വിതുമ്പിക്കരയുന്ന നായ; വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വൈറലാകുന്ന വീഡിയോ

By Web TeamFirst Published Apr 19, 2019, 7:27 PM IST
Highlights

പഴയ വീഡിയോ ഒരിക്കല്‍ കൂടി തങ്ങളുടെ ഫീഡിലെത്തുമ്പോള്‍ സ്വാഭാവികമായും ഓരോരുത്തരും അവനെന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കും. ഷെല്‍ട്ടര്‍ ഹോമിലെത്തി വൈകാതെ തന്നെ അസുഖബാധിതനായ അവനെയും സഹോദരനെയും ഏതോ ഒരാള്‍ വന്ന് ദത്തെടുത്തു.
 

സമൂഹമാധ്യമങ്ങളില്‍ ഓരോ സമയത്തും ഓരോ തരത്തിലുള്ള വീഡിയോകള്‍ വൈറലാകാറുണ്ട്. പലതും പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊങ്ങിവരും. അപ്പോഴേക്ക് വീഡിയോയില്‍ കണ്ട അവസ്ഥകള്‍ക്കെല്ലാം വലിയ മാറ്റങ്ങളും സംഭവിച്ചിരിക്കും. 

അത്തരത്തിലുള്ള ഒരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. ഉടമസ്ഥന് നോക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലേല്‍പിച്ച നായ വിതുമ്പിക്കരയുന്ന വീഡിയോ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി ഫേസ്ബുക്കില്‍ വന്നത്. 

കാലിഫോര്‍ണിയയിലെ 'കാര്‍സണ്‍ ആനിമല്‍ ഷെല്‍ട്ടര്‍' എന്ന സ്ഥാപനം, അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഉടമസ്ഥന്‍ ഷെല്‍ട്ടര്‍ ഹോമിലാക്കി, തിരിച്ചുപോയതിന്റെ തൊട്ടുപിന്നാലെ, വിതുമ്പിക്കയുന്ന 'എ ജെ' എന്ന നായയുടെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് അന്ന് കണ്ടത്. 

തന്നെ എവിടെയോ ഉപേക്ഷിച്ച് യജമാനന്‍ പോയിരിക്കുന്നു, സമാധാനിപ്പിക്കാന്‍ വേണ്ടി ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നു. ആരുടെയെല്ലാമോ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാണുന്നില്ലല്ലോ... എന്നിങ്ങനെയുള്ള ആധികളാല്‍ അവന്റെ കണ്ണുകള്‍ നിറയുന്നതും, വിഷമം നിറഞ്ഞത് കൊണ്ട്, വരണ്ടുപോയ തൊണ്ടയനക്കി, പതിയെ കരഞ്ഞുതുടങ്ങുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. 

വീഡിയോ കാണാം...

പഴയ വീഡിയോ ഒരിക്കല്‍ കൂടി തങ്ങളുടെ ഫീഡിലെത്തുമ്പോള്‍ സ്വാഭാവികമായും ഓരോരുത്തരും അവനെന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കും. ഷെല്‍ട്ടര്‍ ഹോമിലെത്തി വൈകാതെ തന്നെ അസുഖബാധിതനായ അവനെയും സഹോദരനെയും ഏതോ ഒരാള്‍ വന്ന് ദത്തെടുത്തു. രോഗം മൂര്‍ച്ഛച്ചതിനെ തുടര്‍ന്ന് പ്രിയപ്പെട്ട സഹോദരനെയും ലോകത്തെയുമെല്ലാം ഉപേക്ഷിച്ച് അവന്‍ പോയി. 

തന്നെ ഉപേക്ഷിച്ചുപോയ യജമാനനെ നോക്കി കുരയ്ക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ നിശബ്ദനായി ഇരുന്ന് കരഞ്ഞ 'എ ജെ'യെ മറക്കനാവില്ലെന്നാണ് വീണ്ടും വീഡിയോ കാണുമ്പോള്‍ പലരും കുറിക്കുന്നത്. നായ്ക്കളുടെ സ്‌നേഹത്തിന്റെ ഉത്തമമായ പ്രതീകമായിരുന്നു അവനെന്നും പലരും ഓര്‍മ്മിച്ചു.

click me!