2021 പുതുവർഷം നിങ്ങൾക്കെങ്ങനെ? സൈക്കോളജിസ്റ്റിനു പറയാനുള്ളത് ഇതാണ്...

By Priya VargheseFirst Published Jan 7, 2021, 9:28 AM IST
Highlights

2021 എങ്ങനെയായിരിക്കും എന്ന ആശങ്ക നമ്മളില്‍ പലരെയും വല്ലാതെ അലട്ടുന്നുണ്ടാകാം. പ്രശ്നങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ എല്ലാം അവസാനിച്ചു ഇനി ജീവിതം മുന്നോട്ടില്ല എന്നു തോന്നിപോകാറുണ്ടോ? ഇങ്ങനെ എന്തെങ്കിലും ഒക്കെ സംഭവിച്ചാലോ എന്നു സങ്കൽപ്പിച്ച് നോക്കി മനസ്സിന്റെ സമാധാനം കളയുന്ന രീതി നിങ്ങൾക്കുണ്ടോ?

ഈ വർഷം എല്ലാ വ്യക്തികളെയും പോലെ നിങ്ങൾക്കും  ജീവിതത്തില്‍ നല്ലതും വിഷമം നിറഞ്ഞതുമായ അനുഭവങ്ങള്‍ വരാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ 2021 ഗുണദോഷസമ്മിശ്രമായിരിക്കും.

ഭാര്യാ ഭർത്താക്കന്മാര്‍ തമ്മില്‍ കലഹം നടക്കാനുള്ള സാധ്യത കാണുന്നു. മനോദുഃഖങ്ങള്‍, മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകള്‍ എന്നിവ നേരിടേണ്ടി വരും. പ്രമോഷന്‍, വിവാഹം എന്നീ മംഗള കാര്യങ്ങള്‍ നടക്കാൻ സാധ്യതയുണ്ട്. ഒരു കാലയളവിനുശേഷംസാമ്പത്തിക പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുകയും ചെയ്യും.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ചിലതൊക്കെ ഈ വർഷം ജീവിതത്തില്‍ സംഭവിക്കാന്‍ പോവുകയാണ് എന്നു കേട്ടാല്‍ നിങ്ങള്‍ ഭയപ്പെടുമോ? 

2021 എങ്ങനെയായിരിക്കും എന്ന ആശങ്ക നമ്മളില്‍ പലരെയും വല്ലാതെ അലട്ടുന്നുണ്ടാകാം. പ്രശ്നങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ എല്ലാം അവസാനിച്ചു ഇനി ജീവിതം മുന്നോട്ടില്ല എന്നു തോന്നിപോകാറുണ്ടോ? ഇങ്ങനെ എന്തെങ്കിലും ഒക്കെ സംഭവിച്ചാലോ എന്നു സങ്കൽപ്പിച്ച് നോക്കി മനസ്സിന്റെ സമാധാനം കളയുന്ന രീതി നിങ്ങൾക്കുണ്ടോ?

ഇങ്ങനെ സങ്കല്പിച്ചു വിഷമിക്കുന്നതിനെയാണ്  ’ഉത്കണ്ഠ’ എന്നു പറയുന്നത്. നിങ്ങള്‍ ആലോചിച്ചു നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും ഇങ്ങനെ ചിന്തിച്ചു മനസ്സിന്റെ  സമാധാനം കളഞ്ഞ കാര്യങ്ങളില്‍ അഞ്ചു ശതമാനം പോലും യഥാർത്ഥത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവില്ല. അതാണ്  ഉത്കണ്ഠയുടെ പ്രത്യേകത. 

അവ ഭാവിയെപ്പറ്റി അങ്ങേയറ്റം ഭയം തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി ഈ നിമിഷത്തിന്റെ നന്മയും സന്തോഷവും എല്ലാം തിരിച്ചറിയാന്‍ കഴിയാതെപോകുന്ന അവസ്ഥ സൃഷ്ടിക്കും. എത്രയോ പ്രശ്നങ്ങളെ അതിജീവിച്ചു തന്നെയാണ് ഈ സമയംവരെ എത്തിനിൽക്കുന്നത് എന്നത് പലപ്പോഴും നാം മറന്നുപോകുന്നുണ്ടോ?

പുതിയ വർഷത്തില്‍ പല തീരുമാനങ്ങളും എടുക്കുകയും എന്നാല്‍ അവ പ്രാർത്തികമാക്കാന്‍ കഴിയാതെ വരുന്നതും എല്ലാം നമ്മള്‍ പലർക്കും സംഭവിക്കുന്നതാണ്. 'New year resolution' പ്രാവർത്തികമാക്കാന്‍ പറ്റുമോ എന്ന ടെൻഷന് ഗുഡ്ബൈ പറയാം. ഓരോ നിമിഷവും ആ നിമിഷത്തെ എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്ന ഒരു ചിന്തയാണ് നമുക്കാവശ്യം.

പൊതുവേ ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്യുമ്പോള്‍ എത്രമാത്രം നമുക്ക് യഥാത്ഥത്തില്‍ ചെയ്തു തീർക്കാന്‍ കഴിയുമോ അതിന്റെ ഇരട്ടിയാകും നമ്മള്‍ പ്ലാന്‍ ചെയ്യുക (planning fallacy). അതായത് ഈ വർഷം എന്തെല്ലാം നാം പ്ലാന്‍ ചെയ്യുന്നുവോ അതിന്റെ പകുതി കാര്യങ്ങള്‍ മാത്രം നടക്കുക എന്നാല്‍ തന്നെ നാം വിജയിച്ചു എന്നർത്ഥം. 

കുടുംബ പ്രശ്നങ്ങളും ജോലിസ്ഥലത്തെ പ്രശ്നങ്ങളും ഒക്കെയായി പല പ്രശ്നങ്ങളും പുതിയ വർഷത്തില്‍ ഉണ്ടായേക്കാം. പക്ഷേ പ്രശ്നങ്ങളിലേക്ക് മാത്രം അമിതമായി ഫോക്കസ് ചെയ്ത് ജീവിതത്തിലേക്കുള്ള നന്മകൾക്ക് പ്രാധാന്യം കൊടുക്കാതെ പോകരുത്. 

പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് ജീവിതത്തിന്റെ അവസാനമാണ് അടുത്ത ഒരു നല്ല നിമിഷം ജീവിതത്തില്‍ ഇല്ല എന്നു ചിന്തിക്കുന്നത് ഒഴിവാക്കാം. എടുത്തുചാട്ടം ഒഴിവാക്കി മനസ്സിന് കരുത്താര്‍ജ്ജിക്കാന്‍ സമയം അനുവദിക്കുക എന്ന ഒരു പുതിയ ശീലം നമുക്കു തുടങ്ങിവയ്ക്കാം.

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാതാപിതാക്കൾ ചെയ്യേണ്ടത്; സൈക്കോളജിസ്റ്റ് എഴുതുന്നു

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323

click me!