അമ്മമാരുടെ ശ്രദ്ധയ്ക്ക്; കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ...?

By Web TeamFirst Published Aug 25, 2019, 5:07 PM IST
Highlights

എല്ലാത്തരം ഭക്ഷണവും കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഭക്ഷണകാര്യത്തിലെ കുട്ടികളുടെ ദുര്‍വാശിക്ക് കൂട്ടുനില്‍ക്കാതിരിക്കുക. കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുക.കുട്ടികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതിലും കൂടുതല്‍ ഭക്ഷണം അവരെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്‌.ഒരുപാടു ഭക്ഷണം ഒറ്റയടിക്കു കുട്ടികള്‍ കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണെന്ന് മനസ്സിലാക്കുക.

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് നൽകുന്നത് ഒഴിവാക്കുക പകരം പോഷക​ഗുണമുള്ളതും ആവശ്യമുള്ളതുമായ ഭക്ഷണങ്ങൾ മാത്രം നൽകുക. ശാരീരികവളര്‍ച്ചയോടൊപ്പം തലച്ചോറും വികസിക്കുന്ന ഈ കാലഘട്ടത്തില്‍ ബുദ്ധിവളര്‍ച്ചയ്ക്കു സഹായിക്കുന്ന കളികളും മറ്റും മാത്രം പോരാ, നല്ല ഭക്ഷണവും അത്യാവശ്യമാണ്. കുട്ടികള്‍ക്ക് ദിവസം 200 - 300 ഗ്രാം പഴവര്‍ഗങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴങ്ങളും സാലഡ് രൂപത്തില്‍ ആകര്‍ഷമാക്കി നല്‍കാം. സൂപ്പും നല്ലതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്....

 കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അമ്മമാരുടെ പ്രത്യേകം ശ്രദ്ധ എപ്പോഴും ഉണ്ടാകണം.ഭക്ഷണം തയാറാക്കുമ്പോഴും വിഭവങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധയും പരിഗണനയും ഉണ്ടാകണം.

രണ്ട്...

കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ്‌ കഴിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുക. ഭക്ഷണകാര്യത്തില്‍ അച്ഛനുമമ്മയും കുട്ടികളുടെ റോള്‍മോഡല്‍ ആവുക.

മൂന്ന്...

എല്ലാത്തരം ഭക്ഷണവും കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഭക്ഷണകാര്യത്തിലെ കുട്ടികളുടെ ദുര്‍വാശിക്ക് കൂട്ടുനില്‍ക്കാതിരിക്കുക. കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുക.

നാല്....

കുട്ടികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതിലും കൂടുതല്‍ ഭക്ഷണം അവരെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്‌.ഒരുപാടു ഭക്ഷണം ഒറ്റയടിക്കു കുട്ടികള്‍ കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണെന്ന് മനസ്സിലാക്കുക.ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്‌.

അഞ്ച്...

കുട്ടിക്ക് ഭക്ഷണത്തോട് വിരക്‌തിയുണ്ടാകാനുള്ള കാരണം കണ്ടുപിടിക്കുക.കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം. ഭക്ഷണത്തില്‍ എല്ലായ്‌പ്പോഴും വൈവിധ്യം വരുത്താന്‍ ശ്രദ്ധിക്കുക.

ആറ്....

നടന്നും നിന്നും ഭക്ഷണം കഴിക്കുന്ന രീതിയെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ആഹാരം കൂടുതല്‍ ആസ്വാദ്യകരവും ആകര്‍ഷകവുമാക്കാന്‍ ശ്രദ്ധിക്കുക. ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ വ്യത്യസ്‌തമായ ആകൃതിയിലും അളവിലും ഉണ്ടാക്കി നോക്കുക. പുട്ടുണ്ടാക്കുമ്പോള്‍ തേങ്ങാ ചിരവിയിട്ടതിന്റെ കൂടെയോ പകരമോ കാരറ്റ്‌ കൊത്തിയരിഞ്ഞതോ ചീര കൊത്തിയരിഞ്ഞതോ ഒക്കെ ചേര്‍ക്കാവുന്നതാണ്‌. 

ഏഴ്...

ചൂട്‌ നിലനിര്‍ത്താന്‍ കഴിവുള്ളതരം ലഞ്ച്‌ ബോക്‌സുകളില്‍ ഭക്ഷണം കൊടുത്തയയ്‌ക്കാന്‍ ശ്രദ്ധിക്കുക. തണുത്തു മരവിച്ച ഉച്ചഭക്ഷണം കുട്ടികളില്‍ വിരക്‌തി ഉണ്ടാക്കും. ഭക്ഷണത്തോടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം, ചുക്കുവെള്ളം, ജീരകവെള്ളം, ദാഹശമനി ഇവയിലേതെങ്കിലും വൃത്തിയായി കഴുകിയ കുപ്പിയില്‍ കൊടുത്തയയ്‌ക്കുക. മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, വയറിളക്കം മുതലായ രോഗങ്ങളുടെ പ്രധാന കാരണം മലിനജലമാണെന്നറിയുക.

എട്ട്...

പപ്പടം, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍ എന്നിവയുടെയൊക്കെ ഉപയോഗം വളരെയധികം പരിമിതപ്പെടുത്തുക.കുട്ടികള്‍ക്കു ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ ഏതൊരു ഭക്ഷ്യവസ്‌തുവിന്റെയും കൂടെ പഞ്ചസാര, ജാം, സോസ്‌, കെച്ച്‌അപ്പ്‌ മുതലായവ കൊടുക്കുന്ന ശീലം ചില അമ്മമാര്‍ക്കെങ്കിലും ഉണ്ട്‌. 

click me!