'രാക്ഷസന്‍ മീന്‍'; അപ്രതീക്ഷിതമായി കുരുങ്ങിയ വമ്പന്റെ പ്രായം കേള്‍ക്കണോ?

By Web TeamFirst Published Jan 13, 2020, 6:24 PM IST
Highlights

കരയിലെത്തിച്ച് തൂക്കിനോക്കിയപ്പോള്‍ നൂറ്റിയറുപത് കിലോയോളം തൂക്കമുണ്ട് മീനിന്. ഹമോര്‍ എന്ന ഇനത്തില്‍പ്പെടുന്ന മീനാണിതെന്ന് ജെയ്‌സണും സംഘവും തന്നെ വ്യക്തമാക്കി. ഏതായാലും അപൂര്‍വ്വസംഭവമായത് കൊണ്ടുതന്നെ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തി

മത്സ്യത്തൊഴിലാളികളുടെ കയ്യില്‍ വമ്പന്‍ മീനുകള്‍ വന്നുവീഴുന്നത് അപൂര്‍വ്വകാഴ്ചയാണ്. എങ്കിലും ഇടയ്‌ക്കെങ്കിലും അങ്ങനെ സംഭവിക്കുമ്പോള്‍ അത് ഏറെ കൗതുകം പകരുന്ന കാഴ്ചയുമാണ്. സമാനമായൊരു സംഭവമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫ്‌ളോറിഡയിലെ ഒരു തീരത്തും നടന്നത്.

സാധാരണഗതിയില്‍ ഇടത്തരം മീനുകളും അല്‍പം വലിയ മീനുകളുമെല്ലാമാണ് ജെയ്‌സണ്‍ ബോയല്‍ എന്ന മീന്‍പിടുത്തക്കാരനും സംഘവും ഉന്നമിടാറ്. എന്നാല്‍ അന്ന് ജെയ്‌സണേയും കൂട്ടാളികളേയും ഞെട്ടിച്ചുകൊണ്ട് ഒരു വമ്പന്‍ മത്സ്യം കൂറ്റന്‍ ചൂണ്ടയില്‍ കുടുങ്ങി. ശരാശരി വലിപ്പമുള്ള ഒരു മനുഷ്യനേക്കാളൊക്കെ നീളവും തൂക്കവും വരുന്ന ഘടാഘടിയന്‍.

കരയിലെത്തിച്ച് തൂക്കിനോക്കിയപ്പോള്‍ നൂറ്റിയറുപത് കിലോയോളം തൂക്കമുണ്ട് മീനിന്. ഹമോര്‍ എന്ന ഇനത്തില്‍പ്പെടുന്ന മീനാണിതെന്ന് ജെയ്‌സണും സംഘവും തന്നെ വ്യക്തമാക്കി. ഏതായാലും അപൂര്‍വ്വസംഭവമായത് കൊണ്ടുതന്നെ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തി.

പരിശോധനയ്ക്ക് ശേഷം അവര്‍ വ്യക്തമാക്കിയത് മീനിന് ഏതാണ്ട് അമ്പത് വയസ് പ്രായം വരുമെന്നാണ്. വളരെ അപൂര്‍വ്വമായാണ് ഇത്രയും പ്രായവും വലിപ്പവുമുള്ള മീനുകളെ ലഭിക്കാറ് എന്നതിനാല്‍ തന്നെ അതിനെ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം. എന്തായാലും പ്രായം കൊണ്ടും തൂക്കം കൊണ്ടും വമ്പന്‍ മീന്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയലും ഇതിനോടകം താരമായിട്ടുണ്ട്.

click me!