തക്കേടുള്ളതായി വ്യാപക വിമര്‍ശനമുള്ളത്. എന്നാല്‍ ഇത്തരത്തിലൊരു ക്രമക്കേട് ഇക്കാര്യത്തില്‍ തങ്ങള്‍ ചെയ്യില്ലെന്ന് മദ്ധ്യപ്രദേശിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചത്

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിനാണ് രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കനത്ത പ്രതിസന്ധിയാണ് ആരോഗ്യമേഖലയും ആരോഗ്യപ്രവര്‍ത്തകരും നേരിട്ടുകൊണ്ടിരിക്കുന്നത്. 

ഒറ്റ ദിവസം കൊണ്ട് മാത്രം 2,34,692 പുതിയ കേസുകളുമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം മാത്രം 1,341 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഈ ഔദ്യോഗിക കണക്കുകളെക്കാള്‍ വലുതാണ് യഥാര്‍ത്ഥ മരണനിരക്ക് എന്നാണ് ശ്മശാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുപിയിലെ വരാണസി, മദ്ധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ മണിക്കൂറുകളോളം ശ്മശാനത്തിന് മുമ്പിലായി ക്യൂ നില്‍ക്കുന്ന സാഹചര്യമാണുള്ളത്. 

'ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു കാഴ്ച ഞങ്ങള്‍ കണ്ടിട്ടില്ല. മൃതദേഹം ദഹിപ്പിക്കുന്നതിനായി ആവശ്യമായത്ര ഉണങ്ങിയ വിറക് പോലും ഞങ്ങള്‍ക്ക് കിട്ടിയില്ല. പിന്നീട് കിട്ടിയ വിറക് കൊണ്ട് എങ്ങനെയൊക്കെയോ സംസ്‌കാരം നടത്തുകയായിരുന്നു. ആകെ അഞ്ച് മണിക്കൂറോളം ഞങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നു. അവസാനം ഞങ്ങളുടെ ഊഴത്തിന് വേണ്ടി യാചിക്കേണ്ടി പോലും വന്നു...' വരാണസിയിലെ ഹരിശ്ചന്ദ്ര ഘട്ടില്‍ ബന്ധുവിന്റെ മൃതദേഹവുമായി എത്തിയ രവീന്ദ്ര ഗിരി എന്നയാള്‍ പറയുന്നു. 

ഉത്തര്‍പ്രദേശില്‍ തന്നെ കൊവിഡ് രണ്ടാം തരംഗം ഏറെ തളര്‍ത്തിയ നഗരമാണ് വരാണസി. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് വരാണസിയില്‍ മാത്രം കൊവിഡ് മൂലം മരിച്ചത്. 

'എനിക്ക് നാല്‍പത്തിയെട്ട് വയസായി. ഇക്കാലയളവിനുള്ളില്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെ ഞാന്‍ കടന്നുപോവുകയോ സാക്ഷിയാവുകയോ ചെയ്തിട്ടില്ല. 15- 20 മൃതദേഹങ്ങളുമായി ആളുകള്‍ വരിയില്‍ തുടരുന്നു. ആ സമയത്ത് 20-22 മൃതദേഹങ്ങളുടെ സംസ്‌കാരം അകത്ത് നടക്കുന്നു...' വരാണസിയില്‍ മൃതദേഹം സംസ്‌കരിക്കാനെത്തിയ മറ്റൊരാളുടെ വാക്കുകള്‍. 

മദ്ധ്യപ്രദേശിലെ ഭോപ്പാലിലും സമാനമായ സാഹചര്യമാണുള്ളത്. നഗരത്തിലെ ശ്മശാനങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണുള്ളത്. 

'ഇക്കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മാത്രം ആകെ 200 മൃതദേഹങ്ങള്‍ ഞങ്ങള്‍ സംസ്‌കരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേണം കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കാന്‍. ഇപ്പോള്‍ പുതിയ ശ്മശാനം ഒരുക്കാനുള്ള തിരക്കിലാണ് ഞങ്ങള്‍. ഇതിനായി രണ്ടേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്...' ഭോപ്പാലിലെ പ്രമുഖ ശ്മശാനത്തിന്റെ മാനേജ്‌മെന്റ് സമിതി സെക്രട്ടറി മമ്‌തേഷ് ശര്‍മ്മ പറയുന്നു. 

ഇന്‍ഡോറിലെ അവസ്ഥയും മറിച്ചല്ല. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ വച്ച ശേഷം അസ്ഥിയും ചാരവും എടുക്കാന്‍ ബന്ധുക്കള്‍ക്ക് ടോക്കണ്‍ നല്‍കി പറഞ്ഞുവിടുന്ന അവസ്ഥയാണ് ഇന്‍ഡോറില്‍ കാണാനാകുന്നത്. 

മദ്ധ്യപ്രദേശിലാണ് പ്രധാനമായും ഔദ്യോഗികമായ കൊവിഡ് മരണനിരക്കും ശ്മശാനങ്ങളിലെ കണക്കും തമ്മില്‍ പൊരുത്തക്കേടുള്ളതായി വ്യാപക വിമര്‍ശനമുള്ളത്. എന്നാല്‍ ഇത്തരത്തിലൊരു ക്രമക്കേട് ഇക്കാര്യത്തില്‍ തങ്ങള്‍ ചെയ്യില്ലെന്ന് മദ്ധ്യപ്രദേശിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചത്. 

ഏതായാലും തീയണയാത്ത ശ്മശാനങ്ങള്‍ രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീകരത വിളിച്ചോതുക തന്നെയാണ് ചെയ്യുന്നത്. ശ്മശാനങ്ങള്‍ മാത്രമല്ല ജീവിതത്തിലേക്കുള്ള പ്രതീക്ഷകളായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ അവസ്ഥകളും മോശമായാണ് വരുന്നത്. ആവശ്യത്തിന് കിടക്കകളില്ല, ഐസിയു, ഓക്‌സിജന്‍, അവശ്യമരുന്നുകള്‍ എന്നിവയുടെയെല്ലാം കുറവ് പല സംസ്ഥാനങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്.

photo courtesy: NDTV

Also Read:- സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 13835 പേര്‍ക്ക് കൊവിഡ്, എ‍റണാകുളത്ത് 2187, ആറ് ജില്ലകളിൽ 1000 കടന്നു...

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ