
മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ അടുത്തുകൂടെ പോകുന്നവര്‍ ക്യാമറ കണ്ണുകളിൽ വന്നുപെടുന്നതും ചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതുമൊക്കെ നാം കാണുന്ന സ്ഥിരം കാഴ്ചകളാണ്. എന്നാല്‍ അതിലും വേറിട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലൈവ് റിപ്പോർട്ടിങ്ങിനിടെ നടന്ന മോഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറാലായിരിക്കുന്നത്. അമേരിക്കയിലെ ഇക്വഡേറിലാണ് സംഭവം. ഗ്വയാക്വിൽ നഗരത്തിലെ എസ്റ്റാഡിയോ സ്മാരകത്തിന് പുറത്ത് നിന്ന് ഡയറക്റ്റിവി സ്പോർട്സിനായി ഡീഗോ ഓർഡിനോള റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഇതിനിടെയാണ് ഒരാൾ തോക്കുമായി കടന്നുവരുന്നത്. തോക്ക് ചൂണ്ടി റിപ്പോർട്ടറുടെയും ക്യാമറമാന്റെയും മൊബൈൽ ഫോണുകളും പഴ്സുകളും കവരുകയായിരുന്നു. മോഷ്ടാവ് രക്ഷപ്പെട്ടപ്പോൾ കാമറയുമായി വാർത്ത സംഘം പിന്നാലെ പോവുകയായിരുന്നു. കൂട്ടുകാരനൊപ്പം ഇയാൾ ബൈക്കിൽ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.
ഡീഗോ ഓർഡിനോളയാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതുവരെ 3.8 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. മോഷ്ടാവിനെ ഉടൻ തന്നെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ടെന്ന് ഓർഡിനോള പറഞ്ഞു. വീഡിയോയ്ക്ക് താഴേ നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്. ഇത് ഞെട്ടിക്കുന്നതും, അപലപനീയവുമാണെന്നാണ് ചിലർ കമന്റ് ചെയ്തതു.