പുതു വർഷത്തിൽ നെഗറ്റീവ് ചിന്തകളെ അതിജീവിക്കാൻ‌ നിങ്ങൾ ചെയ്യേണ്ടത്...

By Web TeamFirst Published Dec 30, 2019, 9:30 AM IST
Highlights

പുതുവർഷത്തെ വരവേല്‍ക്കുകയാണ് നമ്മള്‍. കഴിഞ്ഞ വർഷം എന്തെല്ലാം ജീവിതാനുഭവങ്ങളിലൂടെ നമ്മള്‍ കടന്നുപോയി എന്നും, സ്വയംവിലയിരുത്തല്‍ നടത്തുന്നതിന്റെയും ഒരു സമയമാണിത്. പുതിയ വർഷത്തിൽ പുതിയ തീരുമാനങ്ങള്‍ എന്തെല്ലാമാണ്?

പുതുവർഷത്തെ വരവേല്‍ക്കുകയാണ് നമ്മള്‍. കഴിഞ്ഞ വർഷം എന്തെല്ലാം ജീവിതാനുഭവങ്ങളിലൂടെ നമ്മള്‍ കടന്നുപോയി എന്നും, സ്വയംവിലയിരുത്തല്‍ നടത്തുന്നതിന്റെയും ഒരു സമയമാണിത്. പുതിയ വർഷത്തിൽ പുതിയ തീരുമാനങ്ങള്‍ എന്തെല്ലാമാണ്?

ഈ സമയം മനസ്സ് തകർന്നു  ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരിക്കുന്ന ഒരുപാട് ആളുകളും ഉണ്ട്. ജീവിതത്തിൽ ഒരിക്കലും സന്തോഷമില്ല, മടുത്തു എന്നു പറയുന്നവരോട് സാധാരണ പറഞ്ഞു കൊടുക്കാറുണ്ട്- കിട്ടാത്തതിന്റെ പിന്നാലെ പോകുന്നത് അവസാനിപ്പിക്കൂ, ധൈര്യപൂർവ്വം  ഒരു തീരുമാനം എടുത്തു മുന്നോട്ടു പോകൂ, നിങ്ങൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കൂ.

ദു:ഖിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ഈ വാക്കുകള്‍ ഉള്‍കൊള്ളുക വളരെ പ്രയാസമാണ്. പലരും ചോദിക്കാറുണ്ട് “എന്താണ് എന്റെ കഴിവ്. എനിക്കൊരു passion ഒക്കെ ഉണ്ടോ.എന്നാല്‍ അത് എന്താണ്? അതിനുള്ള ഉത്തരം പറയാന്‍ കഴിയുക നമ്മള്‍ ഓരോരുത്തർക്കും  തന്നെയാണ്.

“ഞാന്‍ ആരാണ്, ഞാന്‍ ആരായിത്തീരണം?”- ഇതു തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്.
ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കൂ.

എന്താണ് നിങ്ങളുടെ ഹോബി? 

പലരും പറയാറുണ്ട് ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ കാരണം സമയം ഇല്ലാതെയായി. പണ്ടു സന്തോഷം കണ്ടെത്തിയിരുന്ന എല്ലാ കാര്യങ്ങളും എപ്പോഴോ ഉപേക്ഷിച്ചു കളഞ്ഞു. മുമ്പ് പാട്ടു കേൾക്കാൻ, എഴുതാന്‍, ചിത്രം വരയ്ക്കാന്‍ ഒക്കെ വളരെ താല്പര്യം ആയിരുന്നു. ഇനി അതൊക്കെ വീണ്ടും തുടങ്ങുക വലിയ പ്രയാസമാണ് എന്നുകൂടി ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കാറുണ്ട്. എന്നാൽ വിഷാദരോഗം പോലെയുള്ള അവസ്ഥയിലേക്കു നമ്മുടെ മനസ്സു പോകുന്നു എങ്കില്‍ മുൻപ് മനസ്സിനു സന്തോഷം നൽകിയിരുന്ന പ്രവര്‍ത്തികൾക്ക് നമ്മള്‍ സമയം കണ്ടെത്തിയേ മതിയാവൂ. മനസിന്റെ മടുപ്പു മാറ്റി സന്തോഷം തിരിച്ചു കൊണ്ടുവരാന്‍ നിസ്സാരം എന്നു ചിലപ്പോള്‍ നമ്മള്‍ കണക്കാക്കുന്ന പ്രവര്ത്തികള്‍കൊണ്ടു കഴിയും. ഇതു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വസ്തുതയാണ്.

നിങ്ങളെപ്പറ്റി വെറുതെ ഒരു സ്വപ്നം കാണാന്‍ പറഞ്ഞാല്‍ എന്തായിരിക്കും മനസ്സിലേക്കു വരിക? ആ സ്വപ്നം യാഥാർത്ഥ്യമായാലോ...?

“അയ്യോ, എനിക്കതിനൊക്കെ കഴിയുമോ” എന്നു തോന്നുന്നുണ്ടോ? പലപ്പോഴും നമുക്കതിനു കഴിയില്ല, പരാജയം സംഭവിച്ചാലോ എന്നൊക്കെയുള്ള ഭയങ്ങളാണ് നമ്മളെ പിന്നോട്ടു വലിക്കുന്നത്. പരാജയ ഭയത്തെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷത്തിലേക്കുള്ള യാത്ര എളുപ്പമാകും.

ഇതുവരെയുള്ള ജീവിതത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണ്?
സ്വയം അഭിമാനം തോന്നിയ നിമിഷങ്ങള്‍ ഏതെല്ലാമാണ്?
നിങ്ങളുടെ ഇപ്പോഴത്തെ ജോലി മേഖല നിങ്ങൾക്ക് സന്തോഷം നല്കുളന്നതാണോ?
എങ്ങനെ നിങ്ങളുടെ കഴിവുകളെ പ്രശ്ന പരിഹാരങ്ങൾക്ക് ഉപയോഗിക്കാം?
പ്രശ്നങ്ങളും ദു:ഖങ്ങളും നേരിടാത്ത മനുഷ്യരില്ല. ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ നാമെല്ലാവരും പ്രതിസന്ധികളെ അതിജീവിച്ചേ മതിയാവൂ. ചില ഘട്ടത്തില്‍ ധൈര്യത്തോടെ തീരുമാനങ്ങള്‍ എടുക്കുക എന്നതാവും പ്രശ്നപരിഹാരത്തിനു നമ്മെ സഹായിക്കുക എങ്കില്‍ മറ്റു ചില സമയങ്ങളില്‍ ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാവും വേണ്ടിവരിക.

എന്തായാലും പ്രശ്നങ്ങളെപ്പറ്റി നിരന്തരം ചിന്തിച്ചു മനസ്സിനെ കൂടുതല്‍ വിഷമിപ്പിക്കുന്നതുകൊണ്ട് പ്രയോജനം ഒന്നുമില്ല. അത്തരം ഘട്ടങ്ങളില്‍ നെഗറ്റീവ് ചിന്തകളില്‍ നിന്നും മനസ്സിന്റെ ശ്രദ്ധയെ മാറ്റാന്‍ നമുക്കു ശ്രമിക്കാം. നമ്മുടെ കഴിവുകള്‍ എന്തെന്നും എന്താണ് നമ്മുടെ മനസ്സിനെ സമാധാനത്തില്‍ ആക്കാന്‍ സഹായിക്കുക എന്നും കണ്ടെത്താം. അങ്ങനെ ഒരു ചിന്ത നമ്മുടെ മനസ്സിനെ ശാന്തമാക്കും എന്നു മാത്രമല്ല, വളരെ ധൈര്യപൂ‌ർവ്വം  പ്രശ്നങ്ങളെ നേരിടാനുള്ള പ്രാപ്തിയും അതിലൂടെ നാം നേടിയെടുക്കും. ജീവിതം അര്‍ത്ഥപൂർണമാക്കി തീർക്കാൻ നമുക്ക് ഓരോത്തർക്കും കഴിയട്ടെ.

എഴുതിയത്:
Priya Varghese ( MPhil MSP)
Clinical Psychologist
For telephone consultation
Call: 8281933323 (10am to 2pm)
(Fees applicable)

click me!