കളറിംഗ് തുടരാം, പക്ഷെ കെമിക്കൽ വേണ്ട; പ്രകൃതിദത്ത ഹെയർ കളറിംഗ് ടിപ്‌സുകൾ

Published : Oct 21, 2025, 06:09 PM IST
Hair coloring

Synopsis

മുടിക്ക് നിറം നൽകുന്ന പല ഡൈകളിലും അടങ്ങിയ അമോണിയ, PPD തുടങ്ങിയവ മുടിയുടെ സ്വാഭാവിക ഈർപ്പം വലിച്ചെടുത്ത് മുടി വരണ്ടതാക്കുകയും പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു. ഇതിന് പകരം, മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ചേരുവകളിലേക്ക്….

നരച്ച മുടിയോടുള്ള പേടി കൊണ്ടല്ല, പുതിയ ട്രെൻഡുകൾക്കും സ്റ്റൈലിനും വേണ്ടിയാണ് ജെൻ സി മുടിക്ക് നിറം നൽകുന്നത്. എന്നാൽ, ആ തിളക്കത്തിന് വേണ്ടി മുടിയുടെ ആരോഗ്യം ഹോമിക്കേണ്ടതുണ്ടോ? 'കെമിക്കൽ ഫ്രീ' എന്ന പുതിയ ചിന്താഗതിയാണ് ഈ തലമുറയെ നയിക്കുന്നത്. ഹെയർ കളറിംഗ് ഒരു ഫാഷനാണ്. പക്ഷെ, കെമിക്കൽ ഡൈകൾ ഉണ്ടാക്കുന്ന മുടി കൊഴിച്ചിൽ, വരൾച്ച, ചർമ്മ അലർജികൾ എന്നിവ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവയാണ്. അതുകൊണ്ട് തന്നെ, കടുപ്പമുള്ള കെമിക്കലുകൾക്ക് പകരം, മുടിക്ക് പോഷണം നൽകുന്ന പ്രകൃതിദത്ത ചേരുവകളാണ് ഇപ്പോൾ ട്രെൻഡ്. നിങ്ങളുടെ മുടിയുടെ നിറം മാറ്റാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ചില 'ഗ്രീൻ ബ്യൂട്ടി' ടിപ്‌സുകൾ ഇതാ…

കെമിക്കൽ കളറുകൾക്ക് 'ബൈ' പറയാം

മുടിക്ക് നിറം നൽകുന്ന പല ഡൈകളിലും അടങ്ങിയ അമോണിയ, PPD തുടങ്ങിയവ മുടിയുടെ സ്വാഭാവിക ഈർപ്പം വലിച്ചെടുത്ത് മുടി വരണ്ടതാക്കുകയും പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു. ഇതിന് പകരം, മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ചേരുവകളിലേക്ക് മാറുന്നത് മുടിക്ക് കൂടുതൽ തിളക്കവും കട്ടിയും നൽകാൻ സഹായിക്കും.

മുടിയുടെ നിറം മാറ്റാൻ മൂന്ന് DIY പരീക്ഷിക്കാം

താൽക്കാലികമായോ സ്ഥിരമായോ മുടിയുടെ ടോൺ മാറ്റാൻ സഹായിക്കുന്ന, വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഹയർ പാക്കുകൾ ഇതാ. DIY ചെയ്യുന്നതിന് മുൻപ് ഒരു പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്.

1. ചുവപ്പ് കലർന്ന ബ്രൗൺ നിറത്തിന്: കാപ്പിക്കൂട്ട് ഉപയോഗിക്കാം

കടുപ്പത്തിൽ കാപ്പി തിളപ്പിച്ച ശേഷം തണുപ്പിക്കുക. ഈ കോഫിയിൽ 2 ടേബിൾ സ്പൂൺ കോഫി പൗഡറും നിങ്ങളുടെ ഇഷ്ടപ്പെട്ട കണ്ടീഷണറും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി ഒരു മണിക്കൂർ വെയ്ക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ മാത്രം കഴുകുക. ഇത് നിങ്ങളുടെ മുടിക്ക് ഇരുണ്ടതും തിളക്കമുള്ളതുമായ തവിട്ടുനിറം നൽകുന്നു. നരച്ച മുടി മറയ്ക്കാൻ ഇത് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

2. കറുപ്പ് നിറം നിലനിർത്താൻ: ചായയുടെ ടോണർ ഉണ്ടാക്കാം

കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കി തണുപ്പിക്കുക. ഇതിൽ കുറച്ച് ഉപ്പ് ചേർക്കുക. ഷാംപൂ ചെയ്ത ശേഷം ഈ കട്ടൻ ചായ വെള്ളത്തിൽ കലർത്താതെ മുടിയിൽ ഒഴിച്ച് കഴുകുക. 20 മിനിറ്റിനു ശേഷം ശുദ്ധജലത്തിൽ കഴുകിയാൽ മതി. ചായയിലെ ടാനിൻ മുടിക്ക് ആഴത്തിലുള്ള കറുപ്പ് നിറം നൽകുകയും സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

3. ഗോൾഡൻ / ലൈറ്റ് ബ്രൗൺ ഹൈലൈറ്റ്സിന്: കമോമൈൽ വാഷ് തിരഞ്ഞെടുക്കാം

നാല് കമോമൈൽ ടീ ബാഗുകൾ ഉപയോഗിച്ച് കടുപ്പത്തിൽ ടീ ഉണ്ടാക്കി തണുപ്പിക്കുക. സാധാരണ ഷാംപൂ വാഷിന് ശേഷം ഈ കമോമൈൽ ടീ ഉപയോഗിച്ച് മുടി കഴുകുക. കഴുകി കളയേണ്ട ആവശ്യമില്ല. ഇത് നിങ്ങളുടെ മുടിക്ക് സ്വാഭാവികമായ ഗോൾഡൻ ഹൈലൈറ്റ്സ് നൽകുകയും, മുടിയുടെ ടോൺ ലൈറ്റാക്കുകയും ചെയ്യും.

4. ചുവന്ന നിറം നൽകാൻ: ബീറ്റ്റൂട്ട് മാസ്ക്

ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് അതിൽ കുറച്ച് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുടിയിൽ നന്നായി പുരട്ടി രണ്ട് മണിക്കൂർ വെയ്ക്കുക. അതിനുശേഷം കഴുകി കളഞ്ഞാൽ മുടിക്ക് ചുവപ്പ് കലർന്ന പിങ്ക് നിറം ലഭിക്കുന്നു. സ്ഥിരമായ ഫലം ലഭിക്കാൻ ആഴ്ചയിൽ ഒരു തവണ ചെയ്യാം.

നിറം നിലനിർത്താനുള്ള എളുപ്പമുള്ള നാല് ഹാക്കുകൾ

പ്രകൃതിദത്ത നിറങ്ങൾ വേഗത്തിൽ മങ്ങാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ:

  • കളർ ചെയ്ത ഉടൻ കഴുകരുത്: കളർ ചെയ്ത ശേഷം 24 മണിക്കൂർ മുടി കഴുകാതിരിക്കുന്നത് നിറം മുടിയിൽ ഉറയ്ക്കാൻ സഹായിക്കും.
  • തണുത്ത വെള്ളം ഉപയോഗിക്കുക: മുടി കഴുകാൻ എപ്പോഴും തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക. ചൂടുവെള്ളം പ്രകൃതിദത്ത കളറുകൾ വേഗത്തിൽ ഇളക്കി കളയാൻ കാരണമാകും.
  • സൾഫേറ്റ് രഹിത ഷാംപൂ: സൾഫേറ്റ് അടങ്ങിയ ഷാംപൂകൾ ഒഴിവാക്കുക. സൾഫേറ്റ് രഹിത ഷാംപൂകൾ മാത്രം ഉപയോഗിക്കുന്നത് നിറം മങ്ങുന്നത് കുറയ്ക്കും.
  • വിനാഗിരി ഉപയോഗിക്കാം: ആഴ്ചയിൽ ഒരിക്കൽ ആപ്പിൾ സൈഡർ വിനാഗിരി വെള്ളത്തിൽ കലർത്തി കഴുകുന്നത് നിറം മുടിയിൽ ഉറപ്പിച്ചു നിർത്താൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ മുടി കളർ ചെയ്യാനുള്ളതാണ്, നശിപ്പിക്കാനുള്ളതല്ല. കെമിക്കലുകൾ ഇല്ലാത്ത ഈ വഴികളിലൂടെ മുടിക്ക് സ്റ്റൈലും ആരോഗ്യവും നൽകാം.

PREV
Read more Articles on
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ