ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം തരുന്ന ഘടകം എന്താണെന്നറിയാമോ?

By Web TeamFirst Published May 31, 2019, 7:33 PM IST
Highlights

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ച ഒരു പഠനമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ പഠനങ്ങളിലൊന്നാണത്രേ ഇത്. അതായത് 80 വര്‍ഷങ്ങളാണ് ഈ പഠനത്തിനായി ഇവര്‍ ചിലവഴിച്ചത്

വിദ്യാഭ്യാസം, ജോലി, പണം, പ്രശസ്തി... ഇങ്ങനെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്ന ഘടകങ്ങള്‍ നിരവധിയാണ്. അല്ലേ? എന്നാല്‍ ഇവയില്‍ ഏതാണ് ഒരു മനുഷ്യന് ഏറ്റവുമധികം സന്തോഷം ഉറപ്പുതരുന്നത് എന്നറിയാമോ?

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ച ഒരു പഠനമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ പഠനങ്ങളിലൊന്നാണത്രേ ഇത്. അതായത് 80 വര്‍ഷങ്ങളാണ് ഈ പഠനത്തിനായി ഇവര്‍ ചിലവഴിച്ചത്. 

പഠനത്തില്‍ പങ്കെടുത്ത പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്. തൊണ്ണൂറുകളില്‍ പ്രായമെത്തിനില്‍ക്കുന്ന ഇവരുടെ ജീവിതം തന്നെയാണ് പഠനത്തിന്റെ നിര്‍ണ്ണായകമായ കണ്ടെത്തലിന് സഹായകമായത്. ആദ്യം സൂചിപ്പിച്ച പോലെ ജോലിയും പണവും പ്രശസ്തിയുമെല്ലാം മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കിലും ആത്യന്തികമായി നമ്മള്‍ സന്തോഷം അനുഭവിക്കുന്നത് ഇതിലൂടെയൊന്നുമല്ലെന്നാണ് പഠനം പറയുന്നത്. 

നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യരുമായി നമ്മള്‍ സൂക്ഷിക്കുന്ന ബന്ധങ്ങളുടെ ആരോഗ്യമാണത്രേ ജീവിതത്തിലെ സന്തോഷം നിര്‍ണ്ണയിക്കുന്നത്. ബന്ധങ്ങള്‍ എത്രമാത്രം സമാധാനപരവും മനോഹരവുമാണോ അത്രമാത്രം സന്തോഷം നമ്മള്‍ ജീവിത്തതില്‍ നേടുമത്രേ. ഇത്തരത്തിലുള്ള സന്തോഷം മാത്രമേ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കൂവെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. 

മനുഷ്യരുടെ ശാരീരികാരോഗ്യത്തിന്റെ രഹസ്യവും ഒരു വലിയ പരിധി വരെ ബന്ധങ്ങളാണെന്നും പഠനം പറയുന്നു. സ്വന്തം വിഷമങ്ങളും ദുഖങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും അത് പരിഹരിക്കാനും കൂടെ ആളുകളുള്ളവരാണ് ഏറ്റവും സന്തോഷം അനുഭവിക്കുന്നത്, ഏകാന്തമായ ജീവിതം വളരെയധികം അപകടം പിടിച്ച ഒന്നാണ്. മദ്യത്തെക്കാളും മറ്റ് ലഹരിപദാര്‍ത്ഥങ്ങളെക്കാളുമൊക്കെ ദോഷകരമായി ഇത് മനുഷ്യരെ ബാധിക്കുന്നുണ്ട്. നമ്മളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ആളെ പങ്കാളിയായി തെരഞ്ഞെടുത്ത് ജീവിക്കുന്നത് തന്നെയാണ് ഏറ്റവും ആരോഗ്യകരമായിട്ടുള്ള ജീവിതരീതി- പഠനം പറഞ്ഞുവയ്ക്കുന്നു.

click me!