
സമൂഹമാധ്യമങ്ങളില്‍ ഓരോ ദിവസവും വൈറലാകുന്ന എണ്ണമറ്റ വീഡിയോകളുണ്ട്. നമ്മള്‍ ആവര്‍ത്തിച്ച് കാണുന്ന വീഡിയോകള്‍ക്ക് അനുസരിച്ചാണ് കൂടുതല്‍ പുതിയ വീഡിയോകള്‍ നമ്മുടെ വാളുകളിലെത്തുന്നത്. ഇതില്‍ പലപ്പോഴും ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി മുന്‍പന്തിയിലെത്തി നില്‍ക്കുന്ന വീഡിയോകളായി വരാറുള്ളത് അടുക്കള, അല്ലെങ്കില്‍ പാചകം എന്നിവയുമായെല്ലാം ബന്ധപ്പെട്ടതാണ്.
വീടുമായും അടുക്കളയുമായുമെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളില്‍ മിക്കതും കാണുമ്പോള്‍ പലപ്പോഴും നമ്മള്‍ നമ്മുടെ ചിട്ടയില്ലാത്ത ജീവിതരീതികളെ കുറിച്ചോര്‍ത്ത് അപകര്‍ഷതയിലാകാറുണ്ട്, അല്ലേ? ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെയാണ് അമിതമായി സമൂഹമാധ്യമങ്ങളില്‍ സമയം ചെലവിടുന്നത് മാനസികാരോഗ്യത്തിന് നന്നല്ല എന്ന മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്.
മറ്റുള്ളവരുമായി എപ്പോഴും സ്വയം താരതമ്യപ്പെടുത്താന്‍ ഇത്തരം വീഡിയോകളെല്ലാം നമ്മളെ നിര്‍ബന്ധിതരാക്കിയേക്കാം. ക്രമേണ മനസിനകത്തെ അപകര്‍ഷതാബോധം നേരിയ നിരാശയിലേക്കും നമ്മളെ നയിച്ചേക്കാം. ഏതായാലും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അല്‍പം ആശ്വാസം പകരുന്ന മറ്റൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയാനുള്ളത്.
വൃത്തിയായി അടുക്കളയും ഫ്രിഡ്ജുമെല്ലാം ഒരുക്കിവയ്ക്കുന്ന വീഡിയോ കാണുമ്പോള്‍ സാധാരണക്കാര്‍ എന്തെല്ലാമാണ് ചിന്തിക്കുക എന്നതാണ് ഈ വീഡിയോയില്‍ ബ്ലോഗര്‍ പറയുന്നത്. വളരെ രസകരമായ 'കൗണ്ടറുകള്‍' ആണ് ഓരോ കാര്യങ്ങള്‍ക്കും അദ്ദേഹം പറയുന്നത്.
ഒന്നിന് പിന്നാലെ ഒന്നൊന്നായി കൊക്കകോള കാനുകള്‍ അടുക്കിവയ്ക്കുമ്പോഴും, കാന്‍ഡി ബാറുകളും മറ്റ് ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകളും ട്രേകളില്‍ നിറച്ചുവയ്ക്കുമ്പോഴുമെല്ലാം തമാശ നിറഞ്ഞ പ്രതികരണങ്ങളാണ് ബ്ലോഗറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 'ഇതെന്താണ് പലചരക്ക് കടയോ', 'നിങ്ങളുടെ വീട്ടില്‍ എത്ര കുട്ടികളുണ്ട്' തുടങ്ങി രസികന്‍ പ്രതികരണങ്ങള്‍ നമ്മെ ചിരിപ്പിക്കുന്നതാണ്.
ഹാസ്യം മാത്രമല്ല, മറ്റുള്ളവരുടെ ജീവിതം നോക്കി നമ്മള്‍ അപകര്‍ഷതയിലാകേണ്ട കാര്യമില്ലെന്നും നമുക്ക് നമ്മുടെ ജീവിതമുണ്ട്- അതിനെ സ്‌നേഹിക്കാന്‍ പരിശീലിച്ചാല്‍ മാത്രം മതിയെന്നുമുള്ള വലിയ പാഠങ്ങള്‍ കൂടി ഈ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.
ട്വിറ്ററില്‍ വ്യാപകമായ രീതിയിലാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെടുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. സാധാരണക്കാരുടെ അഭിനന്ദനങ്ങള്‍ ഏറെ ലഭിച്ച ആ ചെറുവീഡിയോ ഒന്ന് കണ്ടുനോക്കാം....
Also Read:- ഈ കൊവിഡ് കാലത്ത് കടയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ...