Fashion Review 2021: കാലാവസ്ഥാ വ്യതിയാനം ഫാഷന്‍ സങ്കൽപങ്ങളെ തകർത്തോ?

By Anooja NazarudheenFirst Published Dec 22, 2021, 5:32 PM IST
Highlights

കാലാവസ്ഥാ വ്യതിയാനവും ഫാഷനും തമ്മില്‍ ബന്ധമുണ്ടോ ? ഉണ്ടെന്നാണ് നടന്‍ മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ പറയുന്നത്.  2021ല്‍ സസ്റ്റൈനബിൾ ഫാഷന്‍റെ പ്രാധാന്യം കൂടിയിട്ടുണ്ടെന്നും ജിഷാദ് പറയുന്നു.  

കാലാവസ്ഥാ വ്യതിയാനം നാം ഏറ്റവും കൂടുതല്‍ അറിഞ്ഞ വര്‍ഷം കൂടിയാണ് 2021. ശരിക്കും ഈ കാലാവസ്ഥാ വ്യതിയാനവും ഫാഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് നടന്‍ മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ പറയുന്നത്.  2021ല്‍ 'സസ്റ്റൈനബിൾ' ഫാഷന്‍റെ പ്രാധാന്യം കൂടിയിട്ടുണ്ടെന്നും ജിഷാദ് പറയുന്നു. ഒരു ഫാഷന്‍ സ്റ്റൈലിസ്റ്റിന്‍റെ സാമൂഹിക ഉത്തരവാദിത്വം കൂടിയാണിതെന്നും ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

കാലാവസ്ഥയും ഫാഷനും തമ്മിലുള്ള ബന്ധം....

കാലാവസ്ഥയും ഫാഷനും തമ്മില്‍ ബന്ധമുണ്ട്. പലപ്പോഴും നമ്മള്‍ ഒരു വസ്ത്രം വാങ്ങുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് ഇത് നമുക്ക് ഇവിടെ ധരിക്കാന്‍ പറ്റുമോ, അല്ലെങ്കില്‍ ഇത്  ധരിക്കുമ്പോള്‍ ചൂട് അനുഭവപ്പെടുമോ, ഇത് എപ്പോഴും ധരിക്കാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ്.  കാലാവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ നമ്മുക്ക് വസ്ത്രം ധരിക്കാന്‍ കഴിയുകയുള്ളൂ. ഉദാഹരണത്തിന് ഒരു ജാക്കറ്റ്, അല്ലെങ്കില്‍ ഒരു ഗൗണ്‍ വാങ്ങിയാല്‍ അത് എപ്പോഴും ധരിക്കാന്‍ നമ്മുക്ക് പറ്റാറില്ല. ഫോട്ടോഷൂട്ടിനോ മറ്റുമായിരിക്കും നമ്മള്‍ ഇത്തരം വസ്ത്രം ധരിക്കുന്നത്. കാരണം, കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ജീവിതശൈലി മുന്നോട്ടുപോകുന്നത്. കാലാവസ്ഥയുമായി അടിമപ്പെട്ടിരിക്കുന്നു എന്നുതന്നെ പറയാം. മറ്റ് വിദേശ രാജ്യങ്ങളിലുള്ളവര്‍ നമ്മളെ പോലെ ഷര്‍ട്ടും മുണ്ടും ധരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ അവരുടെ തണുത്ത കാലാവസ്ഥയില്‍ ഒരു ജാക്കറ്റ് ഇല്ലാതെ പുറത്തിറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് എവിടെയും കാലാവസ്ഥ ഒരു ഘടകം തന്നെയാണ്. 

ഫാഷൻ സങ്കൽപങ്ങളെ തകർത്തെറിഞ്ഞ വർഷമായിരുന്നോ 2021? 

ഫാഷനെ മാത്രമല്ല 2020, 2021 എന്നീ വര്‍ഷങ്ങള്‍ നമ്മുടെ ലൈഫ് സ്റ്റൈലിനെ തന്നെ മൊത്തത്തില്‍ തകർത്ത വര്‍ഷങ്ങളായിരുന്നു. എന്നാല്‍ ഒരു സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ ഒരുപാട് സമയം കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഒരു തരത്തില്‍ നോക്കിയാല്‍, ക്രിയേറ്റീവായ പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞു. ഫ്യുച്ചര്‍ ഫാഷനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ഈ കൊവിഡ് കാലത്ത് നാം ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട മാസ്കില്‍ തന്നെ പല ഫാഷന്‍ പരീക്ഷണങ്ങളും കൊണ്ടുവന്നില്ലേ... വലിയ വില കൊടുത്തു അത് വാങ്ങാനും ആളുകളുണ്ടായിരുന്നു. 

മാറിയ കാലാവസ്ഥയില്‍ ഫാഷനില്‍ നേരിട്ട വെല്ലുവിളികള്‍...

ഇത്തവണ പലയിടത്തും വേനല്‍ക്കാലത്തും മഴയായിരുന്നല്ലോ. സമ്മര്‍ കളക്ഷനുകള്‍ തയ്യാറാക്കിയ സമയത്ത് വിന്‍റര്‍ വന്നത് ബുദ്ധിമുട്ടായിരുന്നു. പലപ്പോളും സ്റ്റോറുകളില്‍ വസ്ത്രങ്ങള്‍ വിറ്റുപോകാതെ കിടക്കുന്നുണ്ടായിരുന്നു.  അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം വസ്ത്ര വിപണന മേഖലയെ ബാധിച്ചു എന്നു പറയാം. കാരണം ആളുകള്‍ ഇന്ന് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്. കാലാവസ്ഥയെ കുറിച്ചും ഫാഷനെ കുറിച്ചും ആളുകള്‍ക്ക് ഇന്ന് വ്യക്തമായ ധാരണയമുണ്ട്. 

2021ല്‍ മുന്നിട്ട് നിന്നത് ഇവ... 

2021ല്‍ ഏറ്റവും കൂടുതല്‍ മുന്നിട്ട് നിന്നത് ടൈ ആന്‍ഡ് ഡൈ ഫാബ്രിക്ക്, ലിനനുമാണ്. കംഫര്‍ട്ടബിളായ വസ്ത്രങ്ങള്‍ ധരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ലിനന്‍ ആളുകള്‍ ഒരുപാട് ഇഷ്ടപ്പെടുകയും ലിനനിലുള്ള വസ്ത്രങ്ങള്‍ ഒരുപാടുപേര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.  

2021ലെ സെലിബ്രിറ്റീസ് ഫാഷന്‍...

പണ്ടൊക്കെ സെലിബ്രിറ്റീസ് ഫാഷന്‍ ഏറ്റവും കൂടുതല്‍ കണ്ടിരുന്നത് സിനിമകളിലായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ഓരോ സെലിബ്രിറ്റികളുടെയും ഫോട്ടോഷൂട്ടുകള്‍ നാം കാണുന്നുണ്ട്. 2021 പകുതിയോടെ സിനിമകള്‍ സജ്ജീവമായപ്പോള്‍ പഴയ സെലിബ്രിറ്റീസ് ഫാഷനും തിരിച്ചുവന്നുവെന്നും പറയാം. ഞാന്‍ സ്റ്റൈല്‍ ചെയ്യുന്ന ലാലേട്ടന്‍ ആണെങ്കിലും  ടൊവിനോ ആണെങ്കിലും ആസിഫ് അലി ആണെങ്കിലും ഒരുപാട് പരീക്ഷണങ്ങള്‍ ഇല്ലാത്ത, വളരെ കംഫര്‍ട്ടബിളായ വസ്ത്രങ്ങളാണ് അടുത്തിടെ നടന്ന പ്രൊമൊഷനുകളില്‍ ഉപയോഗിച്ചത്. നമുടെ കാലാവസ്ഥ കണക്കിലെടുത്ത് തന്നെയാണ് അത്തരത്തില്‍ അവരെ സ്റ്റൈല്‍ ചെയ്തത്. പണ്ടൊക്കെ ഇവര്‍ക്കായി ജാക്കറ്റുകളും ബൂട്സുമൊക്കെ ആണ് ഞാന്‍ തെരഞ്ഞെടുത്തിരുന്നത്. മിനിമല്‍ ഫാഷനിലേയ്ക്ക് സെലിബ്രിറ്റികള്‍ എത്തി എന്നുവേണമെങ്കിലും പറയാം. 

 

 

സസ്റ്റൈനബിൾ ഫാഷന്‍റെ പ്രാധാന്യം കൂടിയോ ? 

തീര്‍ച്ചയായും സസ്റ്റൈനബിൾ ഫാഷന്‍റെ പ്രാധാന്യം കൂടിയിട്ടുണ്ടെന്ന് പറയാം. ഒരു ഫാഷന്‍ സ്റ്റൈലിസ്റ്റിന്‍റെ സാമൂഹിക ഉത്തരവാദിത്വം കൂടിയായാണ് ഞാന്‍ ഇതിനെ കാണുന്നത്. ആളുകളും ഈ രീതിയില്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു വസ്ത്രം വാങ്ങുമ്പോള്‍ ഇത് സസ്റ്റൈനബിൾ ആണോ എന്നും അവര്‍ നോക്കും. ഡെനിമില്‍ തന്നെ നിരവധി സസ്റ്റൈനബിൾ ഫാഷന്‍ പരീക്ഷണങ്ങള്‍ ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്.  

2022ലെ ഫാഷനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍...

പ്രകൃതിയോടു ഇണങ്ങുന്ന തരം വസ്ത്രങ്ങള്‍ കൊണ്ടുവരുക എന്നതാണ് ഞാന്‍ നോക്കികാണുന്നത്. ഫാഷനെ ബിസിനസായി കാണാതെ സാമൂഹിക ഉത്തരവാദിത്വത്തോടെ സമീപിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

 

Also Read: ഈ വര്‍ഷം അമ്മയായ താരങ്ങളും കുട്ടി സെലിബ്രിറ്റികളും

click me!