വിവാഹത്തില്‍ പ്രായം അത്ര വലിയ ഘടകമാണോ? മറന്നോ ഈ സെലിബ്രിറ്റിയെ...

Web Desk   | others
Published : Apr 29, 2020, 07:23 PM IST
വിവാഹത്തില്‍ പ്രായം അത്ര വലിയ ഘടകമാണോ? മറന്നോ ഈ സെലിബ്രിറ്റിയെ...

Synopsis

തന്നെ സംബന്ധിച്ച് മിലിന്ദ് എന്നാല്‍ 'പൊസിറ്റിവിറ്റി'യാണെന്നാണ് അങ്കിതയുടെ ഒറ്റവാക്കിലുള്ള അഭിപ്രായം. ഞാന്‍ അവളെ നോക്കുമ്പോള്‍ കാണുന്നത് വെളിച്ചമാണെന്ന് തിരിച്ച് മിലിന്ദും പറയുന്നു. പ്രായം ഒരു ഘടകമല്ലാതാകുന്നത് ഇത്തരം വേറിട്ട കാഴ്ചകള്‍ ഉള്ളില്‍ ഉറവയെടുക്കുമ്പോഴായിരിക്കാം

നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ വിവാഹം വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിവച്ചിരിക്കുന്നത്. ചെമ്പനും ഭാര്യ മറിയവും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിക്കുന്നത്. അതേസമയം വലിയൊരു വിഭാഗം ആരാധകര്‍ അദ്ദേഹത്തിന് പിന്തുണയും ആശംസയും അറിയിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. 

വിവാഹത്തിലെ പ്രായവ്യത്യാസം എപ്പോഴും മലയാളികള്‍ക്ക് കൗതുകമുള്ള ചര്‍ച്ചാവിഷയമാണ്. അത് താരങ്ങളുടേത് കൂടിയാകുമ്പോള്‍ ആ ചര്‍ച്ചയ്ക്ക് കൊഴുപ്പ് കൂടുമെന്ന് മാത്രം. തന്നെക്കാള്‍ 26 വയസ് ഇളയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ട വന്ന ഒരു സെലിബ്രിറ്റിയെ ഓര്‍മ്മിപ്പിക്കുകയാണ് ഈ അവസരത്തില്‍. 

മോഡലും നടനുമായ മിലിന്ദ് സോമനെക്കുറിച്ചാണ് പറയുന്നത്. 'ഫിറ്റ്‌നസ്' ഒരു അവശ്യഘടകമല്ലാതിരുന്ന കാലത്ത്, ശരീരസൗന്ദര്യത്തിന്റെ പകിട്ടുകൊണ്ട് തിളങ്ങിനിന്ന താരമായിരുന്നു മിലിന്ദ്. അലീഷയുടെ 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന സംഗീത ആല്‍ബത്തിലൂടെ രാജ്യമൊട്ടുക്കും പ്രശസ്തി നേടി. പിന്നീട് ടെലിവിഷന്‍ ഷോകളിലും മിലിന്ദ് സജീവമായിരുന്നു.

 


(മിലിന്ദ് സോമൻ- പഴയകാല ചിത്രം)

 

2006ല്‍ നാല്‍പത്തിയൊന്നാമത്തെ വയസിലാണ് മിലിന്ദ് ആദ്യം വിവാഹിതനാകുന്നത്. ഫ്രഞ്ച് മോഡലും നടിയുമായ മെയ്‌ലീന്‍ ആയിരുന്നു മിലിന്ദിന്റെ ആദ്യഭാര്യ. ഇരുവരുടേയും ദാമ്പത്യം മൂന്ന് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 2009ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം 2018ലാണ് മിലിന്ദിന്റെ രണ്ടാം വിവാഹം നടക്കുന്നത്. അമ്പത്തിരണ്ടാമത്തെ വയസില്‍ ഇരുപത്തിയാറുകാരിയായ അങ്കിത കന്‍വാര്‍ അങ്ങനെ മിലിന്ദിന്റെ ജീവിതസഖിയായി. 

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. ഇരുവരും ഒന്നിച്ച് കൈകോര്‍ത്ത് നില്‍ക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെ ഏറെ വിവാദങ്ങളുയര്‍ന്നിരുന്നു. 'പതിനെട്ട് വയസായ പെണ്‍കുട്ടിയോടൊപ്പം വൃദ്ധനായ മിലിന്ദ്' എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ വന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നത്. 

വിവാഹത്തിന് ശേഷവും പ്രായവ്യത്യാസത്തിന്റെ പേരില്‍ ഒരുപാട് 'നെഗറ്റീവ് കമന്റ്‌സ്' ഇവര്‍ കേട്ടിരുന്നു. എന്നാല്‍ അതിനെയെല്ലാം നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇരുവരും നേരിട്ടത്. 'പ്രായം ഒരു നമ്പര്‍ മാത്രമാണ്, അത് മറന്നുകളഞ്ഞേക്കൂ' എന്നായിരുന്നു ഒരഭിമുഖത്തിനിടെ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ഇരുവരും പറഞ്ഞത്. 

 

 

രണ്ട് പേര്‍ തമ്മിലുള്ള 'കെമിസ്ട്രി' സംഭവിക്കുന്നത് 'മാജിക്കല്‍' ആയിട്ടാണെന്നാണ് അങ്കിതയുടെ പക്ഷം. ആ ഭാഗ്യം തനിക്കുണ്ടായെന്നും അങ്കിത പറയുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളുണ്ടായിരുന്നു, എന്നാല്‍ അക്കാരണം കൊണ്ട് മിലിന്ദിനെ നഷ്ടപ്പെടുത്താന്‍ ആകുമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ വിവാഹമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും അങ്കിത ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

Also Read:- 'പരട്ട കെളവന് കല്യാണം, അച്ഛനും മോളും'; ചെമ്പന്‍ വിനോദിനെ പരിഹസിക്കുന്ന മലയാളിയുടെ ഉള്ളിലിരുപ്പ് ഇതാണ് !...

തങ്ങള്‍ക്കിടയിലെ 'ജെനറേഷന്‍ ഗ്യാപ്' ആസ്വാദ്യമാണെന്നായിരുന്നു മിലിന്ദ് പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ ഇവരുടെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമാകുന്നു. യാത്രകളും ഫിറ്റ്‌നസ് പരിശീലനങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകരുള്ള താരജോഡിയാണെന്ന് പോലും ഇവരെക്കുറിച്ച് പറയാം. 

ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ചെറുകുറിപ്പുകളും പരസ്പരമുള്ള കളിയാക്കലുകളും തമാശകളുമെല്ലാം കാണാനും വായിക്കാനും പ്രതികരണമറിയിക്കാനും നിരവധി പേരാണ് താല്‍പര്യപ്പെടുന്നത്. സുദൃഢവും മനോഹരവുമായ ഒരു ബന്ധത്തിന്റെ മാതൃക തന്നെയല്ലേ ഈ സന്തോഷം? 

 

 

തന്നെ സംബന്ധിച്ച് മിലിന്ദ് എന്നാല്‍ 'പൊസിറ്റിവിറ്റി'യാണെന്നാണ് അങ്കിതയുടെ ഒറ്റവാക്കിലുള്ള അഭിപ്രായം. ഞാന്‍ അവളെ നോക്കുമ്പോള്‍ കാണുന്നത് വെളിച്ചമാണെന്ന് തിരിച്ച് മിലിന്ദും പറയുന്നു. പ്രായം ഒരു ഘടകമല്ലാതാകുന്നത് ഇത്തരം വേറിട്ട കാഴ്ചകള്‍ ഉള്ളില്‍ ഉറവയെടുക്കുമ്പോഴായിരിക്കാം. ഏതായാലും ചെമ്പന്റെ വിവാഹം ഇത്രയധികം ചര്‍ച്ചയാക്കപ്പെടുമ്പോള്‍ വ്യക്തിപരമായ തെരഞ്ഞെടുപ്പ്, കാഴ്ചപ്പാട് എന്നിവയ്‌ക്കെല്ലാം അവിടെ വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം മറക്കാവുന്നതല്ല. തീര്‍ത്തും സ്വകാര്യമായ ഒരു താല്‍പര്യമാണ് രണ്ട് പേര്‍ തമ്മിലുള്ള ബന്ധമെന്നിരിക്കെ, പൊതുവായ ഒരു നയമോ നിയമമോ അതില്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമായിരിക്കില്ല. 

Also Read:- അമ്പത്തിനാലുകാരന് ഇരുപത്തിയെട്ടുകാരി ഭാര്യ! ഈ 'അതിശയ'ത്തിന് ഉത്തരമുണ്ട്...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ