സ്റ്റീല്‍ കമ്പി പിണഞ്ഞുകിടക്കും പോലെ; 'റിയല്‍' പാമ്പ് തന്നെയോ?

By Web TeamFirst Published Dec 8, 2019, 12:21 PM IST
Highlights

കരയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ ഏറ്റവും വീര്യം കൂടിയ വിഷമുള്ള രണ്ടാമത്തെ പാമ്പാണ് 'ഈസ്റ്റേണ്‍ ബ്രൗണ്‍'. കടിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ മരണം സംഭവിച്ചേക്കാം. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ പൊതുവേ ഇവയെ കണ്ടുവരാറില്ല

ഒറ്റനോട്ടത്തില്‍ സ്റ്റീലോ വെള്ളിയോ കൊണ്ട് നിര്‍മ്മിച്ച നീളത്തിലുള്ള കമ്പി പോലെ തോന്നിയേക്കാം. അത്രയും തിളക്കം. പക്ഷേ കമ്പിയാണെങ്കില്‍ കെട്ട് പിണഞ്ഞ് കിടക്കില്ലല്ലോ. സൂക്ഷിച്ചുനോക്കിയാല്‍ കാണാം, അറ്റത്ത് തലയും, രൂക്ഷമായി തിളങ്ങുന്ന രണ്ട് കണ്ണുകളും. പറഞ്ഞുവരുന്നത്, ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികാരിയായ പാമ്പുകളുടെ പട്ടികയില്‍ രണ്ടാമതായി വരുന്ന പാമ്പിനെ കുറിച്ചാണ്. 

'ഈസ്റ്റേണ്‍ ബ്രൗണ്‍' എന്നറിയപ്പെടുന്ന ഈ പാമ്പ് സാധാരണഗതിയില്‍ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ബ്രൗണ്‍ നിറത്തിലാണ് കാണപ്പെടുക. എന്നാല്‍ പടം പൊഴിച്ചുകളയാന്‍ സമയം അടുക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അവയ്ക്ക് ഇത്തരത്തില്‍ വെള്ളിനിറം വരാറുണ്ടത്രേ. 

വളരെ അപൂര്‍വ്വമായി മാത്രമേ ഈ അവസ്ഥയില്‍ 'ഈസ്റ്റേണ്‍ ബ്രൗണ്‍' പ്രത്യക്ഷപ്പെട്ട് കാണാറുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. സൗത്ത് വെയില്‍സില്‍ താമസിക്കുന്ന ഒരു സ്ത്രീ, തന്റെ വീടിന് പിറകുവശത്തായാണ് ഒന്നര മീറ്ററോളം വലിപ്പം വരുന്ന വെള്ളിനിറത്തിലുള്ള 'ഈസ്റ്റേണ്‍ ബ്രൗണി'നെ കണ്ടത്. 

ആദ്യം പറഞ്ഞത് പോലെ തന്നെ, 'റിയല്‍'പാമ്പ് തന്നെയോ എന്ന് അല്‍പനേരം സംശയിച്ചുനിന്നുവെന്നാണ് അവര്‍ പറയുന്നത്. തുടര്‍ന്ന് അനങ്ങുന്നത് കണ്ടപ്പോഴാണ് സംഗതി 'റിയല്‍' ആണെന്ന് ഉറപ്പിച്ചത്. വൈകാതെ പാമ്പ് പിടുത്തക്കാരുടെ സംഘത്തിന് വിവരം നല്‍കുകയായിരുന്നു. അവരെത്തിയാണ് പാമ്പിനെ അവിടെ നിന്ന് പിടിച്ചത്. 

കരയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ ഏറ്റവും വീര്യം കൂടിയ വിഷമുള്ള രണ്ടാമത്തെ പാമ്പാണ് 'ഈസ്റ്റേണ്‍ ബ്രൗണ്‍'. കടിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ മരണം സംഭവിച്ചേക്കാം. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ പൊതുവേ ഇവയെ കണ്ടുവരാറില്ല. അങ്ങോട്ട് പോയി ആക്രമിക്കുന്ന സ്വഭാവവും ഇല്ല. എന്നാല്‍ ഇങ്ങോട്ട് എന്തെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായാല്‍ ഉറപ്പായും അരക്കൈ നോക്കിയിട്ടേ ഇവ മടങ്ങാറുള്ളൂ.

click me!