മുഖഭംഗി കുറഞ്ഞുവരുന്നോ? ഇതാ ഈ അഞ്ച് ശീലങ്ങളൊഴിവാക്കൂ....

By Web TeamFirst Published Aug 1, 2019, 7:25 PM IST
Highlights

മുഖം വെറുതെ വെള്ളത്തില്‍ കഴുകുന്നതും ഉരച്ചുകഴുകുന്നതും എല്ലാം നല്ലതാണെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്, അല്ലേ? എന്നാല്‍ ഇത് കൂടുതലായാല്‍ അത്ര നല്ലതല്ലെന്നാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്

എത്ര മിനുക്കിയാലും ശ്രദ്ധിച്ചാലും മുഖത്തിന്റെ കാന്തി കുറഞ്ഞുവരികയാണ് എന്ന് തന്നെയാണോ തോന്നുന്നത്? അങ്ങനെയാണെങ്കില്‍ എന്താകാം ഇതിന് പിന്നിലെ കാരണം?

ചിന്തിച്ച് വിഷമിക്കേണ്ട, ദൈനംദിന ജീവിതത്തിലെ നമ്മുടെ ചിട്ടകളും പതിവുകളും തന്നെയാണ് ഒരു പരിധി വരെ ചര്‍മ്മത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ ശീലങ്ങളെക്കുറിച്ച് സ്വയം ഒരു വിലയിരുത്തലാകാം. എന്നിട്ട് ഈ അഞ്ച് ശീലങ്ങളെ അങ്ങ് വെട്ടിമുറിച്ച് കളഞ്ഞോളൂ, അവയേതെല്ലാം എന്ന് നോക്കാം...

ഒന്ന്...

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് എത്രമാത്രം മോശം ശീലമാണെന്ന് പലര്‍ക്കും മനസിലാകുന്നില്ല. അല്ലെങ്കില്‍ മനസിലായാല്‍ത്തന്നെ, അത് തിരുത്താനുള്ള ഉത്സാഹം എടുക്കുന്നുമില്ല. ആകെ ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം, പ്രധാനമായും ഇത് ചര്‍മ്മത്തെയാണ് ബാധിക്കുക. നമ്മളില്‍ കുറേശ്ശെയായി അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ ഒഴുക്കിക്കളയാന്‍ വെള്ളം അത്യാവശ്യമാണ്. വെള്ളമില്ലാതാകുമ്പോള്‍ ഈ ധര്‍മ്മം നടക്കാതെയാകുന്നു. ചര്‍മ്മം വരണ്ടതാകാനും, അതിന്മേല്‍ മുഖക്കുരുവും പാടുകളും വീഴാനും തിളക്കം നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നു.

രണ്ട്...

മുഖം നന്നായിരിക്കാന്‍ വേണ്ടിയാണ് നമ്മള്‍ മേക്കപ്പ് ചെയ്യുന്നത്. അതെല്ലാം ശരി തന്നെ, എന്നാല്‍ ആവശ്യമുള്ളത്രയും സമയം കഴിഞ്ഞാല്‍ മുഖത്ത് നിന്ന് പരിപൂര്‍ണ്ണമായി മേക്കപ്പ് തുടച്ചുകളയാനും മുഖം വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പലരും മേക്കപ്പിന്റെ അവശിഷ്ടത്തോടെയും മറ്റും നേരെ ഉറക്കറയിലേക്ക് കൂടണയും. ഇത് ചര്‍മ്മത്തിന്റെ സൗന്ദര്യത്തെ വളരെ എളുപ്പത്തില്‍ കെടുത്തിക്കളയുമെന്നോര്‍ക്കുക. 

മൂന്ന്...

മൂന്നാമതായി പറയാനുള്ളത് ഭക്ഷണകാര്യത്തെ കുറിച്ചാണ്. ഒരുപാട് മധുരമടങ്ങിയ ഭക്ഷണം അകത്തുചെല്ലുന്നതും ചര്‍മ്മത്തിന് അത്ര നല്ലതല്ല. ധാരാളം മുഖക്കുരുവുണ്ടാകാന്‍ ഈ ശീലം ഇടയാക്കുന്നു. ഇങ്ങനെ കുറേയധികം മധുരം കഴിക്കുന്നതിന് പകരം വിറ്റാമിന്‍- സി അടങ്ങിയ പഴങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തി നോക്കൂ. ആ മാറ്റം എത്രമാത്രമെന്ന് കാണാം. 

നാല്...

സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗമാണ് മറ്റൊരു പാര. ഇന്ന് ഇത്തരം ഉത്പന്നങ്ങളുപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ പലപ്പോഴും ഇവ ചര്‍മ്മത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നോര്‍ക്കുക. അതിനാല്‍ 'കോസ്‌മെറ്റിക്‌സ്' ഉപയോഗം കുറയ്ക്കുക. ഗുണമേന്മ ഉറപ്പുവരുത്തിയവ മാത്രം മിതമായ രീതിയില്‍ ഉപയോഗിക്കാം. 

അഞ്ച്...

മുഖം വെറുതെ വെള്ളത്തില്‍ കഴുകുന്നതും ഉരച്ചുകഴുകുന്നതും എല്ലാം നല്ലതാണെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്, അല്ലേ? എന്നാല്‍ ഇത് കൂടുതലായാല്‍ അത്ര നല്ലതല്ലെന്നാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. ഈ ശീലവും മുഖത്തെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമത്രേ. അതിനാല്‍ ഓരോ മണിക്കൂറിലും മുഖം കഴുകുന്ന ശീലമുണ്ടെങ്കില്‍ അതുവേണ്ട, അതുപോലെ മുഖം ശക്തിയായി ഒരിക്കലും ഉരച്ച് കഴുകരുത്. വളരെ നേര്‍മ്മയോടെ മാത്രം മുഖചര്‍മ്മത്തെ കൈകാര്യം ചെയ്യുക.

click me!