'ഏറ്റവും മോശക്കാരായ സ്ത്രീകളും പുരുഷന്മാരും ഈ രാജ്യങ്ങളില്‍ നിന്ന്'; ഡേറ്റിംഗ് ആപ്പിന്റെ റിപ്പോര്‍ട്ട്

By Web TeamFirst Published Feb 18, 2020, 6:39 PM IST
Highlights

ആകര്‍ഷകമായ വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ തങ്ങളുടെ ആപ്പില്‍ കയറിപ്പറ്റാനാകൂ എന്നാണ് 'ബ്യൂട്ടിഫുള്‍ പീപ്പിള്‍.കോം' പറയുന്നത്. പോയ വര്‍ഷം എത്ര പേര്‍ക്ക് അത്തരത്തില്‍ അംഗത്വം നല്‍കിയെന്നും അതില്‍ ഏറ്റവും മോശം സ്ഥാനങ്ങളില്‍ ഏതേത് രാജ്യങ്ങളെത്തിയെന്നുമാണ് ഇവര്‍ തങ്ങളുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവിടുന്നത്

ലോകത്തിലെ ഏറ്റവും മോശക്കാരായ സ്ത്രീകളും പുരുഷന്മാരും എന്ന് കേള്‍ക്കുമ്പോള്‍, ആര്‍ക്കും സംശയം വന്നേക്കാം. അങ്ങനെയൊരു കണ്ടെത്തല്‍ സാധ്യമാണോയെന്ന്. ആ സംശയം ശരി തന്നെയാണ്, 'ലോകത്തിലെ ഏറ്റവും മോശക്കാര്‍ ഇവരാണ്' എന്നൊന്നും ആരെയും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കുമാവില്ല. ഇത് പക്ഷേ ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പിന്റെ റിപ്പോര്‍ട്ടാണ്. 

ആകര്‍ഷകമായ വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ തങ്ങളുടെ ആപ്പില്‍ കയറിപ്പറ്റാനാകൂ എന്നാണ് 'ബ്യൂട്ടിഫുള്‍ പീപ്പിള്‍.കോം' പറയുന്നത്. പോയ വര്‍ഷം എത്ര പേര്‍ക്ക് അത്തരത്തില്‍ അംഗത്വം നല്‍കിയെന്നും അതില്‍ ഏറ്റവും മോശം സ്ഥാനങ്ങളില്‍ ഏതേത് രാജ്യങ്ങളെത്തിയെന്നുമാണ് ഇവര്‍ തങ്ങളുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവിടുന്നത്. 

ആകെ 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആപ്പ് അംഗത്വം നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കുറവ് അംഗങ്ങളെ തെരഞ്ഞെടുത്ത രാജ്യങ്ങള്‍ അവസാന സ്ഥാനത്ത്, അതായത് 'മോശക്കാര്‍' എന്ന പേരിനര്‍ഹരായി. സ്ത്രീകളില്‍ ജര്‍മ്മനിയും, പുരുഷന്മാരില്‍ അയര്‍ലാന്‍ഡുമാണ് ഈ സ്ഥാനത്ത് വന്നിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്ന് 13 ശതമാനം സ്ത്രീകളേയും അയര്‍ലാന്‍ഡില്‍ നിന്ന് 6 ശതമാനം പുരുഷന്മാരേയും മാത്രമാണ് ആപ്പ് അംഗങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. അത്രയും പേര്‍ മാത്രമേ അവിടങ്ങളില്‍ നിന്ന് അപേക്ഷിച്ചവരില്‍ അര്‍ഹരായിട്ടുള്ളൂ എന്നാണ് ആപ്പ് അവകാശപ്പെടുന്നത്. 

ഇനി ഈ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം നോക്കാം. സ്ത്രീകളുടെ അംഗത്വം നോക്കിയാല്‍ ഇന്ത്യ പതിനാറാം സ്ഥാനത്തും പുരുഷന്മാരുടെ അംഗത്വം നോക്കിയല്‍ ഇന്ത്യ പതിനേഴാം സ്ഥാനത്തുമാണ് എത്തിയിരിക്കുന്നത്. 15 ശതമാനം സ്ത്രീകളും 11 ശതമാനം പുരുഷന്മാരുമാണ് ആകെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയം, പുരുഷന്മാരുടെ കാര്യത്തില്‍ ഇന്ത്യക്ക് ശേഷമാണ് യു.കെ, റഷ്യ, പോളണ്ട് എന്നീ രാജ്യങ്ങള്‍ വന്നിരിക്കുന്നത് എന്നതാണ്. സ്ത്രീകളിലാണെങ്കില്‍ കൊറിയ, ചൈന, തുര്‍ക്കി, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നിലാണ്.

click me!