എല്ലാം മറന്നുപോയി; എന്നിട്ടും അവനെ മാത്രം അവള്‍ വിട്ടുകളഞ്ഞില്ല...

Published : Mar 21, 2019, 05:01 PM IST
എല്ലാം മറന്നുപോയി; എന്നിട്ടും അവനെ മാത്രം അവള്‍ വിട്ടുകളഞ്ഞില്ല...

Synopsis

അസുഖം വന്ന് പെട്ടെന്ന് തളര്‍ന്നുപോയപ്പോള്‍ കൂടെ ആകെയുണ്ടായിരുന്നത് റിച്ചാര്‍ഡ് മാത്രമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏറെനാള്‍ ഗുരുതരമായിത്തന്നെ തുടര്‍ന്നു. പിന്നെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും തലച്ചോറിന്റെ ചില ഭാഗങ്ങള്‍ക്ക് സംഭവിച്ച പ്രശ്‌നം മൂലം കഴിഞ്ഞുപോയ കാലം അപ്പാടെ ജെസ്സി മറന്നുപോയിരുന്നു

പ്രണയം എല്ലാത്തിനും മുകളിലായിരിക്കുന്ന വികാരമാണെന്ന് നമ്മളൊക്കെ പറയാറില്ലേ? ഏത് പ്രതിസന്ധികളേയും വിഷമതകളേയുമെല്ലാം യഥാര്‍ത്ഥ പ്രണയം അനായാസം മറികടക്കുമെന്നും കേട്ടിട്ടില്ലേ?  അത് സത്യമാണെന്ന് ഉറപ്പിക്കുകയാണ് ജെസ്സി ഷെര്‍മ്മന്‍ എന്ന ഇരുപത്തിമൂന്നുകാരിയുടെ പ്രണയം. 

ഇംഗ്ലണ്ടുകാരായ ജെസ്സിയും റിച്ചാര്‍ഡ് ബിഷപ്പും 2015 മുതല്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരും കൂട്ടുകാരുമെല്ലാം അറിഞ്ഞ്, എല്ലാവര്‍ക്കും സമ്മതമായിരുന്നു ആ ബന്ധം. പ്രണയത്തിലായി വൈകാതെ തന്നെ ഇരുവരും പലയിടങ്ങളിലേക്കും ഒരുമിച്ച് യാത്ര തുടങ്ങി. 

ഈ യാത്രകള്‍ക്കിടെയാണ് ഒരുദിവസം അപ്രതീക്ഷിതമായി ജെസ്സി അസുഖബാധിതയായത്. മുമ്പെപ്പോഴോ വന്നുപോയ ചുഴലിദീനത്തിന്റെ അവശേഷിപ്പാണ് ജെസ്സിയുടെ ജീവിതമാകെ മാറ്റിമറിച്ചത്. അസുഖം വന്ന് പെട്ടെന്ന് തളര്‍ന്നുപോയപ്പോള്‍ കൂടെ ആകെയുണ്ടായിരുന്നത് റിച്ചാര്‍ഡ് മാത്രമായിരുന്നു. 

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏറെനാള്‍ ഗുരുതരമായിത്തന്നെ തുടര്‍ന്നു. പിന്നെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും തലച്ചോറിന്റെ ചില ഭാഗങ്ങള്‍ക്ക് സംഭവിച്ച പ്രശ്‌നം മൂലം കഴിഞ്ഞുപോയ കാലം അപ്പാടെ ജെസ്സി മറന്നുപോയിരുന്നു. 

വീട്ടുകാരെയും റിച്ചാര്‍ഡിനെയും എന്തിനധികം സ്വന്തം പേര് പോലും ജെസ്സി മറന്നുപോയി. ഉണര്‍ന്നപ്പോള്‍ ചുറ്റുമുള്ളവരെല്ലാം അപരിചിതര്‍. ആ അവസ്ഥയോട് സമരസപ്പെടാന്‍ വീണ്ടുമെടുത്തു ഏറെ നാള്‍. ഇതിനോടകം തന്നെ നിരവധി തവണ റിച്ചാര്‍ഡിനെ കണ്ടു. മുമ്പ് തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് അറിയാതെ തന്നെ വീണ്ടും ജെസ്സി അയാളെ പ്രണയിച്ചുതുടങ്ങി. 

പതിയെ മറന്നുതുടങ്ങിയ ജീവിതത്തിലെ ഓരോ ഏടുകളും റിച്ചാര്‍ഡിന്റെ സഹായത്തോടെ ജെസ്സി ഒരു കഥയെന്ന പോലെ വായിച്ചു, അനുഭവിച്ചു. അസുഖം വന്ന് ഓര്‍മ്മകളെല്ലാം നഷ്ടപ്പെടുമ്പോള്‍ ജെസ്സിക്ക് പത്തൊമ്പത് വയസ്സായിരുന്നു. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസ്സായി. തലച്ചോറിന് സംഭവിച്ച പ്രശ്‌നത്തില്‍ നിന്ന് ഇപ്പോഴും ജെസ്സി മോചിതയായിട്ടില്ല. എങ്കിലും മാതാപിതാക്കള്‍ക്കും റിച്ചാര്‍ഡിനുമൊപ്പം സന്തോഷവതിയായി കഴിയുകയാണ് ഇവര്‍. 

തന്നെപ്പോലെ അസുഖബാധിതരായി, ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രചോദനം നല്‍കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ജെസ്സിയുടെ ഇപ്പോഴത്തെ ആഗ്രഹം. പോയതിനെക്കുറിച്ചോര്‍ത്ത് ദുഖിക്കാതെ മുന്നോട്ടുള്ള ജീവിതത്തെ സധൈര്യം നേരിടാനാണ് ഇത്തരത്തിലുള്ള ആളുകള്‍ക്ക് കരുത്ത് പകരേണ്ടതെന്നും, തനിക്ക് ആ കരുത്ത് പകര്‍ന്ന് നല്‍കിയത് തന്റെ പ്രണയമാണെന്നും ജെസ്സി സാക്ഷ്യപ്പെടുത്തുന്നു.
 

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 7 ഫേസ് മസാജ് വിദ്യകൾ
തടിച്ച കവിളുകളും ഡബിൾ ചിന്നും ഉണ്ടോ? മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 6 എളുപ്പവഴികൾ