മുഖക്കുരുവും പാടുകളും ഒഴിവാക്കാം; രാത്രി കിടക്കും മുമ്പ് ചെയ്യേണ്ടത്...

By Web TeamFirst Published Oct 1, 2019, 10:26 PM IST
Highlights

ചര്‍മ്മസംരക്ഷണത്തിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമെന്തെന്നാണോ ചിന്തിക്കുന്നത്? എന്നാല്‍ കേട്ടോളൂ, ചര്‍മ്മസംരക്ഷണത്തിന് അങ്ങനെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റായ ഡോ. കിരണ്‍ ലോഹിയ പറയുന്നു

മുഖസൗന്ദര്യസംരക്ഷണത്തിന് പല കുറുക്കുവഴികളും നമ്മള്‍ നോക്കാറുണ്ട്. എന്നാല്‍ രാത്രി ഉറങ്ങും മുമ്പ് നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അവബോധമില്ലെന്നതാണ് സത്യം. ചര്‍മ്മസംരക്ഷണത്തിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമെന്തെന്നാണോ ചിന്തിക്കുന്നത്?

എന്നാല്‍ കേട്ടോളൂ, ചര്‍മ്മസംരക്ഷണത്തിന് അങ്ങനെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റായ ഡോ. കിരണ്‍ ലോഹിയ പറയുന്നു.

'നമ്മുടെ മുഖചര്‍മ്മം, അതിനേറ്റ കേടുപാടുകള്‍ തീര്‍ക്കുന്നതും വീണ്ടും സാധാരണനിലയിലേക്ക് മാറുന്നതുമെല്ലാം രാത്രിയിലാണ്. അതുകൊണ്ടുതന്നെ കിടക്കും മുമ്പ് നമ്മള്‍ നിര്‍ബന്ധമായും ചിലത് ചര്‍മ്മത്തിന് വേണ്ടി ചെയ്‌തേ പറ്റൂ...'- കിരണ്‍ പറയുന്നു. 

ആദ്യമായി മുഖത്ത് എന്തെങ്കിലും തരത്തിലുള്ള മേക്കപ്പുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും കളയണം. ഏറ്റവും പ്രധാനമായി നമ്മള്‍ ചെയ്യേണ്ടതും അതുതന്നെയാണെന്നാണ് ഡോ.കിരണ്‍ പറയുന്നത്. ഇതിന് ശേഷം മോയിസ്ചറൈസര്‍ ഇടാം. ഇത് ഓരോരത്തര്‍ക്കും അവരവരുടെ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചുള്ളത് തെരഞ്ഞെടുക്കാം. ഈ രണ്ട് കാര്യങ്ങളും നിര്‍ബന്ധമായും എല്ലാവരും ചെയ്യേണ്ടതാണ്. 

ഇനി, ചര്‍മ്മത്തിന് പ്രായം കൂടുതല്‍ തോന്നിക്കുന്നുവെന്ന് പ്രശ്‌നമുള്ളവര്‍ക്ക് ഇതിനെ മറികടക്കാന്‍ 'റെറ്റിനോള്‍' അല്ലെങ്കില്‍ 'ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് സിറം' ഉപയോഗിക്കാം. അതുപോലെ ചര്‍മ്മം തിളക്കമുള്ളതാകാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ 'ആല്‍ഫ ഹൈഡ്രോക്‌സി സിറം', 'വിറ്റാമിന്‍-സി', അല്ലെങ്കില്‍ 'ഫെറൂലിക് ആസിഡ്' പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഉപയോഗിക്കാം. ഇത് മുഖക്കുരുവും മറ്റ് പാടുകളും ഒഴിവാക്കാൻ സഹായിക്കും.

എന്തായാലും ഉറങ്ങും മുമ്പ് മുഖം നന്നായി ക്ലെന്‍സ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതും ഓരോരുത്തര്‍ക്കും അവരവരുടെ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചുള്ള ക്ലെന്‍സര്‍ തെരഞ്ഞെടുക്കാം. പക്ഷേ, പത അധികമുള്ള ക്ലെന്‍സറുകള്‍ ഒഴിവാക്കാന്‍ കരുതണം. കാരണം, ഇത് ചര്‍മ്മത്തിന്റെ pH ബാലന്‍സ് തകര്‍ക്കാന്‍ ഇടയാക്കും. ഏറ്റവും കുറഞ്ഞത് മോയിസ്ചറൈസറോ മറ്റെന്തെങ്കിലും സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളോ ഉപയോഗിക്കും മുമ്പ് മുഖം നല്ലപോലെ വെള്ളത്തില്‍ കഴുകിത്തുടയ്ക്കാനെങ്കിലും ശ്രദ്ധ വയ്ക്കണം. 

സമയമുണ്ടെങ്കില്‍ ഏതെങ്കിലും 'ഹൈഡ്രേറ്റിംഗ് മാസ്‌ക്' അല്ലെങ്കില്‍ 'ക്ലേ മാസ്‌ക്' എന്നിവയും രാത്രിയില്‍ ഇടാവുന്നതാണ്. ഇത് നിര്‍ബന്ധമുള്ള കാര്യമല്ല. പക്ഷേ, ഇടുന്നത് കൊണ്ട് തീര്‍ച്ചയായും ഗുണമുണ്ടാവുകയും ചെയ്യും. 

click me!