അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

By Web TeamFirst Published Feb 16, 2020, 3:34 PM IST
Highlights

മേല്‍വസ്ത്രങ്ങള്‍ പോലെയല്ല അടിവസ്ത്രങ്ങൾ. അവ വളരെയധികം ശ്രദ്ധയോടെയും വൃത്തിയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇവ കഴുകുമ്പോഴും  ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്

സാധാരണ വസ്ത്രങ്ങള്‍ പോലെയല്ല, അടിവസ്ത്രങ്ങള്‍. അവ എപ്പോഴും വൃത്തിയാടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ത്തന്നെ സാധാരണ മേല്‍വസ്ത്രങ്ങള്‍ കഴുകുന്നത് പോലെയല്ല അവ കഴുകേണ്ടതും. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ചൊന്നും അധികമാരും സൂക്ഷ്മത പുലര്‍ത്താറില്ല എന്നതാണ് സത്യം. 

ഇതാ അടിവസ്ത്രങ്ങള്‍ കഴുതുമ്പോള്‍ നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

ഒന്ന്...

ഇളം ചൂടുവെള്ളത്തില്‍ അടിവസ്ത്രങ്ങള്‍ കഴുകുന്നവരുണ്ട്. വസ്ത്രം വൃത്തിയാകാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വാദം. എന്നാല്‍ എപ്പോഴും ചൂടുള്ള വെള്ളത്തില്‍ കഴുകുമ്പോള്‍ അടിവസ്ത്രം എളുപ്പത്തില്‍ ഉപയോഗശൂന്യമായിപ്പോകാനുള്ള സാധ്യതകള്‍ കൂടുതലാണ്. 

 

 

ഏറ്റവും നല്ലത്, തണുത്ത വെള്ളത്തില്‍ തന്നെ അടിവസ്ത്രങ്ങള്‍ അലക്കുന്നതാണ്. 

രണ്ട്...

സാധാരണഗതിയില്‍ അലക്കാന്‍ ഉപയോഗിക്കുന്ന വൂള്‍ ഡിറ്റര്‍ജന്റുകളും അടിവസ്ത്രങ്ങള്‍ക്ക് നന്നല്ല. ഇവ അലക്കാന്‍ വീര്യം കുറഞ്ഞ സോപ്പുകള്‍ പ്രത്യേകം സൂക്ഷിക്കാവുന്നതാണ്. 

മൂന്ന്...

അടിവസ്ത്രങ്ങള്‍ കഴുകുന്നതിലും ഉണക്കി സൂക്ഷിക്കുന്നതിലുമെല്ലാം നമ്മള്‍ ഇത്രമാത്രം ശ്രദ്ധ പുലര്‍ത്തണമെന്ന് പറയുന്നത്, അത് ഏറ്റവും സ്വകാര്യവും സെന്‍സിറ്റീവുമായ അവയവങ്ങള്‍ക്ക് പുറത്ത് ധരിക്കുന്നതിനാലാണ്. അതായത് ശുചിത്വം വളരെ പ്രധാനമാണ്. ഇതുറപ്പുവരുത്താനായി, അടിവസ്ത്രം അല്‍പനേരം മുക്കിവച്ച ശേഷം മാത്രം അലക്കുക. വസ്ത്രത്തിലെ ചെറിയ ഭാഗങ്ങളില്‍ വരെയുള്ള അഴുക്ക് ഇളകിപ്പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. നേരിട്ട് എടുത്ത് അലക്കുമ്പോള്‍ ഒരുപക്ഷേ മുഴുവന്‍ അഴുക്കും ഇളകിപ്പോകാത്ത സാഹചര്യമുണ്ടായേക്കാം. 

നാല്...

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വാഷിംഗ് മെഷീനില്‍ ബ്രാ അലക്കുമ്പോള്‍ അതിന്റെ ഹുക്കുകള്‍ ഇട്ടുവച്ച ശേഷം വേണം അലക്കാന്‍. അല്ലാത്ത പക്ഷം അത് മറ്റ് വസ്ത്രങ്ങളില്‍ കുടുങ്ങി പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.

 

 

അതുപോലെ അലക്കുമ്പോള്‍, അത് ഏത് അടിവസ്ത്രവുമാകട്ടെ, ചുരുട്ടിക്കൂട്ടിയ അവസ്ഥയില്‍ തന്നെ എടുത്ത് അലക്കരുത്. ചുരുക്കുണ്ടെങ്കില്‍ അത് കൈ വച്ച് നിവര്‍ത്തി നല്ലരീതിയില്‍ വച്ച ശേഷം വേണം അലക്കാന്‍. 

അഞ്ച്...

വാഷിംഗ് മെഷീനില്‍ തന്നെ പകുതിയും ഉണക്കിയെടുക്കുന്നതാണ് ഇപ്പോള്‍ മിക്ക വീടുകളിലേയും രീതി. എന്നാല്‍ അടിവസ്ത്രം ഇങ്ങനെ ചെയ്യാതിരിക്കുകയാണ് ഉത്തമം. രണ്ട് കാര്യങ്ങളാണ് ഇതിലുള്ളത്. ഒന്ന് ഡ്രൈയറിന്റെ ചൂട് വസ്ത്രത്തെ പെട്ടെന്ന് നശിപ്പിക്കും. രണ്ട്, അടിവസ്ത്രങ്ങള്‍ കഴിയുന്നതും വെയിലില്‍ ഇട്ടുതന്നെ ഉണക്കിയെടുക്കാന്‍ ശ്രമിക്കണം. കാരണം, അണുക്കളെ ഇല്ലാതാക്കാനുള്ള നല്ലൊരു പോംവഴിയാണ് വെയിലത്ത് ഉണക്കുന്നത്. സ്വകാര്യഭാഗങ്ങളില്‍ ഫംഗസ് ബാധ വരാറുള്ളവര്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം. 

click me!