
തലമുടി കൊഴിച്ചില്‍ ആണ് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.
പഴങ്ങളും പച്ചക്കറികളും കൊണ്ട് തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. വാഴപ്പഴം, നെല്ലിക്ക, ചീര, കറുവേപ്പില തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ തലമുടി സംരക്ഷണത്തിന് സഹായിക്കും. അത്തരത്തില്‍ ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം...
ഒന്ന്...
തലമുടിയുടെ സംരക്ഷണത്തിനായി പാലക് ചീര കൊണ്ടുള്ള ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചീരയിലുള്ള വിറ്റാമിൻ എ, സി എന്നിവ തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ 'മോയസ്ച്വറൈസ്' ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ സി 'കൊളീജിൻ' ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. ഇതിനായി ഒരു കപ്പ് പാലക് ചീര (ഇലകള്‍ മാത്രം), ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലീവ് ഓയില്‍ തുടങ്ങിയവയാണ് ചീര ഹെയർ മാസ്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കൾ. ആദ്യം ചീരയില, തേൻ, വെളിച്ചെണ്ണ എന്നിവയെടുത്ത് മിക്സിയിലടിക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ മാസ്ക് തലയില്‍ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.
രണ്ട്...
തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് പഴം. പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് നേന്ത്രപഴം. ഇത് തലമുടി കൊഴിച്ചിൽ തടയാനും താരനെ അകറ്റാനും സഹായിക്കും. ഇതിനായി ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേയ്ക്ക് ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് മിക്സിയിലടിക്കുക. ഇനി ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
മൂന്ന്...
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കും. താരന്‍ അകറ്റാന്‍ ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും.
നാല്...
മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇതിനായി ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേൻ എന്നിവ മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
അഞ്ച്...
മുടിയിഴകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു മാന്ത്രിക ചേരുവയാണ് കറിവേപ്പില. അതുകൊണ്ടാണ് പണ്ടുകാലത്തുള്ളവര്‍ കറിവേപ്പില ഇട്ട് കാച്ചിയ എണ്ണ തലമുടിയിൽ പുരട്ടുന്നത്. അതുപോലെ തന്നെ തലമുടിയുടെ തിളക്കത്തിന് സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി പൂക്കൾ. ഈ ഹെയര്‍ മാസ്ക് തയ്യാറാക്കാന്‍ ആദ്യം 8-10 ചെമ്പരത്തി പൂക്കൾ എടുത്ത് ദളങ്ങൾ വേർതിരിക്കുക. കുറച്ച് ചെമ്പരത്തി ഇലകളും എടുക്കുക. അവ നന്നായി കഴുകി മിക്സിയിൽ ഇടുക. ഇനി ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേർത്ത ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഈ ഹെയർ മാസ്ക് ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ആറ്...
നാരങ്ങാനീരും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇത് സഹായിക്കും.
Also Read: നാല്‍പതുകളിലെ ചര്‍മ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...